കാട്ടിലൂടെ മഴ നനഞ്ഞ് ‘മലബാറിന്റെ ഗവിയിലേക്ക്

Mail This Article

പെരുമയുടെ നാടാണ് നിലമ്പൂർ. കോവിലകവും തേക്ക് മ്യൂസിയവും നാട്ടുവിശേഷങ്ങളുമുള്ള മണ്ണ്. കാഴ്ചകൾ മാത്രമല്ല ചില പുതിയ കാഴ്ചകളിലേക്കുള്ള വഴികളും നിലമ്പൂരിന്റെ അരികുപറ്റി ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെയൊരു വഴിയിലൂടെ ഒരു യാത്ര പോയാലോ? മലയോര കാഴ്ചകൾ കണ്ട്, നല്ല ചൂട് കട്ടൻചായ കുടിച്ച്, വെള്ളച്ചാട്ടങ്ങളിൽ എത്തിനോക്കി ഒരു യാത്ര. അതും മഴനിഴലിലേറി പ്രണയത്തിന്റെ തീരാക്കയങ്ങളിലേക്ക് മറഞ്ഞു പോയ മൊയ്തീന്റെ നാട്ടിലേക്ക്...മുക്കത്തേക്ക്. നിലമ്പൂരിൽ നിന്ന് മുക്കത്തേക്കുള്ള ഡ്രൈവിനിപ്പോ എന്താ പുതുമെയെന്നാവും ആലോചിക്കുന്നത്? എന്നാൽ ഈ യാത്രയ്ക്കൊരു പുതുമയുണ്ട്.
നിലമ്പൂരിൽ നിന്ന് മുക്കത്തേക്കുള്ള പ്രധാന പാതയിലൂടെയല്ല നമ്മുടെ സഞ്ചാരം. പകരം അധികം തിരക്കുകളില്ലാത്ത, മലയോരത്തിന്റെ ഗ്രാമക്കാഴ്ചകളിലൂടെയാണ്. കക്കാടംപൊയിലിന്റെ കോടമഞ്ഞ് നുകർന്ന്, തെളിമയുള്ള കാഴ്ചകൾ ക്യാമറയിൽ പകർത്തി, കാടിന്റെ ആരവം കേട്ട് കുന്നിൻചരിവുകളിലൂടെ മഴ നനഞ്ഞ് ഒരു ഡ്രൈവ്
അകമ്പാടം വഴി ആരംഭം

നിലമ്പൂർ ടൗണിൽ നിന്ന് കാഴ്ചകളിലൂടെ ചന്തക്കുന്ന് അങ്ങാടിയിലെത്തി. യാത്ര തുടങ്ങുന്നതിനു മുൻപ്, പ്രത്യേകിച്ച് ഒരു ഡ്രൈവ് ആരംഭിക്കുന്നതിനു മുൻപ് ഒന്നു റീച്ചാർജ് ചെയ്യുന്നത് നല്ലതാണ്. സുലൈമാനിയാണെങ്കിൽ ബെസ്റ്റ്. റീചാർജിന്റെ കരുത്തിൽ വണ്ടി അകമ്പാടം റോഡിലേക്കു കയറി. സഞ്ചാരികൾക്ക് പരിചിതമായ ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയും ഇതു തന്നെ. ആരംഭത്തിൽ തന്നെ ഒരു പാലം. ചാലിയാർ താഴെ കലങ്ങി മറിഞ്ഞൊഴുകുന്നു.‘മലേൽ മഴ പെയ്തിട്ട്ണ്ട്. അതാ വെള്ളത്തിന് ഇത്ര കലക്കം’’ – നാട്ടുകാരൻ പറഞ്ഞു. പുഴ തുടങ്ങുന്ന മലയിൽ നന്നായി മഴ പെയ്യുമ്പോഴാണത്രെ വെള്ളം കലങ്ങി മറിയുന്നത്. ആകാശത്ത് കാർമേഘക്കീറ് തലപൊക്കുന്നുണ്ട്. അതിങ്ങെത്തുന്നതിനു മുൻപ് നമുക്ക് കാട്ടുപാതയിലെ കാഴ്ചകളിലേക്കെത്താനുള്ളതാണ്. മയിലാടിപ്പാലവും കടന്ന് വണ്ടി കുതിച്ചു.
ദൂരെ കൃഷിക്കായി ഒരുക്കിയിട്ട കുന്നിൻചെരിവുകൾ കാണാം. അതിനോടു ചേർന്നുള്ള കവുങ്ങിൻ തോട്ടങ്ങൾ. അവിടെ നിന്നു റോഡ് വരെ പരന്നു കിടക്കുന്ന വയലുകൾ. അക്കരെയുള്ള വീടുകളിൽ നിന്ന് റോഡിലേക്ക് എളുപ്പമെത്താൻ നടവരമ്പുകളുണ്ട്. നടവരമ്പിന്റെ അറ്റത്ത് സ്ഥിരം യാത്രക്കാരന്റെ തലവെട്ടം കണ്ടാൽ മതി, ബസ്സിവിടെ കാത്തു നിൽക്കും. നഗരത്തിനറിയാത്ത നാട്ടിൻപുറത്തിന്റെ ശീലങ്ങൾ.

കാഴ്ചകളിലൂടെ മുന്നോട്ടു നീങ്ങി. വീതിയുള്ള റോഡാണ്. വലിയ തിരക്കില്ല. ഇടയ്ക്കിടെ കടന്നുപോകുന്ന വാഹനങ്ങളും സ്കൂളിലേക്ക് നടന്നുപോകുന്ന കുട്ടികളും. ഇരുവശത്തും മഹാഗണിക്കാട്. പച്ചപ്പു നിറഞ്ഞ് റോഡിലേക്ക് തണൽ വിരിക്കുന്നു. വാഹനമൊതുക്കി ഇറങ്ങിച്ചെല്ലാൻ മോഹിപ്പിക്കുന്ന കാഴ്ചകൾ. വിദേശരാജ്യങ്ങളിൽ മാത്രമല്ല, നമ്മുടെ നാട്ടിലും ‘വുഡ് പാർക്കു’കളുണ്ട്. മഹാഗണി തണലിനിടയിലൂടെ കാർമേഘക്കീറ് നോക്കി ചിരിക്കുന്നു. വിടാൻ ഭാവമില്ലാതെ ഇങ്ങനെ പിന്തുടരുന്നത് എന്തിനാണാവോ?
കുന്നിൻചെരിവുകൾ റോഡുകളായി

മുന്നോട്ടു പോകുന്നതിനനുസരിച്ച് ഇരുവശത്തുമുള്ള കൃഷിയിടങ്ങളുടെ വ്യാപ്തി കൂടിക്കൂടി വന്നു. നിലമ്പൂരിനെ മുഴുവൻ കണ്ണുകളിൽ ഒപ്പിയെടുക്കാൻ പാകത്തിലുള്ള കുരിശുപാറയും കഴിഞ്ഞു പോകുമ്പോൾ ഇടയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന പുൽമേടുകൾ കാണാം. അവിടെ മേയുന്ന ആട്ടിൻ പറ്റങ്ങൾ. കണ്ണിനെ മയക്കുന്ന പച്ചപ്പിലൂടെ ചെന്നെത്തുന്നത് മൂലേപ്പാടം പാലത്തിലേക്കാണ്. മലനിരകളെ തഴുകി, വെള്ളാരം കല്ലുകളിൽ തട്ടിച്ചിതറി വളകളണിഞ്ഞ സുന്ദരിയെ പോലെ ഒഴുകിവരുന്ന കുറുവൻ പുഴ. അതിനു കുറുകെയാണ് പാലം. റോഡരികിൽ വാഹനമൊതുക്കി പാലത്തിന്റെ കാഴ്ചകളിലേക്ക് നടന്നു. സൂക്ഷിച്ചിറങ്ങിയാൽ പുഴക്കരയിലെത്താം. തണുത്തുറഞ്ഞ വെള്ളം കൊണ്ട് മുഖം കഴുകാം.
പരൽമീനുകൾ പായുന്ന തെളിനീരാണ്. അതിലേക്കു ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന മരങ്ങൾ. രണ്ടു നാടുകളുടെ ഒരുപാടു കാലത്തെ കാത്തിരിപ്പാണ് ഈ പാലം. ഇതു വരുന്നതിനു മുൻപ് നിലമ്പൂരിൽ നിന്ന് കക്കാടംപൊയിലിലേക്ക് പോകുക അത്രയെളുപ്പമായിരുന്നില്ല. ഒരുപാട് ചുറ്റിവളഞ്ഞു വേണം പോകാൻ. പുഴ മറികടന്നും പോകാം. പക്ഷേ അതപകടമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. പാലം വന്നതോടെ കാട്ടുപാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. കാഴ്ചകൾ കയ്യെത്താവുന്ന ദൂരത്തിലെത്തി. ‘പന്തീരായിരം’ എന്ന് ചുരുക്കിവിളിക്കുന്ന പന്തീരായിരം ഏക്കർ വനം വഴിയാണ് ഇപ്പോഴത്തെ സഞ്ചാരങ്ങൾ.
മൂലേപാടം പാലത്തിന്റെ കഥകളിലൂടെ, കുറുവൻ പുഴയുടെ പാട്ട് കേട്ട് ഇത്തിരി ദൂരം ചെന്നപ്പോഴേക്കും റോഡിനൊരു ഭാവമാറ്റം. വീതി കുറഞ്ഞു ചെറുതായി. കുത്തനെയുള്ള കയറ്റങ്ങൾ. ഇരുവശത്തും പച്ചപ്പിന്റെ കട്ടിയേറിയ കാഴ്ചകൾ. ഇടയ്ക്ക് നിഴലിൽ നിന്ന് പുറത്തെത്തിയ കാർമേഘക്കീറ് ചെറുതായി പുഞ്ചിരിച്ചു. കാറിന്റെ ചില്ലിലേക്ക് ഒരു തുള്ളി വീണു ചിതറി. കുന്നിൻ മുകളിലേക്കു ഗിയർ മാറ്റിയപ്പോഴേക്കും മെല്ലേ മഴ ചാറിത്തുടങ്ങി.
കാടിന്റെ പാട്ട് കേട്ട്
കയറ്റം കയറിച്ചെല്ലാൻ തുടങ്ങിയപ്പോൾ പച്ചപ്പിന്റെ ആഴത്തിലുള്ള ചരിവുകൾ പ്രത്യക്ഷമായി. ഇരുവശത്തും നിബിഡമായ വനം. ഇടയ്ക്ക് അഗാധമായ താഴ്ചകൾ. ചാറ്റൽ മഴയുടെ നനവ് കൂടിയായപ്പോൾ പച്ചപ്പിനൊക്കെ കൂടുതൽ തെളിവ് വന്നു. പകലിലും ഇരുട്ടിന്റെ പുതപ്പു മൂടുന്ന വഴിയിലൂടെ മഴ നനഞ്ഞ് കുന്നുകൾ കയറി നിലമ്പൂരിന്റെ അതിരുകളിൽ നിന്ന് കക്കാടംപൊയിലിന്റെ തണുപ്പിലേക്കെത്തി.
ഡ്രൈവിങ് സൂക്ഷിച്ചുവേണം. വീതി കുറഞ്ഞ റോഡ് മാത്രമല്ല, കുത്തനെയുള്ള ‘എസ്’ വളവുകളാണ്. മറുവശത്ത് നിന്ന് വരുന്ന വാഹനങ്ങൾ കാണാന്‍ സാധിക്കില്ല. കാടിന്റെയും മഴയുടെയും ശബ്ദങ്ങൾ ലയിച്ച് വന്യമായ ഒരു സംഗീതം നിറഞ്ഞു. മലനിരകളെ തട്ടി കോടമഞ്ഞ് ഒഴുകി വരുന്നുണ്ട്. അതിൽ മുഖം കഴുകാനൊരു മോഹം. മഴ നനഞ്ഞ മണ്ണിന്റെ ഗന്ധം ആസ്വദിച്ച് എസ് വളവുകളിലൊന്നിന്റെ മുകളിൽ വാഹനമൊതുക്കി. ദൂരെയുള്ള മലനിരകൾ കാണാൻ പാകത്തിൽ ഒരു മൺതിട്ട.
തണുപ്പേറിയ കാറ്റിൽ മരങ്ങൾ ഇളകിയാടി. മഞ്ഞിന്റെ നേർത്ത നനവുകൾ മുഖത്ത് ചുംബിച്ചു. കണ്ണുകൾ താനെ അടഞ്ഞുപോകുന്ന പോലെ. ‘മലബാറിന്റെ ഗവി’ എന്ന് കക്കാടംപൊയിലിനെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല.താഴ്‌വരയിലേക്കു കണ്ണു തുറന്നപ്പോഴാണ് ശ്രദ്ധിച്ചത്. അപ്പുറത്തെ മലയിൽ നിന്ന് കാടിലേക്ക് കുതിച്ചൊഴുകുന്ന ഒരു വെള്ളച്ചാട്ടം. കാതോർത്താൽ ആ ഇരമ്പൽ കേൾക്കാം.

കാഴ്ചകളിൽ മനംമയങ്ങി നിൽക്കുന്നത് കാർമേഘത്തിന് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. ചാറൽ മഴയ്ക്ക് ശക്തിയേറി. കാറ്റിനു വേഗവും. വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ച പകർത്തി, ഒരു ദീർഘശ്വാസത്തിലൂടെ കോടമഞ്ഞിനെ ഉള്ളിലേക്കെടുത്ത് അടുത്ത കയറ്റത്തിലേക്ക് ഗിയറിട്ടു. റോഡിലേക്ക് വളർന്ന ഇടതൂർന്ന കാട്ടുചെടികൾ തൊട്ടും തലോടിയും നീങ്ങി. കുറച്ചു ദൂരം ചെന്നപ്പോഴാണ് അകലെ തലയുയർത്തി നിൽക്കുന്ന മറ്റൊരു കുന്ന് ശ്രദ്ധയിൽപെട്ടത്. എല്ലാവരും ഇടതൂർന്ന മരങ്ങളും കാഴ്ചയുമൊരുക്കുമ്പോൾ ഇവൻ മാത്രം ‘മൊട്ടത്തല’ പോലെ. മരങ്ങളില്ല. പകരം ചെറിയ പച്ചപ്പും പാറയുടെ കറുപ്പും. ദൂരെ നിന്നു നോക്കുമ്പോൾ പായൽ പടർന്ന പോലെ. പക്ഷെ, മറ്റാർക്കുമില്ലാത്ത ഒരാകർഷണം ഇവനുണ്ട്; വെള്ളിക്കൊലുസ്സ് പോലെയൊരു വെള്ളച്ചാട്ടം. പച്ചപ്പിനിടയിലൂടെ പതഞ്ഞൊഴുകുന്ന ആ വെള്ളച്ചാട്ടത്തിന്റെ കാഴ്ച മനോഹരമാണ്.
റോഡരികിലെ തട്ടുകട
ആകാശം മുട്ടിനിൽക്കുന്ന മലകളും പച്ച പുതച്ച പുൽമേടുകളും കടന്ന് ചെന്നെത്തിയത് ഒരു കവലയിലാണ്. വെണ്ടേക്കുംപൊയിൽ. മലയോരങ്ങളിലെ ജീവിതത്തിന്റെ വൈകുന്നേരങ്ങളിലെ ഹരം മുഴുവൻ ഇങ്ങനെയുള്ള ചെറുകവലകളിലാണ്. കൂട്ടുകൂടിയിരുന്നുള്ള ‘വർത്താനങ്ങളും’ തമാശകളും ആകുലതകളുമെല്ലാം ഇവിടെയുള്ള മക്കാനികളിൽ പെയ്തിറങ്ങുന്നു.
റോഡ് രണ്ടായി പിരിയുന്നത് ഈ കവലയിൽ വച്ചാണ്. ഇടത്തോട്ടു പോയാൽ ലോവർ കക്കാട്, കള്ളിപ്പാറ എന്നീ നാട്ടുവഴികളിലൂടെ മുക്കം. വലത്തോട്ടു പോയാൽ സാഹസിക സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോഴിപ്പാറ വെള്ളച്ചാട്ടം. നേർത്ത സംഗീതത്തിന്റെ പശ്ചാത്തലത്തിൽ, കോടയും പച്ചപ്പുമൊരുക്കുന്ന കാഴ്ചകളിലൂടെ മുക്കത്തെത്തുകയാണ് ലക്ഷ്യമെന്ന് നേരത്തെ ഉറപ്പിച്ചതിനാൽ ഇടത്തോട്ടു തിരിഞ്ഞു. പക്ഷേ, മനസ്സിൽ കോഴിപ്പാറയിലേക്കുള്ള വഴി കുറിച്ചിട്ടു. ഒരുങ്ങി ഒരു വരവു വരണം.
വെണ്ടേക്കുംപൊയിൽ കടന്ന് ലോവർ കക്കാടിന്റെ വഴികളിലൂടെ ചെല്ലുമ്പോഴേക്ക് കയറ്റങ്ങൾ ഇറക്കങ്ങൾക്ക് വഴിമാറി. വീടുകളുടെ എണ്ണം ഏറി വന്നു. ഇത്തിരി മുന്നോട്ടു പോയപ്പോഴാണ് റോഡരികിലെ തട്ടുകട ശ്രദ്ധിച്ചത്. കുന്നിനെ കീറിമുറിച്ചു പോകുന്ന അരുവിയോട് ചേർന്നാണ് തട്ടുകട. അടുത്തെത്തിയപ്പോഴേക്കും നല്ല ഗ്രീൻപീസിന്റെയും ഓംലറ്റിന്റെയും മനംമയക്കുന്ന ഗന്ധം. കുന്നുകയറി, ഗിയർ മാറ്റി ക്ഷീണിച്ച ശരീരത്തിന് അടുത്ത റീചാർജ്. ദീർഘദൂര സഞ്ചാരങ്ങളിൽ ഇങ്ങനെയുള്ള റീചാർജിങ് പോയിന്റുകൾ ആവശ്യമാണ്. മനസ്സിനെയും ശരീരത്തിനെയും കൂടുതൽ കാഴ്ചകളിലേക്ക് ഒരുക്കാൻ ഇത് സഹായിക്കും. നാട്ടുരുചിയറിഞ്ഞ്, കുട്ടിക്കാലത്തിന്റെ നൊസ്റ്റാൾജിയ നിറഞ്ഞ ‘തേനുണ്ട’യുടെ പായ്ക്കറ്റും വാങ്ങി മുക്കത്തേക്ക് തിരിച്ചു. അപ്പോഴും മറ്റൊരാൾ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു – ആകാശത്തെ കാർമേഘക്കീറ്.
കള്ളിപ്പാറയും ആനയാംകുന്നും കഴിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴയുടെ കൈപിടിച്ച് മുക്കത്തെ മണ്ണിലെത്തി. ‘നാടൻ പ്രേമ’ത്തിലെ പുഴക്കര കടന്ന് അങ്ങാടിയിലെ ആൽമരം ചുറ്റിയപ്പോഴേക്കും കാർമേഘക്കീറ് ഇടതോരാതെ പെയ്യാൻ തുടങ്ങി. വൈപ്പറിന്റെ മുഴുവൻ ശക്തിയെടുത്തിട്ടും മുന്നിലുള്ളതൊന്നും കാണാൻ വയ്യ. പുഴയുടെ അരിക് ചേർത്ത് വാഹനമൊതുക്കിയപ്പോഴാണ് ഓർത്തത് – മൊയ്തീന്റെയും കാഞ്ചനമാലയുടെയും മുക്കമാണ്. പ്രണയത്തിന്റെ തോരാമഴ പെയ്ത മണ്ണ്. അപ്പോൾ കാർമേഘക്കീറ് പിന്തുടരുകയായിരുന്നില്ല. വഴി കാട്ടുകയായിരുന്നു. പുഴയുടെ കാണാക്കയങ്ങളിലേക്ക് പ്രിയപ്പെട്ടവൻ പോയ്മറഞ്ഞിട്ടും സ്നേഹത്തിന്റെ മഴ നനയുന്നവളുടെ നാട്ടിലേക്ക് വരുമ്പോൾ വെറെയാരാണ് വഴി കാട്ടുക?
കുറുവൻ പുഴ
ചാലിയാർ പുഴയുടെ കൈവഴികളിലൊന്നാണ് കുറുവൻ പുഴ. വെള്ളരിമലയിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ പുഴയിൽ ഒരുപാട് ചെറിയ വെള്ളച്ചാട്ടങ്ങളുണ്ട്. കാടിന്റെ ഓരം ചേർന്നൊഴുകുന്ന ഈ പുഴയ്ക്കു കുറുകെയാണ് മൂലേപ്പാടം പാലം.

ആഢ്യൻപാറ
നിലമ്പൂരിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് ആഢ്യൻപാറ. പട്ടണത്തിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് 300 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം. മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുമ്പോൾ സൂക്ഷിക്കണം.
കനോലി പ്ലോട്ട്
ലോകത്തിലെ ആദ്യത്തെ മനുഷ്യനിർമിത തേക്കുതോട്ടമാണ് നിലമ്പൂരിലെ കനോലി പ്ലോട്ട്. ലോകപൈതൃക പട്ടികയിലിടം പിടിച്ച ഈ തേക്കുതോട്ടം നിലമ്പൂർ തേക്കു തോട്ടം എന്ന പേരിലും അറിയപ്പെടുന്നു. 5.675 ഏക്കർ വിസ്തൃതിയുള്ള ഈ തോട്ടം 1846ലാണ് നട്ടുപിടിപ്പിച്ചത്. നിലമ്പൂരിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത കാഴ്ച.
നിലമ്പൂരിൽ നിന്ന് ഡ്രൈവ് ആരംഭിക്കുന്നതാണ് നല്ലത്. അകമ്പാടത്തു നിന്ന് മൂലേപാടം – വെണ്ടേക്കുംപൊയിൽ – കക്കാടംപൊയിൽ – കൂടരഞ്ഞി വഴി മുക്കത്തെത്താം. 45 കിലോമീറ്ററാണ് ദൂരം. ഇടയ്ക്കുള്ളത് ചെറിയ കവലകളാണ്. പെട്രോൾ പമ്പുകളില്ല. അതുകൊണ്ടു യാത്ര പുറപ്പെടുമ്പോൾ തന്നെ ആവശ്യത്തിനു ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തണം. കോടമഞ്ഞ് മൂടുന്ന വഴിയാണ്. മഴ കനത്താൽ യാത്രയിൽ ഇടവേളയെടുക്കാം. വീതി കുറഞ്ഞ റോഡായതുകൊണ്ട് ഇടയ്ക്ക് വാഹനം നിർത്തുമ്പോൾ ശ്രദ്ധിക്കണം.