തുഷാരഗിരി ഉൾവനത്തിലെ കാഴ്ചകൾ കാണാം; മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ പ്രവേശനം ഇന്നു മുതൽ...
Mail This Article
കോടഞ്ചേരി∙ മഴ മാറിയ സാഹചര്യത്തിൽ, തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഉൾവനത്തിലുള്ള മഴവിൽചാട്ടം, തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടങ്ങൾ സഞ്ചാരികൾക്ക് ഇന്നു മുതൽ കാണാൻ അനുമതി നൽകി കോഴിക്കോട് ഡിഎഫ്ഒ ഉത്തരവായി. പ്രവേശന ഫീസ് 40 രൂപ. കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ. ഈ നിരക്കിൽ തുഷാരഗിരിയിലെ ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവിൽച്ചാട്ടം, തമ്പിതുള്ളുംപാറ വെള്ളച്ചാട്ടം എന്നിവ കാണാം.
വനത്തിൽ ആനക്കൂട്ടം ഉള്ളതിനാൽ രാവിലെ 9 മുതൽ 11വരെ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് രണ്ട് ഗൈഡുകളുടെ സഹായത്താൽ ഗ്രൂപ്പുകളായി രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങൾ കാണാൻ പോകാം.
നിർത്തിവച്ചിരുന്ന, തുഷാരഗിരി ഒന്നാം വെള്ളച്ചാട്ടം മുതൽ തേൻപാറ (ഹണി റോക്ക്) വരെയുള്ള നിത്യഹരിത വനമേഖല യിലൂടെയുള്ള ട്രക്കിങ് ആഴ്‌ചയിൽ 3 ദിവസം എന്ന രീതിയിൽ ആരംഭിക്കാനും കോഴിക്കോട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ യു ആഷിക് അലി ഉത്തരവ് നൽകി. കാട്ടാനകൾ വനമേഖലയിൽ തമ്പടിച്ചതോടെ ഉൾവനത്തിലേക്ക് പ്രവേശനാനുമതി നീണ്ടു പോകുകയായിരുന്നു. തുഷാരഗിരിയിലെ രണ്ടും മൂന്നും വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.