പഴുത്ത് പാകമായി മുന്തിരി; കാഴ്ച കാണാന്‍ മലയാളികളുടെ ഒഴുക്ക്

Mail This Article
കാഴ്ചയുടെ പൂരം തീർക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള മുന്തിരിത്തോട്ടങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്ക്. ദിവസങ്ങളായി തേനി ജില്ലയിലെ കമ്പം, പെരിയകുളം, ചുരുളിപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിരിത്തോട്ടങ്ങൾ സന്ദർശിക്കുന്നതിനായി നൂറുകണക്കിനു സഞ്ചാരികളാണ് അതിർത്തി കടന്നു പോകുന്നത്.
കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിൽ നിന്ന് ഇത്രയധികം സഞ്ചാരികളെത്തുന്നത് പ്രതീക്ഷ നൽകുന്നതായി തമിഴ്നാട്ടിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. തമിഴ്നാട്ടിൽ കടുത്ത വേനലാണ് ഇപ്പോൾ. എങ്കിലും കൃത്യമായ നനയും തണലും ഉള്ളതിനാൽ മുന്തിരിത്തോട്ടങ്ങളിൽ തണുപ്പുള്ള കാലാവസ്ഥയാണ്. വിളവെടുപ്പ് കാലമായതിനാൽ ആവശ്യക്കാർക്ക് തോട്ടത്തിൽ നിന്നും മുന്തിരി പറിച്ചു നൽകും. കിലോയ്ക്ക് 20 മുതൽ 40 രൂപ വരെയാണ് തോട്ടങ്ങളിൽ മുന്തിരി വില. 25 രൂപയ്ക്ക് മുന്തിരിത്തൈകളും വിൽക്കുന്നുണ്ട്.
മുന്തിരി തോട്ടത്തിനുള്ളിൽ വിവാഹ ആൽബം ചിത്രീകരിക്കുന്നത് മലയാളികളുടെ പുതിയ ട്രെൻഡാണെന്നു ചുരുളിപ്പെട്ടിയിലെ കർഷകർ പറയുന്നു. ജലസമൃദ്ധമായ ചുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിൽ കുളി കഴിഞ്ഞാണ് കൂടുതൽ പേരും മടങ്ങുന്നത്. തേനി ജില്ലയിലെ വൈഗ അണക്കെട്ട്, മേഘമല, വീരപാണ്ഡി, ശനീശ്വരർ കോവിൽ എന്നിവിടങ്ങളിലേക്കും ധാരാളം സഞ്ചാരികളാണെത്തുന്നത്.
English Summary: Grape farm in Theni Tamilnadu