ലക്ഷ്വറി ട്രാവൽ ബൂം, തേടിയെത്തിയത് രാജ്യാന്തര പുരസ്കാരം: ഇത് ടൂറിസത്തിന്റെ പുതിയ മുഖം

Mail This Article
ആഡംബര യാത്രകൾ സംഘടിപ്പിക്കുന്നതിലെ മികവിനുള്ള 2023 ലെ ലക്സ് ലൈഫ് മാഗസിൻ രാജ്യാന്തര പുരസ്കാരം തേടിയെത്തിയത് തിരുവനന്തപുരത്തെ സി വേൾഡ് എന്ന ടൂർ ഓപ്പറേഷൻ കമ്പനിയെയാണ്. ആഡംബര ജീവിതശൈലി വിഷയമായ രാജ്യാന്തര പ്രസിദ്ധീകരണമാണ് ലണ്ടനിൽ നിന്നുള്ള ലക്സ് ലൈഫ് മാഗസിൻ. ജീവിതത്തിലെ മികച്ച കാര്യങ്ങളെ വിലമതിക്കുന്നവരും ഏറ്റവും പുതിയ ട്രെൻഡുകൾ നിലനിർത്താൻ താൽപര്യമുള്ളവരെയുമാണ് ലക്സ് ലൈഫ് മാഗസിൻ തേടുന്നത്. ദക്ഷിണേന്ത്യയിലെ എറ്റവും കൂടുതൽ ക്ലയന്റ് സെൻട്രിക് ഫുൾ സർവീസ് ലക്ഷ്വറി ട്രാവൽ കമ്പനി എന്ന വിഭാഗത്തിലാണ് പുരസ്കാര നേട്ടം. പുരസ്കാരം ലഭിച്ചതിനെപ്പറ്റിയും വിജയത്തിന്റെ വഴികളെപ്പറ്റിയും മനോരമ ഓൺലൈനോട് സംസാരിക്കുകയാണ് സി വേൾഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ സുനു മാത്യു.

ജീവിതത്തിലെ ടേണിങ് പോയിന്റ്
ഏറ്റവും മികച്ചതും വ്യത്യസ്തവുമായ യാത്രാ അനുഭവം ഉപഭോക്താക്കൾക്കു നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മനോഹരമായ ഓർമകളോടെ വേണം ഓരോ യാത്രികരും മടങ്ങാൻ. ഞങ്ങൾ വഴി യാത്ര ചെയ്തവരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടത് എന്നത് ഏറെ സന്തോഷം തരുന്നു. 1992 മുതൽ എയർലൈൻ രംഗത്തു ജോലി തുടങ്ങിയതാണ്. മനോരമയും എയർ ഇന്ത്യയും ചേർന്നുള്ള ‘സഫലമീ യാത്ര’ പരിപാടിയിൽ കോഓർഡിനേറ്ററാകാൻ സാധിച്ചത് മികച്ചൊരു അനുഭവമായിരുന്നു. കേരളത്തിലെ ആളുകളെ കൂടുതൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രോജക്ടായിരുന്നു അത്. യാത്രകൾ ഇങ്ങനെയും നടത്താം എന്നു പഠിച്ചത് അവിടെ നിന്നായിരുന്നു.

2003 ൽ നാല് ഡയറക്ടർമാർ ചേർന്നു സി വേൾഡ് തുടങ്ങി. ഹോളിലാൻഡ് ടൂർ ആയിരുന്നു ആദ്യം ചെയ്തത്. നിരവധി ആളുകൾ ഈ മേഖലയിലേക്കു വന്നതോടെയാണ് പുതിയതായി എന്ത് എന്ന ചിന്ത വന്നത്. 2013–14 വർഷത്തിലായിരുന്നു പ്രീമിയം ട്രാവൽ എന്ന ആശയം പ്രാവർത്തികമാക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലുള്ള ആൾക്കാർ ഈ രീതിയിലുള്ള യാത്രയ്ക്കു വരുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ഇതു തുടങ്ങിയപ്പോൾ പഠിച്ച ആദ്യത്തെ കാര്യം, എന്തും വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധിയാളുകൾ ഉണ്ട് എന്നുള്ളതാണ്. വിദേശ മലയാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായിരുന്നു അന്നു യാത്രയ്ക്കെത്തിയവരിലേറെയും. അന്റാർട്ടിക്ക, ഐസ്‌ലൻഡ് തുടങ്ങി എവിടേക്കും വ്യത്യസ്തമായി യാത്ര ചെയ്യാൻ ആളുകൾ അന്നും ഇന്നും തയാറാണ്. ഇന്ന് മാലിയിലേക്കുള്ള യാത്രയെക്കുറിച്ച് പുതുതലമുറ അന്വേഷിക്കുന്നത് അവിടെ സ്നോർക്കലിങ് പോലുള്ള വിനോദങ്ങൾക്കായാണ്. അടുത്ത 5 – 10 വർഷം ആളുകൾ അന്വേഷിക്കുന്നത് ലക്ഷ്വറി ട്രാവൽ ആയിരിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ലക്ഷ്വറി ട്രാവൽ ബൂം
സെലിബ്രിറ്റികൾ മാത്രമാണ് ആഡംബര യാത്രകൾ പോകുന്നത് എന്നത് തെറ്റിദ്ധാരണയാണ്. കോവിഡ് എല്ലാവരെയും ചില പാഠങ്ങൾ പഠിപ്പിച്ചു. എപ്പോഴാണു ജീവിതം മാറിമറിയുന്നതെന്നു പറയാൻ പറ്റില്ല. പുതിയ തലമുറയ്ക്ക് വലിയ വീട് വേണമെന്നോ സേവിങ്സ് വേണമെന്നോ ഇല്ല. മിനിമലിസത്തിൽ ജീവിക്കുക, പിശുക്കി വയ്ക്കാതെ ഏറ്റവും നല്ലത് അനുഭവിക്കുക എന്നതാണ് അവരുടെ സ്റ്റൈൽ. ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇഷ്ടപ്പെട്ട വിലകൂടിയ വാഹനത്തിൽ സഞ്ചരിക്കാൻ അവർ പണം മുടക്കുന്നു. ഇറ്റലിയിലേക്കു യാത്ര ചെയ്ത് ഒരു ദിവസം ഫെരാറി ഓടിക്കാൻ ഇഷ്ടപ്പെടുന്നു, അതിനു പണം മുടക്കുന്നു.

വിവിധ രാജ്യങ്ങളിലേക്കുള്ള ലക്ഷ്വറി ട്രാവൽ
ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ്, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, സിംബാബ്‌വേ, മക്കാവു, ദുബായ് തുടങ്ങി നിരവധി രാജ്യങ്ങളിൽനിന്ന് അവരുടെ ലക്ഷ്വറി ട്രാവൽ ഇൻവിറ്റേഷൻ ലഭിക്കാറുണ്ട്. അവരുടെ രാജ്യം ചെന്നു കണ്ട് ഏറ്റവും മികച്ച അനുഭവം എക്സ്പീരിയൻസ് െചയ്യാനാണ് ക്ഷണം. ടൂർ ഓപ്പറേറ്റേഴ്സിനെയാണ് അവർക്ക് ആവശ്യം. ഇന്ത്യൻ മാർക്കറ്റിന്റെ ഒരു ബൂം വരികയാണ്. കഴിഞ്ഞ നാലു വർഷമായി ഇന്ത്യൻ മാർക്കറ്റിന്റെ ബൂം കണ്ടെടുക്കുന്ന, 10 –15 അംഗങ്ങൾ വരുന്ന ഒരു ടീമിലെ സ്ഥിരം വ്യക്തിയായി മാറാൻ അവസരം ലഭിച്ചിട്ടുണ്ട്. എല്ലാ ടൂറിസം ബോർഡിൽ നിന്നുമുള്ള ഇൻവിറ്റേഷൻ ഉണ്ട്. അവരുടെ ഗെസ്റ്റായിട്ടാണ് പോകുന്നത്. ഏറ്റവും ബെസ്റ്റ് ആൻഡ് ലക്ഷ്വറിയുടെ ഭാഗമാകാനുള്ള അവസരമാണ് കിട്ടുന്നത്. ധാരാളം ടൂർ കമ്പനികൾ ഉള്ളപ്പോഴും നമുക്കീ അവസരം കിട്ടുന്നത് സന്തോഷമാണ്. ഇന്ത്യയിൽ ഏകദേശം നാൽപതിനായിരം ടൂർ കമ്പനികളുണ്ട്. അതിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 15 അല്ലെങ്കില്‍ 20 പേരുള്ള സംഘത്തിൽ അംഗമായി ടൂറിസം ഗെസ്റ്റായി പോകാൻ ഈ രാജ്യങ്ങളെല്ലാം വിളിക്കുമ്പോൾ അഭിമാനം തോന്നും.

യാത്രയിൽ കൂടുതൽ പണം ചെലവഴിക്കാൻ തയാറുള്ളവരുടെ എണ്ണം കുറഞ്ഞാലും ട്രാവൽ മാർക്കറ്റിൽ ലക്ഷ്വറി ട്രാവൽ ചെയ്യുന്നവർക്കു വൻ ഡിമാന്റാണ്. ഗ്രൂപ്പായുള്ള ടൂറിസത്തിനൊപ്പം ഈ രീതിയിലും ലോകരാജ്യങ്ങൾ ടൂറിസത്തെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകളും മാറ്റങ്ങൾ വരുത്തേണ്ട കാര്യങ്ങളും അവരോടു പങ്കുവയ്ക്കാം, അവർ മാറ്റം വരുത്തും. ഇത് നമ്മുടെ ആത്മവിശ്വാസം കൂട്ടും. ഏതു രാജ്യത്തേക്കായാലും ഷെഡ്യൂൾ കൃത്യമായി കോഓർഡിനേറ്റ് ചെയ്യുക എന്നതാണ് പ്രധാനം. ചെറിയ ഗ്രൂപ്പുകളാകുമ്പോൾ അവരുടെ താൽപര്യമനുസരിച്ച് പരിപാടികളിൽ മാറ്റം വരുത്തുകയും ചെയ്യാം.

യാത്രകൾ നിയന്ത്രിക്കുന്നത് ഇവിടെയിരുന്ന്
പലരും പല ആവശ്യങ്ങളുമായാണ് വരുന്നത്. ഡെസ്റ്റിനേഷൻ ഉറപ്പിക്കുന്നതു മുതൽ, യാത്രികരുടെ താൽപര്യം അനുസരിച്ചുള്ള ആക്ടിവിറ്റികൾ പ്ലാൻ ചെയ്തു ഷെഡ്യൂൾ ചെയ്യും. പോകേണ്ട രാജ്യത്ത് അവർ ചെന്ന് ഇറങ്ങുന്നതു മുതൽ വിളിച്ച് അന്വേഷിച്ചു കൊണ്ടിരിക്കും. നമ്മുടെ നാട്ടിലെ വിഐപി, അവിടെ നാട് കാണാൻ എത്തിയൊരാൾ മാത്രമാണ്. അതിനാൽ നല്ല ഉത്തരവാദിത്വവും ടെൻഷനും ഈ ജോലിക്കുണ്ട്. പല രാജ്യങ്ങളിലേക്കും അതിഥികളെ വിടുന്നതിനു മുൻപ് ഞങ്ങൾ അവിടെ സന്ദർശനം നടത്തി വിലയിരുത്താറുണ്ട്.
യാത്ര മാത്രമല്ല, ക്രിക്കറ്റും ഇഷ്ടം
പതിനാറാമത്തെ വയസ്സിൽ ഫോർത്ത് ലോകകപ്പ് ഓസ്ട്രേലിയയിൽ നടന്ന സീനിയേഴ്സിന്റെ ക്യാംപിൽ പങ്കെടുത്തിരുന്നു. 1980 കാലഘട്ടത്തിലാണത്. അന്ന് ക്രിക്കറ്റിന് ഇത്രത്തോളം പ്രാധാന്യമില്ലാത്ത കാലമാണ്. പക്ഷേ ഇന്ന് അഭിമാനം തരുന്ന ചില നിമിഷങ്ങളുണ്ട്. കേരള വിമൻ ക്രിക്കറ്റ് കമ്മിറ്റി ചെയർപേഴ്സണായിട്ടിരിക്കുമ്പോൾ വിമൻസ് ക്രിക്കറ്റിൽ കേരളം കൈവരിച്ച നേട്ടങ്ങൾ – മിന്നുമണി എന്ന താരത്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചു. കൂടാതെ അണ്ടർ 19 ഇന്ത്യൻ ടീമിൽ നജ്‌ലയ്ക്കും അവസരം ലഭിച്ചു. ഇതൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. അതുകൂടാതെ WPL –ൽ മിന്നു മണിയും ആശയും സജ്നയും ക്വാളിഫൈ ചെയ്തു. ഇതിനൊപ്പം പഴയ വനിതാ താരങ്ങൾക്ക് അംപയർ, സ്കോറർ, ടീം മാനേജർ തുടങ്ങിയ നിലകളിൽ മുന്നോട്ടു കടന്നു വരാൻ അവസരം കൊടുക്കുവാനും കഴിഞ്ഞു എന്നുള്ളതെല്ലാം അഭിമാനവും സന്തോഷവും തരുന്ന ചില നിമിഷങ്ങളാണ്.
കമ്പനി ലാഭത്തിന്റെ 20–30 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കായും നീക്കിവയ്ക്കുന്നു. ഇത് സമൂഹത്തിനോടുള്ള ഒരു ഉത്തരവാദിത്തമായിട്ടാണ് കരുതുന്നത്.