ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യുനെസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ നിരയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ട പ്രകൃതിദത്ത അത്ഭുതങ്ങളില്‍ ഒന്നായ ഫാൻ‌ജിങ്‌ഷാനെക്കുറിച്ച് കേട്ടിട്ടുണ്ടോ? 

ചൈനീസ് ബുദ്ധിസ്റ്റുകള്‍ക്കിടയില്‍ പ്രഥമ സ്ഥാനമുള്ള ഈ കൊടുമുടി തെക്കു പടിഞ്ഞാറന്‍ ചൈനയിലെ വുളിംഗ് പർവതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധിസവുമായി ബന്ധപ്പെട്ട കൃതികളില്‍ പരാമര്‍ശിക്കുന്ന ഭാവി ബുദ്ധനായ മൈത്രേയ ബുദ്ധന്‍റെ ബോധോദയ സ്ഥാനമാണ് ഇതെന്നാണ് വിശ്വാസം. 

Fanjingshan

"ബ്രാഹ്മയുടെ ശുദ്ധമായ ദേശം" എന്നര്‍ത്ഥം വരുന്ന 'ഫാന്‍ഷ്യന്‍ ജിങ്‌തു' എന്നതിന്‍റെ ചുരുക്കമാണ് ഫാൻജിംഗ്. ബുദ്ധരാജാവായ ബ്രാഹ്മയുടെ ചൈനീസ് പേരാണ് 'ഫാന്‍ഷ്യന്‍', 'ജിങ്‌തു' എന്നാലോ, 'ശുദ്ധമായ ഭൂമി' എന്നും.

'മികച്ച സാർവത്രിക മൂല്യമുള്ള'തും ഭൂമിയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ഇടങ്ങളെയാണ് യുനെസ്കോയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. വടക്കൻ അയർലണ്ടിലെ ജയന്റ് കോസ് വേ, മൗണ്ട് കിളിമഞ്ചാരോ, ഗ്രേറ്റ് ബാരിയർ റീഫ് എന്നിവ പോലുള്ള പ്രശസ്തമായ ആകർഷണങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

കാണാന്‍ ഏകദേശം വിരൽ പോലെയിരിക്കുന്ന ഫാൻ‌ജിങ്‌ഷാന്‍ കൊടുമുടിയെ “കാർസ്റ്റ് കടലിലെ രൂപാന്തര പാറയുടെ ദ്വീപ്” എന്നാണ് വിശേഷിപ്പിക്കുന്നത്. 2 മുതൽ 65 ദശലക്ഷം വർഷങ്ങൾക്ക് മുന്‍പുള്ള ടെർഷ്യറി കാലഘട്ടത്തിൽ രൂപപ്പെട്ടതാണ് ഈ  കൊടുമുടിയെന്നു കരുതപ്പെടുന്നു. ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പർവത രൂപീകരണ പ്രക്രിയയും, ഭൂവല്ക്ക ചലനങ്ങളും അഗ്നിപർവതവിസ്ഫോടനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് ടെർഷ്യറി കാലഘട്ടത്തിലായിരുന്നു. 

പ്രകൃതിയും ബുദ്ധനും 

പ്രകൃതി സ്നേഹികളായ സഞ്ചാരികള്‍ക്ക് മനസ്സില്‍ ഓര്‍ത്തു വയ്ക്കാന്‍ അപൂര്‍വമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന മനോഹര ഭൂമിയാണ് ഫാൻജിംഗ് ഷാന്‍. സമ്പന്നമായ ജൈവവൈവിധ്യമുള്ള വുലിംഗ് പർവതനിരയെ “ചൈനയുടെ ജീൻ ഡാറ്റാബേസ്” എന്നാണ് വിശേഷിപ്പിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന 31 ഇനം ഉള്‍പ്പെടെ 2,000 തരത്തിലുള്ള സസ്യങ്ങള്‍ ഇവിടെയുണ്ട് എന്നാണ് കണക്ക്. 

ഗുയിഷോ ഗോൾഡൻ മങ്കി, ഫാൻജിംഗ്‌ഷാൻ ഫിർ ചൈനീസ് ജയന്റ് സലമാണ്ടർ, കാട്ടുകസ്തൂരി മാൻ, റീവ്സ് ഫെസന്റ് തുടങ്ങിയ അപൂര്‍വ മൃഗങ്ങളെയും ഇവിടെ കാണാം. ഏറ്റവും വലുതും തുടർച്ചയായതുമായ ഉപ ഉഷ്ണമേഖലാ പ്രൈമൽ ബീച്ച് ഫോറസ്റ്റ് കൂടിയാണിവിടം.

ടാങ് രാജവംശം മുതൽ ബുദ്ധമതക്കാരുടെ പുണ്യസ്ഥലമാണ് ഫാൻജിംഗ്‌ഷാൻ. മിംഗ് രാജവംശത്തിന്റെ കാലത്ത് (1368-1644) 48 ബുദ്ധക്ഷേത്രങ്ങള്‍ ഈ പർവതത്തിൽ പണിതു. അവയിൽ പലതും പിന്നീട് നശിപ്പിക്കപ്പെട്ടു. അവശേഷിക്കുന്നവയാകട്ടെ,  ഇന്നും ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരുടെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്.

മൂന്നു കൊടുമുടികള്‍ 

ഫാൻജിംഗ് ഷാന്‍ കൊടുമുടിയില്‍ നിന്നുള്ള സ്വര്‍ഗ്ഗതുല്യമായ കാഴ്ചകളാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. മൂന്നു കൊടുമുടികള്‍ ഇവിടെയുണ്ട്. 

സമുദ്രനിരപ്പിൽ നിന്ന് 2,572 മീറ്റർ ഉയരത്തിൽ ഫെങ്‌വാങ് പർവതത്തിൽ സ്ഥിതിചെയ്യുന്ന ഗോള്‍ഡന്‍ സമ്മിറ്റ് ആണ് ഇവയില്‍ ഏറ്റവും ഉയരം കൂടിയത്. ഇവിടെ ബുദ്ധ ദിപാംകര ക്ഷേത്രമുണ്ട്. 2,336 മീറ്റര്‍ ഉയരമുള്ള റെഡ് ക്ലൌഡ്സ് ഗോൾഡൻ സമ്മിറ്റില്‍ രണ്ടു കൊടുമുടികളുണ്ട്. ഇവിടെ മുകളിലേക്ക് 100 മീറ്റർ ഉയരത്തിൽ കുത്തനെയുള്ള കയറ്റം കാണാം. ഈ കയറ്റത്തിനറ്റത്തായി മുകളില്‍ രണ്ടു ബുദ്ധ ക്ഷേത്രങ്ങളോടു കൂടിയ രണ്ട് കൊടുമുടികളുണ്ട്.

രാത്രികളില്‍ മനോഹരമായി പ്രകാശിക്കുന്ന 'മഷ്രൂം സ്റ്റോണ്‍' ആണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. കൂടാതെ വിചിത്രമായ നിരവധി പാറക്കെട്ടുകളും ശിലാസ്തംഭങ്ങളും ഇവിടെ കാണാം.

എങ്ങനെ എത്താം?

ലണ്ടനിലെ ഹീത്രോയിൽ നിന്ന് ഹോങ്കോങ്ങിന്‍റെ വടക്കുപടിഞ്ഞാറ് വശത്തുള്ള ഗ്വാങ്‌ഷോവിലേക്കാണ് ആദ്യം വിമാനം കയറേണ്ടത്. 11 മണിക്കൂർ നീളുന്ന ഈ യാത്രക്ക് ശേഷം ഇവിടെ നിന്നും ടോംഗ്രെൻ വിമാനത്താവളത്തിലേക്കുള്ള 95 മിനിറ്റ് വിമാനയാത്ര കൂടിയുണ്ട്.

ടോംഗ്രെനിൽ നിന്ന് രണ്ടു മണിക്കൂര്‍ നീളുന്ന ബസ് യാത്രയാണ് അടുത്തത്. ഇതു കഴിഞ്ഞ് കൊടുമുടിയിലേക്കെത്താന്‍ 8,888 പടികള്‍ കയറണം. ഇതിന് അഞ്ചു മണിക്കൂര്‍ സമയമെടുക്കും. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കേബിള്‍ കാര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

English Summary : fanjingshan mount fanjing china

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com