സിനിമയിൽ ദുൽഖറിനുണ്ടായ അതേ അവസ്ഥ; ദുരന്താനുഭവങ്ങൾ നിറഞ്ഞ യാത്ര

Mail This Article
സഞ്ചാരപ്രേമികൾക്ക് യാത്ര എന്നും പുതുമകൾ സമ്മാനിക്കുന്നവയാണ്. യാത്രയുടെ ഒാരോ നിമിഷവും മറക്കാനാവില്ലെന്നാണ് യാത്രാപ്രേമിയായ ബല്‍റാം പറയുന്നത്. യാത്രയുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഒാർമകൾ പങ്കുവയ്ക്കുകയാണ് ബൽറാം മേനോൻ. പ്രയാസങ്ങളില്‍നിന്നും തിരക്കുകളില്‍നിന്നുമെല്ലാം ഒഴിഞ്ഞ് കുറച്ചുസമയം സമാധാനത്തോടെ ഇരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാവരും യാത്രകൾ നടത്തുന്നത്. ബൽറാം നടത്തിയ യാത്ര പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു.
ഇൗ യാത്ര ഉപേക്ഷിക്കേണ്ടിവരുമോ?
ഗാലപ്പഗോസിലേക്കായിരുന്നു യാത്ര. ഡല്‍ഹിയില്‍നിന്ന് സൗത്ത് അമേരിക്ക വഴി ആംസ്റ്റര്‍ഡാം. അവിടെനിന്നു കീറ്റോ, തുടർന്ന് ഗാലപ്പഗോസിലേക്ക്, അവിടെ നിന്നു നേരേ ഇക്വഡോര്‍. അങ്ങനെയായിരുന്നു ഫ്ലൈറ്റ്. യാത്രയ്ക്കായി ഡല്‍ഹിയിലേക്ക് തിരിച്ചു. വെളുപ്പിന് മൂന്നരയ്ക്കായിരുന്നു ഫ്‌ളൈറ്റ്. മൂന്നുമണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുകൊണ്ട് നേരത്തേ എത്തി. അവിടെ എത്തിയപ്പോഴാണ് പാക്കിസ്ഥാന്റെ വ്യോമ മേഖല അടച്ചിരിക്കുകയാണെന്നും അതുവഴി വിമാനങ്ങള്‍ കടത്തിവിടുന്നില്ലെന്നും അറിയുന്നത്. ഇനി കുറച്ച് കറങ്ങിവേണം യൂറോപ്പിലേക്കെത്താൻ.

ഇതേ വിമാനം എട്ടരയ്ക്ക് പുറപ്പെടുമെന്ന് അറിയിപ്പും കിട്ടി. അധികം താമസിക്കാതെ ചെക്കിൻ ചെയ്തു. കെഎല്‍എം എന്ന എയര്‍വേയ്‌സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഏരെ സമയം കാത്തു നിന്നിട്ടും ടിക്കറ്റ് നല്‍കിയില്ല. ഞാനാകെ വിഷമിച്ചു.
ദുല്‍ഖറിനെപ്പോലെ ഞാനും? അവരങ്ങനെ കരുതി
ദുല്‍ഖര്‍ സല്‍മാന്റെ സിഐഎ എന്ന ചിത്രത്തില്‍ സൗത്ത് അമേരിക്കയുടെ അതിര്‍ത്തി അനധികൃതമായി കടന്ന് ആളുകള്‍ അമേരിക്കയിലേക്ക് പോകുന്നത് കാണിക്കുന്നുണ്ട്. താനും അത്തരത്തില്‍ നിയമം തെറ്റിച്ചുപോകുന്നയാളാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ കരുതിയതെന്നാണ് ബല്‍റാം പറയുന്നത്.

ഇക്വഡോറിൽനിന്ന് ഇങ്ങനെ നിരവധിപ്പേര്‍ അനുമതിയില്ലാതെ അമേരിക്കയിലേക്ക് പോകുന്നുണ്ട്. ഞാന്‍ പോകാന്‍ തീരുമാനിച്ചതും ഏതാണ്ട് ആ വഴിയിലൂടെ തന്നെയായതിനാലാകാം അവര്‍ കടുംപിടുത്തം പിടിച്ച് ചെക്കിങ് ടിക്കറ്റ് നൽകാതിരുന്നത്. ഇക്വഡോറിലേക്കുള്ള വീസ ഓണ്‍ അറൈവല്‍ ആണെങ്കിലും യാത്രക്കാർ എല്ലാ രേഖകളും കാണിക്കേണ്ടതുണ്ട്. തടസം നേരിട്ടതോടെ യാത്ര നടക്കില്ലെന്ന് എനിക്കുറപ്പായി.

തുടർന്ന് അധികൃതർ ഇന്റേണല്‍ കമ്മിഷനെ വിളിച്ചുവരുത്തി. ഓസ്‌ട്രേലിയക്കാരനായിരുന്നു അദ്ദേഹം. കമ്മിഷൻ കുറേ ചോദ്യങ്ങൾ ചോദിച്ചു. ലോകത്തിൽ പലയിടത്തേക്കും യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം ആദ്യമായിരുന്നു. അത് വല്ലാത്ത മാനസികവിഷമമുണ്ടാക്കി. അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം യാത്രയ്ക്കുള്ള അനുമതി കിട്ടി. കണക്ടിങ് ഫ്ളൈറ്റ് പോയിരുന്നു. മറ്റൊരു ഫ്ളൈറ്റിൽ 9 മണിക്കൂർ നീണ്ട യാത്രയ്ക്കുശേഷം ആസ്റ്റർഡാമിലെത്തി.
അടുത്ത ട്വിസ്റ്റ് ആംസ്റ്റര്‍ഡാമില്‍
ആംസ്റ്റര്‍ഡാമിൽ കാത്തിരുന്നത് അതിനേക്കാള്‍ വലിയൊരു പ്രതിസന്ധിയായിരുന്നു. താമസസൗകര്യം ഏര്‍പ്പെടുത്താനാവില്ലെന്നും മടങ്ങി ഇന്ത്യയിലെത്തിയതിനുശേഷം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു, എന്തുചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു. ആദ്യത്തെ ഫ്‌ളൈറ്റ് വൈകിയതിനാല്‍ മറ്റെല്ലായിടത്തും ബുക്ക് ചെയ്തിരുന്ന താമസസൗകര്യവും റദ്ദായിരുന്നു.
ആസ്റ്റർഡാമിൽനിന്ന് ഇക്വഡോറിലേക്ക് മൂന്ന് ദിവസം കഴിഞ്ഞേ വിമാനമുള്ളൂ. ആ മൂന്നുദിവസം അവിടെ തങ്ങണമെങ്കില്‍ ഷെങ്കന്‍വീസയും ആവശ്യമാണ്. യൂറോപ്പിലേക്ക് യാത്ര നടത്തിയിട്ടുള്ളവര്‍ക്ക് അറിയാം ഇന്ത്യയില്‍നിന്നു ഷെങ്കന്‍വീസ കിട്ടാന്‍ എത്രത്തോളം പ്രയാസമാണെന്ന്. ഷെങ്കന്‍ വീസ കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. എങ്കിലും ഞാന്‍ നെതര്‍ലാന്‍ഡ്സ് ഇമിഗ്രേഷന്‍ അധികൃതരോട് അവസ്ഥയെല്ലാം വിവരിച്ചു. ഒപ്പം ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ ടുലിപ് പുഷ്‌പോത്സവം കാണണമെന്ന ആഗ്രഹത്തിലാണ് എത്തിയതെന്നും അറിയിച്ചു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വീസ അനുവദിച്ചു. സത്യം പറഞ്ഞാല്‍ അതുവരെയുണ്ടായ എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും ആ സംഭവത്തോടെ മറന്നു. പുഷ്‌പോത്സവവും കാണാൻ സാധിച്ചു.

അടുത്ത പണി ഗാലപ്പഗോസില്‍
അവസാനലക്ഷ്യമായ ഗാസപ്പഗോസിലെത്തിയപ്പോഴും പ്രശ്നങ്ങൾ പിടിവിടാതെ ഒപ്പമുണ്ടായിരുന്നു. ഗാസപ്പഗോസിലെ കടലില്‍ കാഴ്ചകൾ ആസ്വദിച്ച് ക്രൂസില്‍ പോകുമ്പോഴായിരുന്നു സംഭവം. സ്‌കൂബ ഡൈവിങ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. പണം രഹസ്യപോക്കറ്റില്‍ സൂക്ഷിച്ചിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് പലരും യാത്രയില്‍ ഇങ്ങനെ പണം സൂക്ഷിക്കുന്നത്. സ്‌കൂബ ഡൈവിങ് കഴിഞ്ഞ് എത്തിയപ്പോൾ ആ പണം നഷ്ടമായി. ഞാനാകെ വിഷമിച്ചിരിക്കുമ്പോള്‍ ഇക്വഡോറുകാരിയായ ഒരു പെൺകുട്ടി ദൈവദൂതയെപ്പോലെ പണവുമായി എത്തി. അവളും അവളുടെ പലസ്തീൻ സ്വദേശി സുഹൃത്തും പിന്നീട് എന്റെ നല്ല സുഹൃത്തുക്കളായി.

വിമാനത്തില്‍ പരിചയപ്പെട്ട ഒരു അർജന്റീന സ്വദേശി ഡോക്ടറും യാത്രയിലുണ്ടായിരുന്നു. പിന്നീടുള്ള പ്രതിസന്ധി അവരും ഞാനും കൂടി സൈക്കിളിങ്ങിന് പോയപ്പോഴായിരുന്നു. സൈക്കിളിങ്ങിനിടെ ഞങ്ങൾക്ക് പരുക്ക് പറ്റി ആശുപത്രിയിലെത്തിച്ചു, പക്ഷേ അവിടെ വച്ച് ആ ഡോക്ടർക്ക് ഓര്‍മ നഷ്ടപ്പെട്ടു. ഞാന്‍ ശരിക്കും പേടിച്ചു.
അവരെ കൂട്ടി എന്റെ റൂമിലേക്ക് പോയി. സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. തലയ്‌ക്കേല്‍ക്കുന്ന ക്ഷതത്തിലൂടെ ചിലര്‍ക്ക് താത്കാലികമായി ഓര്‍മ നഷ്ടപ്പെടുമെന്നും എന്നാല്‍ കുറച്ചുസമയം കഴിയുമ്പോള്‍ പഴയനിലയിലാകുമെന്നും സുഹൃത്ത് പറഞ്ഞതോടെ സമാധാനമായി. 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഒാർമ തിരിച്ചുകിട്ടി. അപ്പോഴാണ് എന്റെ ശ്വാസം നേരെയായത്.
ഒടുവില്‍ നാട്ടിലേക്കുള്ള മടക്കയാത്രയും അത്ര ഈസിയായിരുന്നില്ല. ഗാസപ്പഗോസില്‍നിന്നു തിരിച്ച് ഇക്വഡോറിലേക്ക് മുമ്പ് ബുക്ക് ചെയ്ത വിമാനം റദ്ദായപ്പോൾ ടിക്കറ്റും കാൻസലായായിരുന്നു. എങ്ങനെ മടങ്ങിപ്പോകും എന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് ഡൈവിങ്ങിന് പരിചയപ്പെട്ട സുഹൃത്തുക്കൾ ഓണ്‍ലൈനായി യാത്രയ്ക്കുളള ടിക്കറ്റ് ബുക്ക് ചെയ്തു നൽകിയത്. ഒരു കാര്യം നേടണമെന്ന് ആഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ ഒപ്പമുണ്ടാകുമെന്ന പൗലോ കൊയ്‌ലോയുടെ വാക്കുകള്‍ ജീവിത്തിൽ അന്വര്‍ത്ഥമായത് ഇൗ യാത്രയിലൂടെയാണെന്നും ബല്‍റാം പറയുന്നു. ആസ്വദിച്ച് അടിച്ചുപൊളിച്ച് പോകേണ്ട യാത്രയായിരുന്നു തുടക്കം മുതൽ ഒടുക്കം വരെ ടെൻഷനടിപ്പിച്ചത്.
English Summary: Balram Share his Worst Travel Experiences