ADVERTISEMENT

പുതിയ വർഷം ആഘോഷമാക്കാൻ ഭൂരിപക്ഷം താരങ്ങളും തിരഞ്ഞെടുത്തത് സുന്ദരമായയിടങ്ങളിലേക്കുള്ള യാത്രകളാണ്. മലയാള സിനിമയിലെ യുവനടികളിൽ ശ്രദ്ധേയായ ഗ്രേസ് ആൻറണിയും 2025 നു നിറം നൽകിയത് മനോഹരമായ ഒരു യാത്രയിലൂടെയാണ്. ലണ്ടനിലെ പ്രശസ്തമായ സെൻറ് മേരീസ് ദ്വീപിലേക്കായിരുന്നു താരത്തിന്റെ യാത്ര. പുതിയ വർഷമാണെങ്കിലും തനിക്ക് മാറ്റമൊന്നുമില്ലെന്നു കുറിച്ചുക്കൊണ്ടാണ് ഗ്രേസ് ആന്റണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പുതിയ തുടക്കത്തിന് സ്വാഗതം, കരുത്തുറ്റ സ്വപ്ങ്ങളുമായി 2025 അവിസ്മരണീയമാകട്ടെ എന്ന് സമൂഹ മാധ്യമങ്ങളിലെ തന്റെ ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. ദ്വീപിന്റെ വ്യത്യസ്തവും ആകർഷകവുമായ കാഴ്ചകളും ഗ്രേസ് ആൻറണി പങ്കുവച്ച ചിത്രങ്ങളിൽ കാണുവാൻ കഴിയും.

ഗ്രേസ് ആന്റണി സെന്റ് മേരീസ് ദ്വീപിൽ. Image Credit: Grace Antony
ഗ്രേസ് ആന്റണി സെന്റ് മേരീസ് ദ്വീപിൽ. Image Credit: Grace Antony

ഇംഗ്ലണ്ടിലെ സെൻറ് മേരീസ് ദ്വീപ്

ചെറിയ മണൽക്കല്ലുകൾ കൊണ്ട് സമ്പന്നമായ ഇംഗ്ലണ്ടിലെ സെൻറ് മേരീസ് ദ്വീപിനു ബെയ്ത് എന്നൊരു പേരുകൂടിയുണ്ട്. ബേറ്റ്സ് എന്ന കുടുംബത്തിന്റേതായിരുന്നു ആദ്യകാലങ്ങളിൽ ഈ ദ്വീപ്. ആ പേരിലറിയപ്പെട്ടിരുന്ന ദ്വീപ് പിന്നീട് ബെയ്ത് എന്നായി മാറുകയായിരുന്നു. 1898 ൽ നിർമിച്ച ലൈറ്റ് ഹൗസ് ആണ് ദ്വീപിലെ പ്രധാനാകർഷണം. മധ്യകാലഘട്ടത്തിൽ സെന്റ് ഹെലെനായി സമർപ്പിക്കപ്പെട്ട ചെറിയൊരു ദേവാലയവും ഇവിടെയുണ്ടായിരുന്നു. ചാപ്പലിനുള്ളിലെ സെൻറ് കാതറീൻസ് ലൈറ്റ് പിൽക്കാലത്തു സെൻറ് മേരിയായി തെറ്റിദ്ധരിക്കപ്പെടുകയും ദ്വീപിനു സെന്റ് മേരിയുടെ പേര് ലഭിക്കുകയുമായിരുന്നു. ലൈറ്റ് ഹൗസിന്റെ നിർമാണ സമയത്ത് ഈ ചാപ്പൽ തകർക്കപ്പെട്ടു. 

ഗ്രേസ് ആന്റണി സെന്റ് മേരീസ് ദ്വീപിൽ. Image Credit: Grace Antony
ഗ്രേസ് ആന്റണി സെന്റ് മേരീസ് ദ്വീപിൽ. Image Credit: Grace Antony

1898 ൽ നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് 1984 വരെ പ്രവർത്തനസജ്ജമായിരുന്നു. എന്നാൽ ആധുനിക നാവിക വിദ്യകളുടെ വരവോടെ ലൈറ്റ് ഹൗസിന്റെ പ്രവർത്തനം നിലച്ചു. ഇപ്പോൾ ദ്വീപിലെത്തുന്ന സന്ദർശകർക്കായി ലൈറ്റ് ഹൗസ് തുറന്നു നൽകിയിട്ടുണ്ട്. 137 പടിക്കെട്ടുകൾ കയറി മുകളിൽ ചെല്ലുമ്പോൾ വടക്കു കിഴക്കൻ തീരത്തിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. പടികൾ കയറി മുകളിൽ ചെല്ലാൻ കഴിയാത്ത അതിഥികൾക്കായി ആ തീരത്തിന്റെ മനോഹരമായ കാഴ്ചകളുടെ വിഡിയോ ദൃശ്യങ്ങൾ ആസ്വദിക്കാനുള്ള സൗകര്യങ്ങളുണ്ട്. 

ഗ്രേസ് ആന്റണി സെന്റ് മേരീസ് ദ്വീപിൽ. Image Credit: Grace Antony
ഗ്രേസ് ആന്റണി സെന്റ് മേരീസ് ദ്വീപിൽ. Image Credit: Grace Antony

ലൈറ്റ് ഹൗസ് മാത്രമല്ല, പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചകൾ കൊണ്ടും സമ്പന്നമാണ് ദ്വീപ്. കുളങ്ങളും മലഞ്ചെരിവുകളും പുൽമേടുകളും ബീച്ചും എന്നുവേണ്ട ഏതൊരു സഞ്ചാരിയുടെയും മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾക്ക് ഇവിടെയെത്തിയാൽ സാക്ഷികളാകാം. അതിഥികൾക്ക് അൽപ സമയം ചെലവഴിക്കുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും ചെറിയ ഷോപ്പുകളും ദ്വീപിലുണ്ട്. കോസ്‌വേയിൽ നിന്നും നീണ്ടു കിടക്കുന്ന റാമ്പ്, വീൽ ചെയറിലോ പ്രാമിലോ ബഗികളിലോ വരുന്നവർക്ക് ഏറെ സൗകര്യപ്രദമാണ്. 

ലൈറ്റ് ഹൗസ് ആണ് ദ്വീപിലെ പ്രധാന കാഴ്ചയെങ്കിലും അതിസുന്ദരമായ പ്രകൃതിയും ഇവിടേക്കു സന്ദർശകരെ ആകർഷിക്കുന്നുണ്ട്. പച്ചപ്പിന്റെ വസന്തമൊരുക്കി കാത്തിരിക്കുന്ന പുൽമേടുകളും ബീച്ചിന്റെ അഭൗമമായ സൗന്ദര്യവുമൊക്കെ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച തന്നെയാണ്. എത്ര സമയം ചെലവഴിച്ചാലും ആ ഭൂമി കഷ്ണത്തിന്റെ മനോഹാരിത വീണ്ടും ആകർഷിക്കുന്നത് കൊണ്ടായിരിക്കണം നിരവധി സന്ദർശകരാണ് ഓരോ വർഷവും ഇവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി എത്തുന്നത്. 

English Summary:

Grace Antony's dreamlike New Year trip to St. Mary's Island in England. Explore the stunning lighthouse, breathtaking natural beauty, and captivating charm of this unique island. Discover the history and attractions of Bayth, a hidden gem in England.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com