'കേരളത്തിലെ ആളുകളുടെ ലൈംഗികദാരിദ്ര്യം, ഫോട്ടോയ്ക്കു താഴെ വായിക്കാൻ പറ്റാത്ത കമന്റുകൾ'
Mail This Article
മഞ്ഞ സാരി ഉടുത്ത്, കയ്യിലൊരു ക്യാമറയുമായി സോഷ്യൽ മീഡിയയില്‍ വൈറലായ പെൺകുട്ടിയാണ് ശ്രീലക്ഷ്മി സതീഷ്. രാം ഗോപാൽ വർമ എന്ന സംവിധായകൻ ഈ പെൺകുട്ടിയെ തിരഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇട്ടതോടെയാണ് ശ്രീലക്ഷ്മിയെ കൂടുതൽ പേർ അറിഞ്ഞത്. സിനിമയിലേക്ക് ക്ഷണിച്ചെങ്കിലും താൻ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ശ്രീലക്ഷ്മി അറിയിച്ചിരുന്നു.
'സാരിയിലാണ് ഞാൻ കംഫർട്ടബിൾ. ഗ്ലാമറസ് ആയി അഭിനയിക്കാൻ താൽപര്യമില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് ഓക്കെ ആണെന്നാണ് സാർ പറഞ്ഞത്'. ശ്രീലക്ഷ്മി പറയുന്നു.
വിഡിയോ വൈറലായതോടെ ഒരുപാട് കമന്റുകളും മെസേജുകളും ശ്രീലക്ഷ്മിയെ തേടിയെത്തി. അതിൽ നല്ലതും മോശവുമായ ഒരുപാട് കമന്റുകളുണ്ട്. ആ കൂട്ടത്തിൽ പോസ്റ്റിനു താഴെ മോശമായി കമന്റ് ചെയ്തിട്ട് പേഴ്സണൽ മെസേജിൽ പഞ്ചാരയടിക്കുന്ന ആൾക്കാരുമുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. 'കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമെന്നേ ഞാൻ പറയൂ. കൂടുതലും സ്ത്രീകളാണ് മോശം കമന്റുകളിട്ടു കണ്ടത്. എന്റെ ശരീരത്തിൽ ഞാൻ കോൺഫിഡന്റാണ്. അത് അങ്ങനെ തന്നെ ആയിരിക്കണമെന്നാണ് ആഗ്രഹം' - ശ്രീലക്ഷ്മി പറയുന്നു.
'സ്വന്തം പോസ്റ്റിനു താഴെയുള്ള കമന്റ് സെക്‌ഷൻ ഓഫ് ചെയ്താലും മറ്റു പേജുകളിലും ആ ഫോട്ടോ വരാറുണ്ട്. വായിക്കാൻ പോലും പറ്റാത്ത കമന്റുകളാണ് പലരും ഇടുന്നത്. വിഡിയോ ഇടാൻ തുടങ്ങിയതിനു ശേഷം ചില ബന്ധുക്കൾ വന്ന് പറഞ്ഞത്, ശ്രീലക്ഷ്മി ഇത്തരത്തിലുള്ളൊരു പെൺകുട്ടിയാണെന്ന് ഞാനറിഞ്ഞില്ല എന്നൊക്കെയാണ്. അച്ഛന്റെ കൂട്ടുകാരുമൊക്കെ ഇങ്ങനെ പറഞ്ഞു. ഇവരോടൊന്നും ഞാൻ ഒരു മറുപടിയും പറയേണ്ടതില്ല. ഇതെന്റെ ജീവിതമാണ്.'
മോശം പറയുന്ന പലരും പല ജീവിത സാഹചര്യങ്ങളിൽനിന്നു വന്നവരാണ്. അവരെ മാറ്റാന്‍ നമുക്ക് പറ്റില്ല എന്നും ശ്രീലക്ഷ്മി പറയുന്നു. പ്ലസ്ടു വരെയും താൻ തീരെ മെലിഞ്ഞ കുട്ടിയായിരുന്നുവെന്നും അന്ന് പല പേരുകളിലും തന്നെ കളിയാക്കിയിരുന്നു എന്നും ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഇന്ന് എന്റെ ശരീരത്തിൽ ഞാൻ വളരെ കോൺഫിഡന്റാണ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തില്‍ ശ്രീലക്ഷ്മി പറഞ്ഞു.