ഇങ്ങനെയെങ്കിൽ രാജയോഗം അല്ലെങ്കിൽ ദുരിതം, ഗുളികൻ ലഗ്നാദി ദ്വാദശ ഭാവങ്ങളിൽ നിന്നാലുള്ള ഫലം

Mail This Article
മനുഷ്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഗുളികൻ മന്ദനിൽ നിന്നു ജനിച്ചവനാണ്. അതുകൊണ്ട് മാന്ദി എന്നും പേരുണ്ട്.
ഗ്രഹനിലയിൽ മാ (മാന്ദി) എന്ന് അടയാളപ്പെടുത്തുന്നത് ഗുളികനെയാണ്.പ്രശ്നത്തിലും മുഹൂർത്തത്തിലും ഗുളികന് പ്രധാന്യം നൽകി വരുന്നുണ്ട്.ലഗ്നത്തിൽ ഗുളികൻ മാത്രം നിൽക്കുന്നത് രാജയോഗമാണെന്ന് ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. കലഹപ്രിയനായിരിക്കും. ലൈംഗികാസക്തി കൂടുതൽ ആയിരിക്കും. ക്രൂരസ്വഭാവിയായിരിക്കും. ഉന്നത പദവിയിൽ എത്തും. ശരീരത്തിൽ ചെറിയ മുറിവുകൾ പൊള്ളലുകൾ ഇടക്കിടെ ഉണ്ടാകും.
രണ്ടിൽ ഗുളികൻ നിന്നാൽ വിദ്യാഭ്യാസത്തിന് വിഘ്നങ്ങൾ വരും. കുടുംബക്കാരുമായി കലഹിക്കും. അസത്യം പറയും. വാക്കിന് അറം ഉണ്ടാകും. പറഞ്ഞത് ഫലിക്കും. ജനിച്ച വീട് നശിച്ച് പോകും. അന്യേദേശവാസിയാകും.
മൂന്നിൽ നിന്നാൽ സാമ്പത്തിക ക്ളേശം അനുഭവിക്കും. അയൽക്കാരുമായി കലഹിക്കും. കടബാദ്ധ്യതകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. സഹോദര സ്നേഹം കുറയും. സാഹസിക പ്രവർത്തികൾ ചെയ്യും. പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
നാലിൽ നിന്നാൽ ഗൃഹാന്തരീക്ഷം കലുഷിതമാകും. മനസ്സമാധാനം നഷ്ടപ്പെടും. ബന്ധുക്കളുമായി കലഹിക്കും. വീട്, മാതാവ്, സ്വത്ത്, വാഹനം എന്നിവയ്ക്ക് ദോഷഫലങ്ങൾ അനുഭവപ്പെടും.
ശത്രുക്കളെ ഭയപ്പെടുത്തുന്നവനായിരിക്കും.
അഞ്ചിൽ നിന്നാൽ സന്താനപരമായി ക്ളേശങ്ങൾ ഉണ്ടാകും. മനസ്സ് ചഞ്ചലമാകും. ഉദര സംബന്ധമായ അസുഖങ്ങൾ അലട്ടും. നീച സ്വഭാവം ഉണ്ടാകും. ഊഹക്കച്ചവടത്തിൽ താല്പര്യവും അതു മൂലം നഷ്ടവും ഉണ്ടാകും.
ആറിൽ നിന്നാൽ ശത്രുക്കളെ പരാജയപ്പെടുത്തും. രോഗങ്ങൾ അലട്ടും. മാഹേന്ദ്രജാലങ്ങളിൽ താല്പര്യം വർധിക്കും. തന്നെ തന്നെ കുറ്റപ്പെടുത്തും. സന്താനങ്ങൾ നല്ല നിലയിൽ എത്തും.
ഏഴിൽ നിന്നാൽ ദാമ്പത്യ ജീവിതത്തിൽ അശാന്തി നിഴലിക്കും. അന്യസ്ത്രീകളുമായി അടുപ്പം ഉണ്ടാകും. യാത്രകൾ സുഖകരമായിരിക്കില്ല. കുടുംബത്തിൽ ദുഷ് പേര് ഉണ്ടാകും. കലഹസ്വഭാവം പ്രകടിപ്പിക്കും.
എട്ടിൽ നിന്നാൽ നീച സ്വഭാവം ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കർമമേഖലയിൽ ക്ളേശകരമായ അനുഭവങ്ങൾ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടും. കൂർമ്മബുദ്ധിയായിരിക്കും.
ഒമ്പതിൽ നിന്നാൽ പിതാവ്, ഗുരുസ്ഥാനീയർ എന്നിവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഭാഗ്യാനുഭവക്കുറവ് അനുഭവപ്പെടും. നീച പ്രവർത്തികളിൽ താല്പര്യം വർദ്ധിക്കും. ഈശ്വരവിശ്വാസം കുറയും. സന്താന ക്‌ളേശം അനുഭവപ്പെടും.
പത്തിൽ നിന്നാൽ പ്രതീക്ഷയ്ക്ക് ഒത്തുയരാൻ കഴിയില്ല. ദുഷ്കീർത്തി ഉണ്ടാകും. പരോപകാര തല്പരത ഉണ്ടാകും. അലസത വെടിയണം. നീച പ്രവൃത്തികൾ ചെയ്യും.
പതിനൊന്നിലെ ഗുളികൻ യോഗകാരകനാണെന്ന് ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നു. ദീർഘായുസ്സ്, അഭീഷ്ടസിദ്ധി, ലാഭാനുഭവങ്ങൾ എന്നിവ അനുഭവപ്പെടും. ജ്യേഷ്ഠനു ദോഷം ഉണ്ടാകുന്നതായി കണ്ടുവരുന്നു.
പന്ത്രണ്ടിൽ നിന്നാൽ അനാവശ്യച്ചെലവുകൾ വർധിക്കും. അവിഹിത പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കും. ഭാഗ്യക്കുറവ് അനുഭവപ്പെടും. മരണത്തെക്കുറിച്ചും പ്രേതത്തെക്കുറിച്ചും ഭയമുള്ളവനായിരിക്കും. ദുസ്വപ്നങ്ങൾ കാണും.
ലേഖകന്റെ വിലാസം:
ശ്രീകുമാർ പെരിനാട്,
കൃഷ്ണകൃപ,
വട്ടിയൂർക്കാവ്. പി.ഒ.
തിരുവനന്തപുരം. 13.
മൊബൈൽ: 90375 20325
Email: sree kumarperinad @ gmail.com
English Summary : Gulikan Position in Horoscope