കാപ്പി സ്ട്രോങ്

Mail This Article
കൽപറ്റ (വയനാട്) ∙ കാപ്പി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യം കൂടിയിട്ടുണ്ട്. അതോടൊപ്പം രാജ്യത്ത് കാപ്പി കൂടുതൽ ഉൽപാദിപ്പിക്കുന്ന കർണാടകയിൽ ഉൽപാദനത്തിൽ 20% കുറവുണ്ടായെന്നാണു കണക്ക്. വയനാട്ടിലും കഴിഞ്ഞ വർഷത്തെക്കാൾ 30 മുതൽ 50% വരെ ഉൽപാദനത്തിൽ കുറവുണ്ട്. വിദേശ രാജ്യങ്ങളിൽ അടക്കം കാപ്പിയുടെ ഗുണമേന്മയെക്കുറിച്ചുള്ള പ്രചാരണങ്ങളും ആവശ്യകത വർധിക്കാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ വിളവെടുപ്പ് ആരംഭത്തിൽ തന്നെ വിലയുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കാപ്പിക്ക് ഇതുവരെ ഉണ്ടായിരുന്ന മികച്ച വില ലഭിച്ചത്; പരിപ്പ് ക്വിന്റലിന് 36,000 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 22,000 രൂപയും. ഇന്നലെ പരിപ്പ് ക്വിന്റലിനു 45,000 രൂപയും ഉണ്ട കാപ്പി ക്വിന്റലിനു 25,700 രൂപയും വിപണി വില ഉണ്ട്.