ബജറ്റിലെ ഇളവ് : ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് നിറഞ്ഞോടുമോ

Mail This Article
ഇന്നത്തെ ബജറ്റിൽ, വൈദ്യുത വാഹന ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) നീക്കം ചെയ്യാൻ ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള ചുവടു വയ്പാണ് ഇത് എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. 2030-ഓടെ വാഹന വിൽപ്പനയുടെ 30 ശതമാനം ഇവികളായി മാറ്റുക എന്ന ലക്‌ഷ്യം കേന്ദ്ര സർക്കാരിനുണ്ട്.താങ്ങാവുന്ന വിലയ്ക്ക് വൈദ്യത വാഹനങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനായി, കൊബാൾട്ട് പൗഡർ, ലിഥിയം-അയൺ ബാറ്ററി മാലിന്യങ്ങൾ, ലെഡ്, സിങ്ക്, മറ്റ് പന്ത്രണ്ട് നിർണായക ധാതുക്കൾ തുടങ്ങിയ പ്രധാന വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ (ബിസിഡി) പൂർണ്ണമായ ഇളവ് ഉൾപ്പെടെയുള്ള നികുതി ആനുകൂല്യങ്ങൾ ധനമന്ത്രി അവതരിപ്പിച്ചു. അവശ്യ ബാറ്ററി ഉൽപ്പാദന ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഇവി ബാറ്ററി ചെലവ് കുറയ്ക്കാനും, ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വിലക്കുറവിൽ പുറത്തിറക്കാനും സഹായിക്കും.
ലിഥിയം ഇറക്കുമതി കുറയും

പ്രവർത്തന ചെലവുകളിലെ ഈ കുറവ് ഇന്ത്യയുടെ ഇവി ബാറ്ററി വ്യവസായത്തെ ഉത്തേജിപ്പിക്കുകയും ആഭ്യന്തര ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.ഇലക്ട്രിക് വാഹന ബാറ്ററികളുടെ പ്രധാന ഘടകമായ ലിഥിയം ചൈനയിൽ നിന്നും അർജൻ്റീനയിൽ നിന്നും വരും വർഷങ്ങളിൽ ഇന്ത്യ ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്ന് ഉറപ്പാക്കുന്ന നയം സർക്കാർ കൊണ്ടുവരുമെന്ന് ഇന്നലെ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞിരുന്നു.
എഥനോൾ വില
ഫ്ലെക്സ് എഞ്ചിനുകളുള്ള വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള എഥനോളിൻ്റെ ചില്ലറ വിൽപ്പന വില കുത്തനെ കുറയ്ക്കാനുള്ള പദ്ധതിയിൽ മുന്നോട്ട് പോകുകയാണ് കേന്ദ്ര സർക്കാർ. ഡെൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയവുമായും മറ്റ് പങ്കാളികളുമായും വാഹനങ്ങൾക്കുള്ള എഥനോളിൻ്റെ ചില്ലറ വിൽപന വില കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ പറഞ്ഞു.'ഷുഗർ-എഥനോൾ ആൻഡ് ബയോ എനർജി ഇന്ത്യ കോൺഫറൻസിൽ' സംസാരിക്കുകയായിരുന്നുഅദ്ദേഹം.
ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടായ്, ടൊയോട്ട, സുസുക്കി തുടങ്ങി ഒമ്പത് കമ്പനികൾ കാറുകളും ഹീറോ, ടിവിഎസ്, ബജാജ്, ഹോണ്ട തുടങ്ങി നിരവധി കമ്പനികൾ 100% ബയോ എഥനോൾ ഉപയോഗിച്ച് ഓടാൻ കഴിയുന്ന ഇരുചക്രവാഹനങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .
ഇന്നത്തെ ബജറ്റിൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചതോടെ, വാഹന വില്പന കൂടുമെന്ന കണക്കുകൂട്ടൽ സർക്കാരിനുണ്ട്. പെട്രോൾ -ഡീസൽ ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ എഥനോൾ വാഹനങ്ങളും, ഇലക്ട്രിക്ക് വാഹനങ്ങളും ഇന്ത്യക്കാരുടെ പ്രിയപ്പെട്ടതാകും എന്നാണ് കരുതുന്നത്. ബജറ്റ് അവതരണത്തിന് ശേഷം വാഹന ഓഹരികൾ ഉണർവിലാണ്. വരും ദിവസങ്ങളിലും ഈ മേഖലയിലെ ഓഹരികളിൽ കൂടുതൽ ഊർജം ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തൽ.