13 ലക്ഷത്തിലേറെ വിദ്യാര്ത്ഥികൾ, പഠിച്ചിറങ്ങാൻ ചെലവെത്ര? വിദേശ വിദ്യാഭ്യാസ ബാധ്യതയുടെ കാണാപ്പുറങ്ങൾ

Mail This Article
ഔദ്യോഗിക കണക്കുകളനുസരിച്ച് ഈ വർഷം വ്യത്യസ്ത കോഴ്സുകളിലായി 13 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ പഠനം തുടരുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, ഓസ്ട്രേലിയ, ജർമനി തുടങ്ങി നൂറ്റിയെട്ടോളം രാജ്യങ്ങളിൽ നമ്മുടെ കുട്ടികൾ പഠിക്കുന്നുണ്ട്. പലപ്പോഴും അഡ്മിഷൻ കിട്ടിയതും വിദ്യാഭ്യാസവായ്പ തരപ്പെട്ടതുമാണ് തിടുക്കത്തിൽ വിദേശത്തേക്കു വിമാനം കയറാൻ കുട്ടികളെയും മാതാപിതാക്കളെയും പ്രേരിപ്പിക്കുന്നത്. പോകുന്ന രാജ്യത്തെ കുടിയേറ്റം സംബന്ധിച്ച നിയമങ്ങൾ, ജീവിതച്ചെലവ്, താമസസൗകര്യം എന്നിവയെക്കുറിച്ചൊന്നും തിരക്കിട്ട ആ പോക്കിൽ ചിന്തിക്കില്ല. അല്ലെങ്കിൽ അതുകൊണ്ടു യാത്ര മുടക്കാൻ ആരും തയാറല്ല. വിദേശപഠനം സംബന്ധിച്ചു തീരുമാനമെടുക്കുന്നതിൽ മുടക്കുന്ന പണം, അതുമൂലമുണ്ടാകുന്ന ബാധ്യതകൾ, വായ്പ തിരിച്ചടവ് എങ്ങനെ, താമസം, ഭക്ഷണം അടക്കമുള്ള മറ്റു ചെലവുകൾ, പഠനത്തോടൊപ്പവും അതിനുശേഷവും ലഭിക്കാവുന്ന ജോലിയും വരുമാനവും എന്നിവയൊക്കെയാണ് പ്രധാനം.
പഠിച്ചിറങ്ങാൻ ചെലവ് എത്ര?

വിവിധ രാജ്യങ്ങളിൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തിനിൽക്കുന്ന ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തങ്ങളുടെ നിലനിൽപിനായുള്ള പ്രതീക്ഷയാണ് ഇന്ത്യൻ വിദ്യാർഥികളും അവരിൽ നിന്നും ലഭിക്കുന്ന പണവും. ലോകത്തെ മുന്തിയ സ്ഥാപനം എന്നൊക്കെ അവകാശപ്പെട്ട് ഇന്ത്യൻ വിദ്യാർഥികളിൽനിന്നു പരമാവധി പണം വാങ്ങിയെടുത്തു വരവുചെലവുകൾ കൂട്ടിമുട്ടിക്കുന്ന സ്ഥാപനങ്ങൾ ഏറെയുണ്ടത്രേ. ജർമനിയിലും സ്പെയിനിലുമൊക്കെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് നാമമാത്രമാണെങ്കിലും പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ ഉയർന്ന ഫീസാണ്. പല രാജ്യങ്ങളിലും പബ്ലിക് യൂണിവേഴ്സിറ്റികളിലും ഉയർന്ന ഫീസ് നൽകേണ്ടിവരും. ഇപ്പോഴത്തെ വിനിമയനിരക്കുപ്രകാരം ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെ തരംതിരിക്കാതെതന്നെ ട്യൂഷൻ ഫീസ് ഉൾപ്പെടെ പഠനച്ചെലവ് 20 ലക്ഷം രൂപയെങ്കിലും വരും.
അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവയെ അപേക്ഷിച്ച് ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലും റഷ്യ, ചൈന എന്നിവിടങ്ങളിലും ഫീസ് കുറവാണ്. എന്നാൽ താമസം, ഭക്ഷണം, വസ്ത്രം, യാത്ര തുടങ്ങിയ പ്രധാന ചെലവിനങ്ങൾ വേറെയുമുണ്ട്. കോളജിൽ ലഭിക്കുന്ന താമസസൗകര്യത്തിനു ചെലവുകൂടും എന്നതിനാൽ പലപ്പോഴും പുറത്തു താമസിക്കേണ്ടിവരും. പരിമിത സൗകര്യങ്ങളിൽ തിങ്ങിഞ്ഞെരുങ്ങി താമസിച്ചാലും വർഷം ആറുലക്ഷം രൂപയിലധികം വേണ്ടിവരും. ഭക്ഷണം അടക്കമുള്ള ചെലവുകൾക്ക് ചുരുങ്ങിയത് 10ലക്ഷം പ്രതിവർഷം കരുതേണ്ടിവരും.
പഠനത്തിനിടയിൽ വർഷത്തിലൊരിക്കലെങ്കിലും നാട്ടിലേക്കു വരണമെങ്കിൽ വാർഷികച്ചെലവ് വീണ്ടും ഉയരും. ഫലത്തിൽ 50–65 ലക്ഷം രൂപയെങ്കിലും കണ്ടെങ്കിൽ മാത്രമേ കോഴ്സ് പൂർത്തിയാക്കാനാകൂ. മുന്തിയ കോളജുകളിലെ കോഴ്സുകൾക്ക് ഇതു വീണ്ടും ഉയരും.

മുടക്കുമുതലെങ്കിലും തിരികെക്കിട്ടുമോ?
പഠനത്തോടൊപ്പം ജോലിചെയ്യാമെന്നും മണിക്കൂറിന് വേതനം ലഭിക്കുമെന്നുമാണ് വിദേശ പഠനത്തിനു തയാറെടുക്കുന്നവരുടെ പൊതുവേയുള്ള ധാരണ. പഠനത്തോടൊപ്പം ജോലിചെയ്യാവുന്ന മണിക്കൂറുകൾക്ക് പല രാജ്യങ്ങളിലും പരിധിയുണ്ട്. അതായത്, ജീവിതച്ചെലവിനുള്ളത് ജോലി ചെയ്തു നേടാമെന്ന വിശ്വാസത്തിനു പല കടമ്പകൾ തടസ്സമാകും. വംശീയാധിക്ഷേപം യാഥാർഥ്യമാണെന്നിരിക്കെ അതിന് ഇരകളാകുന്നത് അസമയങ്ങളിലും മറ്റും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജോലിചെയ്യുന്നവരാണെന്ന് കാണാം. പഠനം പൂർത്തിയാക്കിയാൽതന്നെ മെച്ചപ്പെട്ട തൊഴിൽ ലഭിക്കുമെന്ന് യാതൊരു ഉറപ്പും ഇല്ല.

കുടിയേറ്റ നിയമങ്ങളിൽ വരുത്തുന്ന കാർക്കശ്യം മാത്രമല്ല, പൊതുവെ ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് പുതിയ ജോലികൾ നൽകാൻ മിക്ക രാജ്യങ്ങളിലും കോർപ്പറേറ്റുകളും സ്ഥാപനങ്ങളും വിമുഖത കാട്ടുന്നുണ്ട്. പിന്നെ കിട്ടാവുന്നത് ആഫ്രിക്കക്കാരും മറ്റും നടത്തുന്ന അനധികൃത സ്ഥാപനങ്ങളാണ്. അങ്ങനെ പിടിക്കപ്പെട്ടാൽ ഭാവി തന്നെ ഇരുട്ടിലാകും. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ആദായനികുതി നിരക്കുകൾ വരുമാനത്തിന്റെ 50 ശതമാനത്തോളം വരും, അതു കയ്യിലെത്തുന്ന തുക കുത്തനെ കുറയ്ക്കും. ജോലി കിട്ടിയാലും വിവിധ ചെലവുകൾക്കു മാത്രമേ ശമ്പളം തികയൂ. അതായത് മിച്ചംപിടിച്ച് വായ്പ തിരിച്ചടയ്ക്കൽ പലർക്കും സാധിക്കില്ല.
ആജീവനാന്ത കടബാധ്യത
വിദേശ വിദ്യാഭ്യാസത്തിന് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ശരാശരി 50 ലക്ഷം രൂപ വായ്പയെടുക്കുന്നതായാണ് പൊതുവേ കാണുന്നത്. പലപ്പോഴും ഇത് ഒരു കോടി രൂപവരെ ഉയരുകയും ചെയ്യും. വായ്പാ പലിശയാകട്ടെ 9 മുതൽ 12% വരെയാണ്. പഠനം പൂർത്തിയാക്കിയശേഷം 10വർഷത്തിനകം തിരിച്ചടയ്ക്കണം. ചില സ്ഥാപനങ്ങൾ 15വർഷംവരെ നൽകുന്നുണ്ട്.
50ലക്ഷം രൂപയുടെ വായ്പയെടുത്ത് മൂന്നു വർഷത്തെ വിദേശ കോഴ്സിനു ചേരുമ്പോൾ പഠനം പൂർത്തിയാകുന്നഘട്ടത്തിൽ പലിശ ഉൾപ്പെടെ 71ലക്ഷം രൂപ തിരിച്ചടയ്ക്കേണ്ടിവരും. പഠന കാലയളവിൽ വർഷം 5ലക്ഷം രൂപവീതം പലിശയിനത്തിൽ അടച്ചാൽ ഭാരം ഗണ്യമായി കുറയ്ക്കാം. എന്നാൽ മിക്കവർക്കും അതിനു കഴിയാറില്ല. അതിനാൽ പലിശയ്ക്ക് പലിശയും കൂടി ചേരുന്നതോടെ മാസം ഒരു ലക്ഷത്തോളം ഇഎംഐ ആയി അടച്ചാലും 10 കൊല്ലം കൊണ്ടേ തിരിച്ചടയ്ക്കാനാകൂ.
വിദേശത്തു ജോലിയിൽക്കയറുന്ന ഒരാൾക്ക് നികുതി, ജീവിതച്ചെലവ്, താമസത്തിനും യാത്രയ്ക്കുമുള്ള ചെലവ് എന്നിവയെല്ലാം കൂടിയാകുമ്പോൾ എത്ര വരുമാനമുള്ള ജോലി കിട്ടിയാലാണ് വായ്പ കുടിശ്ശികയില്ലാതെ തിരിച്ചടയ്ക്കാനാകുക? ഇതിനിടയിൽ നാട്ടിലേക്കു പണം അയയ്ക്കാനും സമ്പാദിക്കാനും മറ്റും എങ്ങനെയാണ് സാധിക്കുക? പല രാജ്യങ്ങളിലും ജോലിലഭ്യത കുറയുന്നതിനാൽ പഠനശേഷം വിദേശത്തു ജോലി ലഭിക്കാതെ തിരികെ വരേണ്ടിവരാം. അവർക്കു വിദ്യാഭ്യാസവായ്പ ആജീവനാന്ത ബാധ്യതയായി പരിണമിക്കും.

പിടിക്കാം 20% വരെ നികുതി
ഏഴുലക്ഷം രൂപയ്ക്കു മുകളിൽ വിദ്യാഭ്യാസ വായ്പയായി എടുത്ത തുക വിദേശത്തേക്ക് അയയ്ക്കുമ്പോൾ സ്രോതസ്സിൽനിന്നുള്ള നികുതി (ടിസിഎസ്) അര ശതമാനമാണ്. അതേ സമയം അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാഭ്യാസവായ്പ അല്ലെങ്കിൽ നിരക്ക് കുത്തനെ ഉയരും. അതായത് വിദ്യാഭ്യാസവായ്പ അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യത്തിനാണെങ്കിലും പുറത്തേക്ക് ഏഴുലക്ഷം രൂപയ്ക്കു മുകളിൽ അയച്ചാൽ 5% നികുതി പിടിക്കും. ട്യൂഷൻഫീസ്, ഹോസ്റ്റൽഫീസ്, ബുക്കുകൾ, സ്റ്റേഷനറി തുടങ്ങി നേരിട്ട് വിദ്യാഭ്യാസച്ചെലവിനായി അയയ്ക്കുന്ന തുകയ്ക്കാണ് ഈ 5%. ജീവിതച്ചെലവുകൾക്കും മറ്റും തുക അയയ്ക്കുമ്പോൾ ഉയർന്ന 20% നൽകേണ്ടിവരാം.
ഇൻഷുറൻസ് ചെലവും ഓർക്കണം
വിദേശത്തുവച്ച് രോഗവും അപകടങ്ങളും ഉണ്ടായാൽ ചികിത്സയ്ക്കു പണം വേണം. ഇന്ത്യയിൽനിന്നെടുക്കുന്ന സാദാ ലൈഫ്– മെഡിക്കൽ പോളിസികളിൽ ഇവിടത്തെ ക്ലെയിമുകൾ മാത്രമേ അനുവദിക്കുന്നുള്ളൂ. അതിനാൽ അധിക പോളിസികൾ അത്യാവശ്യമാണ്. പ്രമുഖ ഇൻഷുറൻസ് കമ്പനികളെല്ലാം വിദേശത്തുണ്ടാകുന്ന ക്ലെയിമുകൾക്കു പരിരക്ഷ നൽകുന്ന പ്രത്യേക പോളിസികൾ നൽകുന്നുണ്ട്. വിദേശ വിദ്യാഭ്യാസ ചെലവുകളിൽ ഇൻഷുറൻസ് ചെലവുകളുംകൂടി ഉൾപ്പെടുത്തേണ്ടിവരും. വിദേശരാജ്യങ്ങളിൽ പൗരന്മാർക്ക് മികച്ച സാമൂഹിക സുരക്ഷാപദ്ധതികളുണ്ടെങ്കിലും അവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് അതു പ്രതീക്ഷിക്കാനാകില്ല.
സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്