ഓഹരി വിപണിയിലും വരണം വരട്ട് ചൊറി

Mail This Article
ലോകത്ത് യുദ്ധം ഇല്ലാതാകാന്‍ ഒരു കിടിലന്‍ ഒറ്റമൂലി നിര്‍ദേശിച്ചത് സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറാണ്. ലോകത്ത് എല്ലാവന്‍മാര്‍ക്കും വരട്ട് ചൊറി വരണം. അപ്പോ എല്ലാവരും ചൊറിയും മാന്തിക്കൊണ്ടിരുന്നോളും. പിന്നെ വേറൊന്നും കാണില്ല. വേറൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സമയം കിട്ടില്ല. ഒരു കുല്‍സിത പ്രവര്‍ത്തനത്തിനും സമയം കിട്ടില്ല. അതായിരുന്നു ബഷീര്‍ ലൈന്‍.
അദ്ദേഹം എഴുതിയത് ഏതാണ്ട് ഇങ്ങനെയാണ്
ലോകത്ത് യുദ്ധം ഇല്ലാതാവണമെങ്കില്‍, സ്ത്രീ പുരുഷ ജാതി മത ഭേതമന്യേ സര്‍വര്‍ക്കും പരമ രസികന്‍ വരട്ടു ചൊറി വരണം. ചൊറിയുന്നിടത്ത് മാന്തുന്നതിനേക്കാള്‍ സമാധാനപൂര്‍ണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല
കോവിഡ് വന്നപ്പോള്‍ നമ്മളത് കണ്ടതാണല്ലോ. ജീവന്‍ രക്ഷിക്കാന്‍ അകത്തു അടച്ച് പൂട്ടി എല്ലാവരും ഇരുന്നപ്പോള്‍ യുദ്ധവും ഇല്ല. അക്രമവും ഇല്ല. ബഷീര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നേല്‍ ഇപ്പോള്‍ ഓഹരി വിപണിയെക്കുറിച്ച് ചോദിച്ചാലും ഈ ലൈനിലുള്ള മറുപടി തന്നെ ആയിരുന്നേനേ ബഷീറില്‍ നിന്നും വരിക എന്നുറപ്പാണ്.
കാരണം ഓഹരി വിപണിയിൽ ആസൂത്രിതമായ കുൽസിത പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. ഓഹരിവിപണിക്ക് നേരെ പടക്കം എറിഞ്ഞ് പൊട്ടിച്ച അമേരിക്കന്‍ പ്രസിഡന്റ് തന്നെ നിക്ഷേപര്‍ക്ക് ടിപ്പ് നല്‍കുക. ബൈ റെക്കമെന്റേഷന്‍ നല്‍കുക. പ്രസിഡന്റിന്റെ കമ്പനി ഒറ്റദിവസം കൊണ്ട് 25 ശതമാനത്തോളം ലാഭം കൊയ്യുക. കയ്യിലിരിപ്പും മനസിലിരിപ്പും ഇതായിരുന്നേല്‍ ഈ കോലാഹലത്തിനിടയില്‍ പ്രസിഡന്റിന്റെ കമ്പനി എന്തുമാത്രം വില്‍ക്കല്‍ വാങ്ങല്‍ നടത്തിയിട്ടുണ്ടാകും. അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ എടുത്ത ഓഹരി വിപണിയെ സ്വാധീനിക്കുന്ന ഓരോ തീരുമാനത്തിനു പിന്നിലും ഈ നേട്ട ത്വരയാരുന്നോ കാരണം. പത്രവാര്‍ത്തകളെ വിശ്വസിക്കാമെങ്കില്‍ അധികാരത്തിലെത്തും മുമ്പ് 40 കോടി ഡോളര്‍ നഷ്ടത്തിലായിരുന്ന (എന്നുവച്ചാല്‍ വെറും 3440 കോടി രൂപ) പ്രസിഡന്റിന്റെ കമ്പനി വെറും മാസങ്ങള്‍കൊണ്ട് നഷ്ടം നികത്തി എന്നുമാത്രമല്ല ലാഭത്തിലുമെത്തി. കമ്പനിയില്‍ പ്രസിഡന്റിനുള്ള 53 ശതമാനം ഓഹരിയുടെ മൂല്യം 41.5 കോടി ഡോളറായി ( 3565 കോടി രൂപ) ഉയര്‍ന്നുവത്രെ. ലോകത്തെ വിറപ്പിക്കുന്ന നേതാവെന്ന പരിവേഷം മാത്രമല്ല ഓഹരി വിപണിയിലൂടെ വന്‍ ലാഭം കൊയ്യാനും പ്രസഡന്റിനു കഴിഞ്ഞുവെന്ന് ചുരുക്കം.
ഈ നേട്ടമെല്ലാം പാവപ്പെട്ട റീട്ടെയ്ല്‍ നിക്ഷേപകരുടെ പോക്കറ്റില്‍ നിന്നാണ് എന്നോര്‍ക്കണം. പ്രസിഡന്റിനെ അനുകരിച്ച് മറ്റ് രാഷ്ട്ര തലവന്മാരും ഈ വഴിക്ക് ഇറങ്ങിയാല്‍ ഓഹരി വിപണിയുടെ ഗതി എന്താകും. അതായത് നയങ്ങൾ രൂപീകരിക്കുന്നവർ തന്നെ ഇൻസൈഡർ ട്രേഡിങിന് ഇറങ്ങിയാലോ ? ഓഹരി വിപണിയിലെ കമ്പനികളുടെ കളികള്‍ നമ്മളെല്ലാം ഇനി കാണാനിരിക്കുന്നതേയൂള്ളൂ. ഓഹരിവിപണി അങ്ങേയറ്റം പ്രവചനാതീതമായ കാലമാണ് ഇനി വരാനിരിക്കുന്നത്. അപ്പോള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ എന്തുചെയ്യും? വിപണിയെ പ്രവചിക്കാന്‍ നിക്കേണ്ട എന്നതാണ് ഏറ്റവും പ്രധാനപ്പട്ട കാര്യം. ഓഹരി വിപണിയെ അതിൻ്റെ വഴിക്കു വിടുക. വിപണിയെ സമീപിക്കേണ്ട അടിസ്ഥാന പ്രമാണം തന്നെ ഇവിടെ പിന്തുടര്‍ന്നാല്‍ മതി. നല്ല അടിസ്ഥാന ഗൂണമുള്ള കമ്പനികളുടെ ഓഹരികള്‍ വിലക്കുറവില്‍ വാങ്ങാന്‍ കിട്ടിയാല്‍ ദീര്‍ഘകാലത്തേക്ക് വാങ്ങിയിടാം. ഡേ ട്രേഡിങും ഊഹക്കച്ചവടവും തൽക്കാലം ചരുട്ടിക്കെട്ടുക. ശാന്തമായിരിക്കുക. ഓഹരിവിപണിയില്‍ പേടി വേണ്ട. ജാഗ്രത മാത്രം മതി.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com)