ബഹിരാകാശത്തു പറന്നുനടക്കുന്ന കോഴിക്കാൽ: അറോക്കോത്ത് എന്ന ദുരൂഹപാറ
Mail This Article
സൗരയൂഥമെന്നാൽ എന്താണ്? സൂര്യനും 8 ഗ്രഹങ്ങളും പിന്നെ പ്ലൂട്ടോയും എന്നായിരിക്കും ഉത്തരം. എന്നാൽ അതല്ല. അനേകമനേകം വസ്തുക്കൾ അടങ്ങിയതാണ് സൗരയൂഥം. ഛിന്നഗ്രഹങ്ങളും കുള്ളൻഗ്രഹങ്ങളും പാറകളും ഉൽക്കകളും മറ്റുമൊക്കെ അടങ്ങിയതാണ് സൗരയൂഥം. വളരെ വിചിത്രമായ രൂപവും ഘടനയുമൊക്കെയുള്ള അനേകം വസ്തുക്കൾ സൗരയൂഥത്തിലുണ്ട്. ഇക്കൂട്ടത്തിൽ വളരെ വിചിത്രമായ രൂപമുള്ള ഒരു വിദ്വാനാണ് അറോക്കോത്ത്. ഒരു ചിക്കൻകാൽ ഒഴുകി നടക്കുന്ന പോലെയിരിക്കും ഇതിനെ കണ്ടാൽ.
സൗരയൂഥത്തിൽ നെപ്ട്യൂൺ കഴിഞ്ഞിട്ടുള്ള മേഖലയിൽ ഭ്രമണം ചെയ്യുന്ന പാറക്കഷ്ണമാണ് അറോക്കോത്ത്. ഹബ്ബിൾ ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചാണ് ഇതു കണ്ടെത്തിയത്. 2014 എംയു69 എന്ന് ആദ്യം പേര് നൽകി. അൾട്ടിമ തൂലെ എന്ന് പിന്നീട് നാമകരണം ചെയ്തു. ഒടുവിൽ അറോക്കോത്ത് എന്നാക്കി മാറ്റി ഇതിനെ വിളിക്കുന്ന പേര്. പൗഹാട്ടൻ ഭാഷയിൽ അറോക്കോത്ത് എന്നാൽ ആകാശമെന്നാണ് അർഥം.
Read more : ആകാശത്തു നിന്നു തകർന്നുവീണ ലോട്ടറി: ഓസ്ട്രേലിയക്കാരനു കിട്ടിയത് 1 ലക്ഷം ഡോളർ
നെപ്റ്റ്യൂണിനപ്പുറം കൈപർ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 660 കോടി കിലോമീറ്റർ അകലെ. അറോക്കോത്തിനൊരു പ്രത്യേകതയുണ്ട്. ഇത്രയും ദൂരത്തു സ്ഥിതി ചെയ്തിട്ടും ഈ പാറയിൽ ഒരു ബഹിരാകാശപേടകം പര്യവേക്ഷണം നടത്തി. നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസൻസ് എന്ന പേടകമാണ് അറോക്കോത്തിനെ തെന്നിപ്പറന്ന് പര്യവേക്ഷണം നടത്തിയത്. ബാൾട്ടിമോറിലെ സ്പേസ് ടെലിസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് ദൗത്യത്തെ നിയന്ത്രിച്ചത്. മനുഷ്യനിർമിതമായ ഒരു പേടകം പര്യവേക്ഷണം നടത്തിയ ഏറ്റവും ദൂരത്തുള്ള വസ്തു എന്ന റെക്കോർഡ് ഇതോടെ അറോക്കോത്തിനായി.
400 കോടി വർഷങ്ങൾ പഴക്കമുള്ളതാണ് അറോക്കോത്തെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സൗരയൂഥത്തിന്റെ ആരംഭകാലം മുതൽ അറോക്കോത്ത് സ്ഥിതി ചെയ്യുന്നുണ്ടെന്ന് മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു. കാലങ്ങളിത്ര കഴിഞ്ഞിട്ടും അറോക്കോത്തിന്റെ ഘടനയ്ക്കു കാര്യമായി മാറ്റങ്ങളും വന്നിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. അതിനാൽ തന്നെ ഇതിൽ നടത്തുന്ന പഠനങ്ങൾ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെ പറ്റി വിവരങ്ങൾ നൽകുമെന്ന് അവർ വിശ്വസിക്കുന്നു.രണ്ട് ഭാഗങ്ങൾ കൂട്ടിച്ചേർന്നാണ് അറോക്കോത്ത് രൂപപ്പെട്ടത്. ഇതിൽ പൊടിപടലങ്ങളും തീരെ കുറവാണ്.
Content Summary : Space rock Arrokoth