കൈതവന ജംക്‌ഷനിൽ അപകടം ഒഴിവാക്കാൻ നടപടി വേണം: കെ.സി

Mail This Article
ആലപ്പുഴ ∙ കൈതവന ജംക്‌ഷനിൽ സുരക്ഷ ഉറപ്പ് വരുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി, മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്തെഴുതി. ജംക്‌ഷനിൽ അടിക്കടി അപകടങ്ങൾ ഉണ്ടാകുന്നത് സംബന്ധിച്ച മനോരമയുടെ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എംപി മന്ത്രിക്ക് കത്തെഴുതിയത്.എംപിയായ ശേഷം നടന്ന ജില്ലാ വികസനസമിതി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചിരുന്നതായി എംപി കത്തിൽ സൂചിപ്പിച്ചു. യോഗത്തിൽ വച്ച് വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതാണെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചില്ല.
ജംക്‌ഷനിൽ ഉയരവിളക്കില്ല. പരിസരത്തെ കടകളുടെ വെളിച്ചം മാത്രമാണുള്ളത്. ട്രാഫിക് സിഗ്നൽ ഇല്ലാത്തതിനാൽ എസി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ജംക്‌ഷൻ തിരിച്ചറിയാനാകുന്നില്ല. പഴവീട്, കളർകോട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ അതിവേഗത്തിൽ എത്തുന്നതും സാഹചര്യം വഷളാക്കുന്നു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ, റംബിൾ സ്ട്രിപ്പുകൾ, മുന്നറിയിപ്പ് അടയാളങ്ങൾ, തുടങ്ങിയ നിയന്ത്രണ മാർഗങ്ങൾ സ്ഥാപിക്കണം.
തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണം. തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹനങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജംക്‌ഷനുകളിൽ സിസിടിവി നിരീക്ഷണവും ട്രാഫിക് സിഗ്നലും സ്ഥാപിക്കണം. റോഡ് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഡ്രൈവർമാരെയും കാൽനടയാത്രക്കാരെയും ബോധവൽക്കരിക്കാൻ ക്യാംപെയ്നുകൾ സംഘടിപ്പിക്കണമെന്നും വേണുഗോപാൽ കത്തിൽ ആവശ്യപ്പെട്ടു.