ADVERTISEMENT

കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾക്കു നേതൃത്വം നൽകുന്ന എൻ. വേണുഗോപാലും എം. അനിൽകുമാറും തമ്മിലുള്ള സൗഹൃദ ഭാഷണം. രണ്ടുപേരും 3 ടേം വീതം കൗൺസിലർമാരായവർ. സ്വന്തം മുന്നണി ജയിച്ചാൽ അടുത്ത മേയറായേക്കുമെന്നു പലരും ചിന്തിക്കുന്ന നേതാക്കൾ

രാഷ്ട്രീയത്തിലും പുറത്തും വിയോജിപ്പിനേക്കാൾ കൂടുതൽ യോജിപ്പുകൾ വേണമെന്ന കാര്യത്തിൽ ഇരുവരും ഒരു പക്ഷത്തായപ്പോൾ , എന്നാൽ അതു കൊച്ചിയെക്കുറിച്ചാകാം എന്നു വഴിതിരിച്ചു വിട്ടതിന്റെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പു ചർച്ച. 1991ൽ ജില്ലാ കൗൺസിലിലേക്ക് എൻ. വേണുഗോപാൽ മത്സരിക്കുമ്പോൾ എം. അനിൽകുമാർ എളമക്കര ഭവൻസ് സ്കൂളിൽ വിദ്യാർഥിയാണ്. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പു നടക്കുകയാണ്.

ഇടതു സ്ഥാനാർഥി ജയിച്ചോ എന്നറിയാൻ ഓരോ പീരിയഡു കഴിയുമ്പോഴും മൈക്ക് അനൗൺസ്മെന്റ് ശ്രദ്ധിക്കും. അനിൽ ആഗ്രഹിച്ച സ്ഥാനാർഥി ജയിച്ചു. ആ ജില്ലാ കൗൺസിലിലെ പ്രതിപക്ഷ നേതാവായിരുന്നു എൻ. വേണുഗോപാൽ. അതിനു മുൻപു തൃപ്പൂണിത്തുറയിൽ നിന്നു നിയമസഭയിലേക്കു മത്സരിക്കാൻ വേണുഗോപാലിനു സീറ്റ് ഒത്തുവന്നതാണ്. 1980 ൽ. അവസാന നിമിഷം എൻഡിപിക്കു സീറ്റു നൽകിയപ്പോൾ ചാൻസ് പോയി. ഇങ്ങനെയൊക്കെയാണെങ്കിലും 2000ൽ വേണുഗോപാലും അനിൽകുമാറും ഒരുമിച്ചാണു കോർപറേഷൻ കൗൺസിലിൽ എത്തിയത്.

എന്നു തീരും ആ പണി?

2000 ൽ സി. എം. ദിനേശ്മണി മേയറായിരുന്ന കാലത്താണു കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ ജോലികൾ ആരംഭിക്കുന്നതെന്നു വേണുഗോപാൽ ഓർക്കുന്നു. അന്ന് 9 കോടിയാണു ബജറ്റ്. 2010 എത്തിയപ്പോഴേക്കും 18 കോടിയായി. പിന്നീട് 28 കോടി. ആര് അധികാരത്തിൽ വന്നാലും കെട്ടിടം പൂർത്തിയാക്കുകയെന്നതു കോർപറേഷന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്. ഇക്കാര്യത്തിൽ അനിലിനും വിയോജിപ്പില്ല. ഏറ്റവും പെട്ടെന്നു പൂർത്തിയാക്കണം.

ബുദ്ധിമുട്ടുകൾ ഉണ്ടാകും. ലീഡർ പറയാറുണ്ട്– ‘ഒരു കാര്യം തീരുമാനിച്ചാൽ ഏതു പ്രതിസന്ധി മറികടന്നും അതു നടപ്പാക്കണം’. പുതിയ കെട്ടിടത്തിന്റെ പ്ലാനും ഡിസൈനും പരിശോധിക്കുന്നതടക്കമുള്ള ജോലികളിൽ പങ്കാളിയായ തനിക്ക് ആ കെട്ടിടം പൂർത്തിയാക്കണമെന്നതിൽ പ്രത്യേക താൽപര്യമുണ്ടെന്ന് അനിൽകുമാർ.

2008 ൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായിരിക്കേ കൗൺസിലിൽ വച്ച 3 ഫയലുകൾ മാത്രമാണു കോൺഗ്രസ് എതിർത്തതെന്നു അനിൽകുമാർ– മന്ദിര നിർമാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കുന്നത്, ബ്രഹ്മപുരത്ത് മതിൽ കെട്ടുന്നത്, റോഡ് നിർമാണവുമായി ബന്ധപ്പെട്ട മറ്റൊരു ഫയൽ. ആ എതിർപ്പുകൾക്കു പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നുവെന്നു വേണുഗോപാൽ.

അപ്പോ, പഴയ ഓഫിസ്?

അതേക്കുറിച്ച് ആരും ഇതുവരെയും ആലോചിച്ചിട്ടില്ലല്ലോ. പാർക് അവന്യൂ റോഡിലെ ശാന്തതയും കൊച്ചിയുടെ പൈതൃകവും നിലനിർത്തുന്ന തരത്തിലുള്ള എന്തെങ്കിലും പദ്ധതികളാണ് അവിടെ വേണ്ടതെന്ന കാര്യത്തിൽ ഇരുവരും യോജിക്കുന്നു.

വേണം, എൻജിനീയറിങ് സെക്‌ഷൻ

കോർപറേഷനുകളിൽ എൻജിനീയറിങ് വിഭാഗം അത്യാവശ്യമാണെന്ന് എൻ. വേണുഗോപാൽ. സിവിൽ എൻജിനീയർ വാഹനങ്ങളുടെ മേൽനോട്ടവും ടൗൺ പ്ലാനിങും നടത്തണം. പദ്ധതികളിലെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർക്കു കാര്യമായ പിടിയില്ല. ഓരോ മേഖലയിലും വൈദഗ്ധ്യമുള്ള എൻജിനീയർമാർ ഇല്ല എന്നതു പ്രശ്നമാണ്. കരാറുകാരാണ് ഇപ്പോൾ സാങ്കേതിക കാര്യങ്ങളും നോക്കുന്നത്. കൊച്ചിക്കു ടൗൺ പ്ലാനർ ഇല്ല.

ഫിനാ‍ൻസ് ഓഫിസറില്ല, െഹൽത്ത് ഓഫിസറില്ല– നഗരത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉദ്യോഗസ്ഥർ കോർപറേഷനിൽ ഇല്ലെന്നതാണു യഥാർഥ പ്രശ്നം. റോഡുകൾ, കാനകൾ എന്നിവ സംബന്ധിച്ചെല്ലാം കൃത്യമായ മാപ്പുകളും പ്ലാനുകളുമുണ്ടാവണം. – നഗരത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇതെല്ലാം വേണമെന്ന കാര്യത്തിൽ രണ്ടുപേരും ഒരുപക്ഷത്താണ്. പദ്ധതികൾ നടപ്പാക്കാനുള്ള ഇച്ഛാശക്തി കൂടി കാണിക്കണം. അപ്പോൾ സംസ്ഥാന സർക്കാരും അനുബന്ധ ഏജൻസികളും ഉദ്യോഗസ്ഥരും കൂടെ നിൽക്കും– അനിൽകുമാറിന്റെ ഭേദഗതി.

എങ്ങനെ നിർത്തും വെള്ളക്കെട്ട്?

മഴവെള്ളം എങ്ങോട്ടാണ് ഒഴുക്കേണ്ടത് എന്നാണ് ആദ്യം അറിയേണ്ടതെന്ന് എൻ. വേണുഗോപാൽ. അതനുസരിച്ചു പദ്ധതികൾ ആസൂത്രണം ചെയ്യണം. എംജി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ  മാധവ ഫാർമസി ജംക്‌ഷൻ മുതൽ കിൻകോ ജെട്ടി വരെ റോഡിന്റെ മധ്യത്തിൽ പണ്ടു പൈപ്പിട്ടു. വേലിയേറ്റത്തിൽ തിരിച്ചു വെള്ളം കയറിയതോടെ പദ്ധതി അവസാനിപ്പിച്ചു. റോഡിനടിയിൽ ആ പൈപ്പ് ഇപ്പോഴും ഉണ്ടെന്ന് വേണുഗോപാൽ.

നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലെയും അഴുക്കുവെള്ളം കാനകളിലേക്കാണു തുറന്നു വച്ചിരിക്കുന്നത്. അതു മാറ്റണമെന്ന് എത്ര പറഞ്ഞാലും നടക്കില്ല. പേരണ്ടൂർ കനാലിലേക്കു മാത്രം 18,000 ടോയ്‌ലറ്റ് പൈപ്പുകളാണു തുറന്നു വച്ചിരിക്കുന്നത് – എൻ. വേണുഗോപാൽ പറഞ്ഞു. സി. എം. ദിനേശ്മണി മേയറായിരുന്ന കാലത്തു വെള്ളക്കെട്ട് ഒഴിവാക്കാനായി നടപ്പാക്കിയ ‘എസ്റ്റീം പദ്ധതി’യെ കുറിച്ചാണ് അനിൽകുമാർ ഓർത്തെടുത്തത്.

എൽഡിഎഫ് ആണു ഭരിച്ചതെങ്കിലും പദ്ധതിയുടെ ഭൂരിഭാഗവും നടപ്പാക്കിയതു യുഡിഎഫ് കൗൺസിലർമാരുടെ ഡിവിഷനുകളിലായിരുന്നു. വേലിയേറ്റവും വേലിയിറക്കവും നഗരത്തിലെ വെള്ളക്കെട്ടിനെ എങ്ങനെ ബാധിക്കുമെന്നു കൃത്യമായി പഠനം നടത്തിയ ശേഷമാണ് എസ്റ്റീം പദ്ധതികൾ ആവിഷ്ക്കരിച്ചത്.

3 പദ്ധതികൾ ഇതുമായി ബന്ധപ്പെട്ടു ചെയ്തു. പ്രതിപക്ഷ നേതാവായിരുന്ന വേണുഗോപാലിന്റെ ഭാഗത്തു നിന്നു പൂർണ പിന്തുണ ലഭിച്ചു. പക്ഷേ, പിന്നീടു വന്ന ഭരണ നേതൃത്വം ഇൗ ജോലികൾ തുടർന്നില്ല. അന്ന് അതു നടപ്പാക്കിയിരുന്നെങ്കിൽ ഇന്നു കൊച്ചി നേരിടുന്ന വെള്ളക്കെട്ട് ഒരു പരിധിവരെ തടയാൻ കഴിയുമായിരുന്നു.

എങ്ങനെയാവണം എന്റെ കൊച്ചി?

 ‘കൊച്ചിയെന്ന ടൂറിസ്റ്റ് ഹബ്ബ്’

അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ചാൽ ഇന്ത്യയിലെ ടൂറിസ്റ്റ് ഹബ്ബാകാൻ കഴിയുന്ന നഗരമാണു കൊച്ചിയെന്ന് എൻ. വേണുഗോപാൽ പറയുന്നു. ഇപ്പോൾ ടൂറിസ്റ്റുകൾ കൊച്ചിയിൽ വന്നാൽ വെറുതെ ഐസ്ക്രീം കഴിച്ചു പോകുകയാണ്. മറൈൻ ഡ്രൈവിൽ എത്തുന്ന ടൂറിസ്റ്റുകൾ സുഭാഷ് പാർക്കിലും രാജേന്ദ്രമൈതാനിയിലും വരും. അതിനുമപ്പുറം അവർക്ക് ഒന്നും ചെയ്യാനില്ല.

ഒരു ദിവസം മുഴുവൻ ടൂറിസ്റ്റുകൾക്ക് ഈ നഗരം ആസ്വദിക്കാൻ കഴിയണം. അതിനു വേണ്ടിയുള്ള പദ്ധതികൾ മനസ്സിലുണ്ട്. മറൈൻ ഡ്രൈവിലും, ഫോർട്ട് കൊച്ചിയിലും പോലും മതിയായ ശുചിമുറി സൗകര്യം ഇല്ല. ഇതൊക്കെ നടപ്പാക്കാൻ വലിയ പഠനത്തിന്റെയൊന്നും ആവശ്യമില്ല. നമ്മുടെ മുന്നിൽ കാണുന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചാൽ മാത്രം മതി. 

‘ജീവിക്കാൻ കഴിയുന്ന നഗരമാവണം കൊച്ചി’

ആരും വരാൻ കൊതിക്കുന്ന ശുചിയായ നഗരമായി കൊച്ചി മാറണമെന്ന് അനിൽകുമാർ പറയുന്നു. വെള്ളക്കെട്ട് ഒഴിവാക്കണം. കൊതുകിനെ നിയന്ത്രിക്കണം. സാധാരണക്കാർ കൂടിയുള്ള നഗരമാണിത്. കൂട്ടിച്ചേർക്കപ്പെട്ട പഞ്ചായത്തുകളാൽ വികസിച്ച നഗരമാണിത്. സുസ്ഥിര നഗര വികസനമാകണം ലക്ഷ്യം. എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന നഗരമെന്നതാണ് എന്റെ മനസ്സിലുള്ള ആശയം. സന്തോഷത്തോടെ ഇവിടെ ജീവിക്കാൻ കഴിയണം. അതിനു നമ്മുടെ സമീപനങ്ങൾ മാറണം. ഒരു സാംസ്കാരിക മാറ്റമാണു നമുക്കുണ്ടാകേണ്ടത്. ഇത് ‘എന്റെ നഗരമാണ്’ എന്ന് എല്ലാവർക്കും തോന്നണം.

ലീഡർ കരുണാകരനും കെ. ബാലചന്ദ്രനും

ലീഡർ കെ. കരുണാകരന്റെ ശിഷ്യനാണ് വേണുഗോപാൽ. കാര്യ നിർവഹണത്തിൽ ലീഡറുടെ രീതികൾ. എതിർപ്പുകൾക്കു മുന്നിൽ പതറുകയല്ല, നടത്തിയെടുക്കാനുള്ള നിശ്ചയ ദാർഢ്യം േവണം. കൊച്ചിക്ക് ഒട്ടേറെ പദ്ധതികൾ സമ്മാനിച്ചയാളാണ് കരുണാകരൻ. കൊച്ചിയിൽ സമീപകാലത്തു നടന്ന പ്രധാന റോഡു വികസനങ്ങൾക്കെല്ലാം പുറകിലുള്ള , മുൻ മേയറും ജിസിഡിഎ ചെയർമാനുമായ കെ. ബാലചന്ദ്രന്റെ ഉപദേശ നിർദേശങ്ങൾ അനിൽകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ട്.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com