ഇരുപതോളം പേർ തോളിലേറ്റി നീങ്ങിയ കൂറ്റൻ പാർട്ടി ചിഹ്നം; 300 കിലോഗ്രാമുള്ള അരിവാൾ ചുറ്റിക!
![ernakulam-cpm-symbol തിരുവനന്തപുരത്ത് എകെജി സെന്ററിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള അരിവാൾ ചുറ്റിക.](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2022/3/1/ernakulam-cpm-symbol.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ എറണാകുളത്ത് 1985ൽ നടന്ന സിപിഎം സംസ്ഥാന സമ്മേളത്തിന്റെ മായാത്ത അടയാളമാണു തിരുവനന്തപുരത്ത് എകെജി സെന്ററിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള അരിവാൾ ചുറ്റിക ചിഹ്നം. സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിനു നഗരം കണ്ട ആവേശകരമായ പ്രകടനത്തിന്റെ മുൻ നിരയിൽ ആ അരിവാളും ചുറ്റികയും ഉണ്ടായിരുന്നു. ഇരുപതോളം പേർ തോളിലേറ്റി നീങ്ങിയ കൂറ്റൻ പാർട്ടി ചിഹ്നം ഏവർക്കും കൗതുക കാഴ്ചയായി.
നഗരത്തിലെ കെട്ടിട നിർമാണ തൊഴിലാളികൾ ഇരുമ്പു കമ്പിയും തകിടും ഉപയോഗിച്ചു നിർമിച്ച, സ്വർണ വർണത്തിൽ തിളങ്ങിയ പാർട്ടി ചിഹ്നത്തിനു 300 കിലോഗ്രാം ആയിരുന്നു ഭാരം. സമ്മേളനം കഴിഞ്ഞതോടെ ചിഹ്നം എന്തുചെയ്യുമെന്നതായി പ്രശ്നം. കുറെക്കാലം സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചു. പിന്നീട് സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരം എകെജി സെന്ററിനു മുകളിൽ സ്ഥാപിക്കുകയായിരുന്നു. എകെജി സെന്ററിന്റെ പ്രധാന ആകർഷണമായി പിന്നീട് ഇതു മാറി.