പേട്ടയിൽ സിപിഎം യോഗത്തിൽ കയ്യാങ്കളി; 3 പേർക്കു പരുക്ക്
![ernakulam-cpm സിപിഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി ജനറൽ ബോഡി ബഹളത്തിൽ കലാശിച്ചപ്പോൾ. സി.എം. ദിനേശ്മണി വേദിയിൽ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2023/4/27/ernakulam-cpm.jpg?w=1120&h=583)
Mail This Article
പൂണിത്തുറ ∙ സിപിഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി യോഗത്തിൽ കയ്യാങ്കളി. 3 ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കു പരുക്ക്. രണ്ടു പേർക്ക് തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലും ലോക്കൽ കമ്മിറ്റി അംഗമായ വനിതാ നേതാവിന് തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലും പ്രഥമ ശുശ്രൂഷ നൽകി. ഇന്നലലെ രാത്രി ഏഴരയോടെ പേട്ടയിലെ സിപിഎം ഒാഫിസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ്മണി സംഭവത്തെ തുടർന്ന് യോഗം നടത്താനാവാതെ മടങ്ങി.
ജനറൽ ബോഡിക്കു മുൻപു നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ വനിതാ നേതാവ് അടക്കം 2 ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെ ആയിരുന്നു ബഹളം. പേട്ടയിലെ യൂണിയൻ ഓഫിസിന്റെ സ്ഥലം സ്വകാര്യ വ്യക്തിക്കു വിറ്റതും സാമ്പത്തിക ആരോപണങ്ങളും ലോക്കൽ സെക്രട്ടറിക്കെതിരെ ഉന്നയിച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെയായിരുന്നു നടപടി. പാർട്ടിക്കകത്ത് പക്വതയില്ലാതെ പെരുമാറിയെന്ന പേരിലായിരുന്നു അച്ചടക്ക നടപടി. ഇതിൽ ഒരംഗത്തിന്റെ അമ്മ കൂടിയാണ് പരുക്കേറ്റ വനിതാ നേതാവ്.
മുകൾ നിലയിൽ നിന്നു ലോക്കൽ കമ്മിറ്റി കഴിഞ്ഞ് ഇറങ്ങി വന്നവർ യോഗ തീരുമാനം പറഞ്ഞതോടെ സ്ത്രീയുമായി തർക്കമായി. ഉന്തും തള്ളിനുമിടെ സ്ത്രീ സ്റ്റെപ്പിൽ വീണു. രക്തസമ്മർദം കൂടി അവശയായതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. തള്ളിയിട്ട ആൾക്കും ബഹളത്തിൽ പരുക്കേറ്റു. മരട് പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിട്ടില്ല. ചേരി തിരിഞ്ഞ് ബഹളം ഏറെ നീണ്ടു. നൂറിലേറെ പ്രവർത്തകരായിരുന്നു യോഗത്തിനുണ്ടായിരുന്നത്.