സൗകര്യങ്ങൾ ഒരുക്കി,ഉറക്കമൊഴിച്ച് കാത്തിരുന്നു
![തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടവർ കുമളി ചെക് പോസ്റ്റിൽ ഇന്നലെ പുലർച്ചെ രണ്ടിന് എത്തിയപ്പോൾ തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടവർ കുമളി ചെക് പോസ്റ്റിൽ ഇന്നലെ പുലർച്ചെ രണ്ടിന് എത്തിയപ്പോൾ](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2020/5/11/idukki-kumily-check-post.jpg?w=1120&h=583)
Mail This Article
കുമളി ∙ കേരളത്തിലേക്ക് വരുന്നതിനിടെ തമിഴ്നാട് കരൂരിൽ അപകടത്തിൽപ്പെട്ടവർ വരുന്നതും കാത്ത് കുമളി ചെക് പോസ്റ്റിൽ ഉറക്കമൊഴിച്ച് കാത്തിരുന്നത് വൻ ഉദ്യോഗസ്ഥ സംഘം. പുലർച്ചെ 2 മണിയോടെയാണ് തമിഴ്നാടിന്റെ ബസ് കുമളിയിലെത്തിയത്. കൗണ്ടറുകളിലെ പരിശോധനയ്ക്കിടെ, ബസിലെ യാത്ര സുരക്ഷിതമല്ല എന്ന് തോന്നിയ 2 പേർക്കായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി.
എല്ലാവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. രാത്രി ഒരു മണിയോടെ ഇവരുമായുള്ള ബസ് കമ്പത്ത് എത്തിയപ്പോൾ വിവരം ചെക്പോസ്റ്റിൽ ലഭിച്ചു. 1.45ന് ഇവരുമായുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അതിർത്തി കടന്നെത്തി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ക്രമീകരിച്ചിരുന്നു.
പൊലീസ്, റവന്യു, പഞ്ചായത്ത്, ആരോഗ്യം, അഗ്നിശമന സേന, മോട്ടർ വാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥർ എല്ലാ സഹായവുമായി രംഗത്ത് ഉണ്ടായിരുന്നു. വാഹനം അഗ്നിശമന സേന അണുവിമുക്തമാക്കിയ ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്. വിവിധ വകുപ്പുകളുടെ ഏകോപന മികവിൽ പുലർച്ചെ 3 മണിക്ക് മുൻപായി പരിശോധനകൾ പൂർത്തീകരിച്ചു. 25 പേരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത്. കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് സംഘത്തിൽ അധികവും.