അതിർത്തി ചെക്പോസ്റ്റിൽ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ കൊയ്ത്ത്, 10 മിനിറ്റിൽ 4000 രൂപ
![കുമളിയിലെ മോട്ടർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റ് കുമളിയിലെ മോട്ടർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റ്](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2022/12/20/idukki-kumily-motor-vehicles-department-check-post-story.jpg?w=1120&h=583)
Mail This Article
കുമളി ∙ കുമളി അതിർത്തി ചെക് പോസ്റ്റിൽ ഡ്യൂട്ടി കിട്ടിയാൽ ഉദ്യോഗസ്ഥർക്കു ചാകര. കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണു സൂചനകൾ ലഭിച്ചത്. വിജിലൻസ് എത്തി 10 മിനിറ്റിനുള്ളിൽ 4000 രൂപയാണു കണക്കിൽപെടാതെ ഉദ്യോഗസ്ഥരുടെ കയ്യിൽ എത്തിയത്.
ശബരിമല സീസൺ തുടങ്ങിയതോടെ മിനിറ്റിൽ ഇരുപതിലധികം വാഹനങ്ങൾ അതിർത്തി കടന്ന് എത്തുന്നുണ്ട്. അയ്യപ്പഭക്തരുടെ വാഹനങ്ങളിൽ നിന്ന് ഒരാൾക്ക് 100 രൂപ നിരക്കിലാണു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വാങ്ങിയിരുന്നത്.
കിടു നെറ്റ്‌വർക്
വാങ്ങുന്ന തുക സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിന് ഇടനിലക്കാരുണ്ട്. ചെക് പോസ്റ്റിനു സമീപത്തെ ചില വ്യാപാര സ്ഥാപനങ്ങളിലാണ് ഇടനിലക്കാർ നിലയുറപ്പിക്കുക. ചെക് പോസ്റ്റിന് ഉള്ളിലേക്ക് കയറിപ്പോകുന്നവരെ നിരീക്ഷിക്കും. തുടർന്നു നിശ്ചിത ഇടവേളകളിൽ ഓഫിസിൽ എത്തി കൈക്കൂലിയായി എത്തിയ പണം മാറ്റും. ഇവർ എത്താൻ വൈകിയാൽ ഡ്യൂട്ടിയിലുള്ളവരിൽ ഒരാൾ പുറത്ത് വന്നു പണം കൈമാറും.
വഴി കടക്കാൻ ‘പടി’
സാധാരണ ദിവസങ്ങളിൽ ചരക്കു വാഹനങ്ങളുടെ എണ്ണം മാത്രം ശരാശരി 150 നു മുകളിലാണ്. എല്ലാ രേഖകളും ശരിയാണെങ്കിലും കൃത്യമായ 'പടി' കൊടുക്കണം. മോട്ടർ വാഹന വകുപ്പിൽ മാത്രമല്ല ‘പടി’ വാങ്ങൽ. ജിഎസ്ടി വന്നതോടെ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ചെക് പോസ്റ്റിൽ പ്രത്യേക ജോലി ഇല്ലെങ്കിലും ഇവർക്കും ചെക് പോസ്റ്റിൽ വാഹനവുമായി കാത്തു കിടക്കാനാണു താൽപര്യമെന്നാണു കണ്ടെത്തൽ.
ചെക്പോസ്റ്റിലേക്കു കയറി പോകുന്നവരെ കൈകാട്ടി വിളിച്ച് പണം വാങ്ങുന്നവരും ഇവർക്കിടയിൽ ഉണ്ട്. കഴിഞ്ഞ ദിവസം എത്തിയ വിജിലൻസ് സംഘത്തിനും ഈ അനുഭവമുണ്ടായി. മോട്ടർ വാഹന വകുപ്പിനെ ലക്ഷ്യമിട്ട് വന്നതിനാൽ അങ്ങോട്ടേയ്ക്കാണു വിജിലൻസ് ആദ്യം പോയത്. വൈകാതെ നികുതി ഉദ്യോഗസ്ഥരുടെ ഓഫിസിലേക്ക് എത്തിയെങ്കിലും അപകടം തിരിച്ചറിഞ്ഞ് അവിടെ ഉണ്ടായിരുന്നവർ വാഹനത്തിൽ കയറി സ്ഥലം വിട്ടു.