വഴിയരികിൽ തടി കൂട്ടിയിടുന്നതിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല
![idukki-woods idukki-woods](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2023/7/24/idukki-woods.jpg?w=1120&h=583)
Mail This Article
തൊടുപുഴ∙ വഴിയരികിൽ തടി കൂട്ടിയിട്ട് യാത്രക്കാരെ അപകടത്തിലാക്കുന്നത് സംബന്ധിച്ച പരാതികൾ ശക്തമാകുന്നതിനിടെ തടിയിറക്കാൻ റോഡരികിൽ രാത്രി നിർത്തിയ പിക്കപ് ജീപ്പിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവിന്റെ കാലൊടിഞ്ഞു. ശനിയാഴ്ച രാത്രി ഏഴരയോടെ കോലാനി ഇറക്കംപുഴ മണക്കാട് ബൈപാസിലുണ്ടായ അപകടത്തിൽ മണക്കാട് കുന്നത്തുപാറ സ്വദേശി കാർത്തിക്കിന്റെ (21) കാലാണ് ഒടിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കാർത്തിക്കിന്റെ കാലിന് ശസ്ത്രക്രിയ നടത്തി. തോളെല്ലിനും തകരാർ സംഭവിച്ചു.
നഗരത്തിൽ ഇലക്ട്രോണിക് കട ഉടമയായ കാർത്തിക് കടയടച്ച് മടങ്ങും വഴിയാണ് സിഗ്നൽ ലൈറ്റ് ഇല്ലാതെ റോഡിനു കുറുകെ നിർത്തിയിരുന്ന പിക്കപ് ജീപ്പിൽ ഇടിച്ചു ബൈക്ക് മറിഞ്ഞത്. ഇവിടെ വഴി വിളക്കും ഇല്ല. അതേസമയം ഇത് സംബന്ധിച്ച് ഇന്നലെ മൊഴി കൊടുക്കാൻ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ നിർത്തിയിട്ട ജീപ്പിൽ ഇടിച്ചതിന് പരുക്കേറ്റയാളുടെ പേരിൽ കേസെടുക്കുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.
കോലാനി ബൈപാസിൽ കച്ചവടക്കാർ തടികൾ കൂട്ടിയിടുന്നത് അപകടം ഉണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി ഒരാഴ്ച മുൻപ് നാട്ടുകാർ രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇത്തരത്തിൽ വിറകും തടികളും കൂട്ടിയിടുന്നത് കൊതുക് വളരാനും ഇടയാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. തടി റോഡിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർക്കൊപ്പം എത്തിയ വനിത കൗൺസിലറെയും നാട്ടുകാരെയും അന്ന് തടി കച്ചവടക്കാരൻ ഭീഷണിപ്പെടുത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതെ തുടർന്ന് ചെയർമാനും മറ്റ് കൗൺസിലർമാരും പൊലീസും എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
തടി റോഡരികിൽ നിന്ന് നീക്കാൻ കച്ചവടക്കാരൻ തയാറാകാത്തതിനെ തുടർന്ന് നഗരസഭ അധികൃതർ തടി ലോറിയിൽ കയറ്റി കൊണ്ടു വന്ന് സൂക്ഷിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ഇതേ കച്ചവടക്കാർ വിറകും തടിയും മറ്റും ഇറക്കംപുഴ ബൈപാസിലും മണക്കാട് റോഡിലും ഇടാൻ തുടങ്ങിയത്. വഴിയോരത്ത് ടാറിങ്ങിനോട് ചേർന്ന് തടി ഇടുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പരാതി ശക്തമാണെങ്കിലും പൊലീസും നഗരസഭ അധികാരികളും ശക്തമായ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന കച്ചവടക്കാരെ ചോദ്യം ചെയ്യുന്ന നാട്ടുകാരെയും ഇവർ ഭീഷണിപ്പെടുത്തുകയാണ്.