‘അമ്മയ്ക്കു കാൻസറായിട്ടാണോ പണം ചോദിക്കാൻ വന്നതെന്നു ചോദിച്ചു; പല തവണ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നിട്ടുണ്ട്’
Mail This Article
കട്ടപ്പന ∙ റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ വല്ലാതെ ദ്രോഹിച്ചെന്ന്, മരിച്ച സാബു തോമസിന്റെ ഭാര്യ മേരിക്കുട്ടി. കെണിയിൽ പെട്ടുപോയി, ഇനി രക്ഷപ്പെടാൻ പാടാണെന്ന് അവസാനദിവസം സാബു എന്നോടു പറഞ്ഞു. എന്തു ചെയ്യുമെന്ന് അറിയില്ലെന്നും പറഞ്ഞു. ഭീഷണിപ്പെടുത്തിയതു കൊണ്ടാണു സാബുവിന്റെ മരണം സംഭവിച്ചത്. നീതി കിട്ടുന്നതുവരെ കേസുമായി മുന്നോട്ടുപോകും. ഞങ്ങളെ വേദനിപ്പിച്ചതിനു കണക്കില്ല– മേരിക്കുട്ടി പറഞ്ഞു.
മേരിക്കുട്ടി പറഞ്ഞത്: ‘‘2006ൽ സാബു ഓസ്‌ട്രേലിയയിലേക്കു പോയി. 2007 മുതൽ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചു. സ്ഥലം വാങ്ങൽ സംബന്ധിച്ചു പണം തിരിച്ചെടുക്കേണ്ട ആവശ്യം വന്നു. അപ്പോഴാണു പ്രശ്‌നങ്ങൾ തുടങ്ങിയത്. 10 ലക്ഷം രൂപ പിൻവലിക്കാൻ ചെന്നപ്പോൾ സെക്രട്ടറിയുൾപ്പെടെ ഞങ്ങളുടെ കടയിലേക്കു വന്നു. പെട്ടെന്നു പറഞ്ഞാൽ പണം കിട്ടില്ലെന്ന് അറിയിച്ചു. പല തവണ കയറിയിറങ്ങിയിട്ടാണു കുറച്ചു പണം തിരിച്ചു കിട്ടിയത്. സൊസൈറ്റിയിൽ നിന്നു പല തവണ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നിട്ടുണ്ട്. പിന്നീട് സൊസൈറ്റിയിൽ ഞാനാണു പോയിരുന്നത്.
സാബു അവിടേക്കു പോകാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കാര്യങ്ങൾ പറയാനുള്ള ശക്തി സാബുവിന് ഇല്ലായിരുന്നു. മാതാപിതാക്കളുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനുമെല്ലാം പണം വേണം. ഒരു വർഷത്തിനകം നിക്ഷേപത്തുക മുഴുവൻ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാസം 5 ലക്ഷം രൂപ വീതം തരാമെന്ന് അറിയിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ 3 ലക്ഷം വീതമേ തരൂ എന്നായി. പിന്നീട് അതിനും പണമില്ലെന്നു പറഞ്ഞു. പല തവണ ഞങ്ങളെ സൊസൈറ്റിയിലേക്കു വിളിപ്പിച്ചു. സെക്രട്ടറി അടക്കമുള്ളവർ മോശമായാണു പെരുമാറിയിരുന്നത്.
അമ്മയ്ക്കു കാൻസറായിട്ടാണോ പണം ചോദിക്കാൻ വന്നിരിക്കുന്നതെന്നുവരെ ചോദിച്ചു. ഒരു ലക്ഷം രൂപയും പലിശയും ചേർത്ത് ഓരോ മാസവും തരാമെന്നു ബോർഡ് മീറ്റിങ്ങിനു ശേഷം പറഞ്ഞു. അതു ഞങ്ങൾ സമ്മതിച്ചു. പൈസ ഒരിക്കലും യഥാസമയം തന്നിരുന്നില്ല. എനിക്കു യൂട്രസിനു പ്രശ്‌നം തുടങ്ങിയിട്ട് 10 വർഷമായെങ്കിലും പല കാരണങ്ങളാൽ ഓപ്പറേഷൻ നടത്താതെ മുന്നോട്ടുപോകുകയായിരുന്നു.
പെട്ടെന്ന് ആശുപത്രിയിൽ പോകേണ്ടിവന്നപ്പോഴാണു സൊസൈറ്റിയെ സമീപിച്ചു പണം ആവശ്യപ്പെട്ടത്. ഞാൻ ആശുപത്രിയിൽ അഡ്മിറ്റായ ശേഷം സാബുവും പിന്നീടു മകനും സൊസൈറ്റിയിൽ ചെന്നു. 40,000 രൂപയാണു തന്നത്. ആശുപത്രിയിൽ കൂടുതൽ പണം ആവശ്യമുള്ളതിനാൽ സാബു വീണ്ടും ചെന്നപ്പോൾ പൈസ വാങ്ങിക്കൊണ്ടു പോകുന്നതു കാണണമെന്നു പറഞ്ഞു വെല്ലുവിളിക്കുകയാണു ജീവനക്കാർ ചെയ്തത്. സാബു ജീവനക്കാരെ മർദിച്ചെന്നു കള്ളം പ്രചരിപ്പിച്ചു. സാബുവിന് അതു സഹിക്കാൻ പറ്റിയില്ല.’’