ദേശീയപാതാ അധികൃതർ അറിയാൻ റോഡിൽ മാത്രമല്ല മഴ പെയ്യുക

Mail This Article
കണ്ണൂർ ∙ കനത്ത മഴയെത്തുടർന്ന് ജില്ലയിൽ വെള്ളക്കെട്ടുണ്ടായ മിക്ക സ്ഥലങ്ങളിലും സ്ഥിതിയിൽ മാറ്റമില്ല. ദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും പുഴ, തോട് എന്നിവയുടെ സമീപങ്ങളിലുമാണ് വെള്ളക്കെട്ട് തുടരുന്നത്. ദേശീയപാതയ്ക്കായി മണ്ണിട്ടുയർത്തി പ്രധാന റോഡും സർവീസ് റോഡും നിർമിച്ച സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. മഴവെള്ളം ഒഴുകിപ്പോയിരുന്ന ഡ്രെയ്നേജുകളും കൈത്തോടുകളും നീർച്ചാലുകളും ദേശീയപാത നിർമാണത്തിനിടെ അടഞ്ഞതാണു പ്രതിസന്ധി തീർത്തത്.
പുതുതായി ഡ്രെയ്നേജ് നിർമിച്ചിട്ടുണ്ടെങ്കിലും ഇത് പ്രധാന റോഡിൽ നിന്നുള്ള മഴ വെള്ളം ഒഴുകിപ്പോകാൻ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. പരിസരത്തുണ്ടാകുന്ന വെള്ളക്കെട്ടിനെ പരിഗണിക്കാതെയുള്ള പ്രവൃത്തികളാണ് മേഖലയിലെ ഇത്തവണയുണ്ടായ വെള്ളക്കെട്ടിനു കാരണം. ദേശീയപാതയ്ക്കായി വയലുകളിലും ചതുപ്പുകളിലും മണ്ണിട്ടുയർത്തിയ സ്ഥലങ്ങളിൽ പോലും മഴവെള്ളം ഒഴിഞ്ഞ് പോകാനുള്ള കാര്യക്ഷമമായ സംവിധാനങ്ങൾ ഏർപെടുത്തിയിട്ടില്ല. കേരളത്തിലെ മഴക്കാലത്തെ കണക്കിലെടുത്തുള്ള സംവിധാനങ്ങൾ ദേശീയപാത അതോറിറ്റി ഏർപ്പെടുത്തുന്നുണ്ടെന്ന് സംസ്ഥാന സർക്കാരോ പ്രാദേശിക സർക്കാരുകളോ ഉറപ്പാക്കാത്തതും വിമർശിക്കപ്പെടുന്നുണ്ട്.
മലക്കുതാഴെ

മുഴപ്പിലങ്ങാട്∙ ദേശീയപാത പ്രവൃത്തികൾ നടക്കുന്ന മലക്കുതാഴെ പ്രദേശത്തു വെള്ളക്കെട്ട് തുടരുന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നൂറോളം കുടുംബങ്ങൾ താമസംമാറി. വെള്ളക്കെട്ടിനു പരിഹാരംതേടി കഴിഞ്ഞദിവസം സർവകക്ഷി സംഘം കണ്ണൂരിലെ ദേശീയപാത അതോറിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. ഇന്നലെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഡ്രെയ്നേജുകളിൽ നിന്ന് ചെളികോരിമാറ്റി. കൂറ്റൻ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമവും ദേശീയപാത നിർമാണ കരാർ ഏജൻസികൾ നടത്തുന്നുണ്ട്.
ബാലം
മുഴപ്പിലങ്ങാട്–മാഹി ബൈപാസിലെ ബാലം പാലത്തിനു സമീപം ചതുപ്പിൽ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെട്ടു. ബാലത്ത് പുഴയ്ക്കുകുറുകെ പാലം നിർമിച്ച് ചതുപ്പിൽ റോഡ് നിർമിക്കാനായിരുന്നു ആദ്യ തീരുമാനം. ചതുപ്പിലെ റോഡ് നിർമാണം കാര്യക്ഷമമാകാത്തതിനെ തുടർന്ന് ഇവിടെയും പാലം നിർമിക്കാനാണ് ഇപ്പോൾ പദ്ധതി. റോഡ് നിർമിക്കാൻ നേരത്തേ ചതുപ്പിൽ തള്ളിയ മണ്ണാണ് പ്രദേശത്തു വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുള്ളത്.
ചാല
ചാല∙ വയലിൽ ദേശീയപാത നിർമാണം നടക്കുന്നതിന് സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ വീടൊഴിഞ്ഞുപോയവർ തിരിച്ചെത്തിയിട്ടില്ല. ദേശീയപാതയ്ക്കായി വലയിൽ മണ്ണിട്ടപ്പോൾ നീർച്ചാലുകൾ, കൈത്തോടുകൾ എന്നിവ അടഞ്ഞതും ചാല തോടിന്റെ ചില ഭാഗങ്ങളിൽ മണ്ണുനിറഞ്ഞ് വീതി കുറഞ്ഞതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.
കക്കാട്
കക്കാട്∙ കക്കാട് പുഴ കരകവിഞ്ഞ് ഒഴുകുന്നതിനെ തുടർന്ന് കക്കാട് പള്ളിപ്രം റോഡ് വെള്ളത്തിലാണ്. മഴയ്ക്ക് ശമനുമുണ്ടെങ്കിലും പുഴയിലെ വെള്ളം ഒഴുകിപ്പോകുന്നില്ല. പുഴയേത് റോഡേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ് സ്ഥലത്ത്. കക്കാട് നിന്ന് പള്ളിപ്രം ഭാഗത്തേക്ക് വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ പോകുന്നതും ഭീഷണിയായിട്ടുണ്ട്. കയ്യേറ്റങ്ങൾ ഒഴുപ്പിച്ച് പുഴയുടെ ആഴം കൂട്ടണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
കാനാംപുഴ
താഴെചൊവ്വ∙ കനത്ത മഴയിൽ കാനാംപുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് പുളുക്കോംപാലം, ചീപ്പ് റോഡ് പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും വീടൊഴിഞ്ഞ കുടുംബങ്ങളിൽ പലരും തിരിച്ചെത്തിയിട്ടില്ല. മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും വെള്ളക്കെട്ട് ഉണ്ടാകുമോ എന്നതാണ് ഇവരുടെ ആശങ്ക. മാത്രമല്ല വെള്ളം കയറിയ വീടുകൾ ശുചിയാക്കി വേണം താമസം ആരംഭിക്കാൻ.