ഭൂമിയും നീതിയും തിരിച്ചുപിടിച്ച് 18 കർഷക കുടുംബങ്ങൾ

Mail This Article
കൊന്നക്കാട് ∙ കാടിനുള്ളിൽ നീതിയുടെ നാട് തെളിഞ്ഞു. 18 വർഷം നീണ്ട നിശബ്ദ പോരാട്ടത്തിന് ഒടുവിൽ ബളാൽ പഞ്ചായത്തിലെ അത്തിയടുക്കം ഗ്രാമത്തിലെ 18 കർഷക കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ ലഭിച്ചു. ഇതിനുള്ള പുനർ വിജ്ഞാപനം മന്ത്രി എ.കെ.ശശീന്ദ്രൻ വെള്ളരിക്കുണ്ടിൽ ഇന്നലെ പുറത്തിറക്കി.കർഷരുടെ കൃഷിഭൂമി നിക്ഷിപ്ത വനമാക്കി മാറ്റിയ വനംവകുപ്പ് നടപടിക്കെതിരെ 5 വർഷം മുൻപ് ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചിട്ടും പട്ടികവർഗക്കാരടക്കമുള്ള ഇവിടുത്തെ കർഷകർക്ക് ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല.
ഹർജിക്കാർക്ക് ഈ ഭൂമി ഡീനോട്ടിഫൈ ചെയ്തു നൽകാൻ വനംവകുപ്പ് തയാറാകാത്തതായിരുന്നു പ്രധാന പ്രശ്നം. നിയമ പോരാട്ടങ്ങൾക്കൊടുവിൽ 2 വർഷം മുൻപ് ഇവരുടെ ഭൂമിയുടെ നികുതി സ്വീകരിച്ചു തുടങ്ങിയിരുന്നു. 7 പട്ടികവർഗ കുടുംബങ്ങൾ ഉൾപ്പെടെ 11 പേർ കോടതിയിലെ നിലവിലുള്ള കേസിൽ കക്ഷി ചേരാത്തതിനാൽ ഇവരുടെ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനകീയ സമരസമിതി ഇന്നലെ മന്ത്രിക്കു നിവേദനം നൽകിയിരുന്നു.സ്വന്തം ഭൂമിയിൽ അന്യരായി ജീവിക്കേണ്ടി വരുന്ന ഈ കർഷകരുടെ അവസ്ഥ 2018ൽ ‘ഹൃദയനിലത്തെ കണ്ണീർ’ എന്ന പ്രത്യേക പരമ്പരയിലൂടെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. മെട്രോ മനോരമയും ഈ ക്യാംപെയ്ൻ തുടർന്നുള്ള വർഷങ്ങളിൽ ഏറ്റെടുത്തു.
ജില്ലയിൽ ഒരു ആർആർടി കൂടി ഉടൻ: മന്ത്രി
വെള്ളരിക്കുണ്ട്∙ ജില്ലയിൽ ഒരു ആർആർടി കൂടി ഉടൻ അനുവദിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ.വന– വന്യമൃഗ സംരക്ഷണം ജനനന്മയ്ക്ക് വേണ്ടിയാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വനം ഉദ്യോഗസ്ഥർ പ്രാദേശികമായി തുറന്ന ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അത്തിയടുക്കം നിവാസികൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വിതരണവും വനനീര് പദ്ധതി പ്രഖ്യാപനവും ശുദ്ധജല പദ്ധതിക്കായുള്ള വനഭൂമി കൈമാറൽ ചടങ്ങും വനംവകുപ്പിന്റെ പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും നിർവഹിച്ച് മന്ത്രി പറഞ്ഞു.

ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. സബ് കലക്ടർ കെ.പ്രദീപ്കുമാർ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്.ദീപ, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി, എ.അപ്പുക്കുട്ടൻ, എ.സി.എ ലത്തീഫ്, ജെറ്റോ ജോസഫ്, പി.ടി.നന്ദകുമാർ, എം.പി.ജോസഫ്, മോൻസി ജോയി, ജോസ് കാക്കകൂടുങ്കൽ, മത്തായി അനുമറ്റം, കെ.ടി.സ്കറിയ, ജോർജ്കുട്ടി തോമസ്, സി.കെ.രമേശൻ, കെ.സി.മുഹമ്മദ്കുഞ്ഞി, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, ഡപ്യൂട്ടി കൺസർവേറ്റർ പി.ബിജു, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം.പി.രവീദ്രൻ, തഹസിദാർ പി.വി.മുരളി, കെ.അഷറഫ് എന്നിവർ പ്രസംഗിച്ചു.