ശ്..! മേൽക്കൂര എവിടെ? കരാറിൽ മേൽക്കൂര ഇല്ല!;പാതിവഴിയിൽ നിലച്ച് യുഐടി കെട്ടിടനിർമാണം
![ശാസ്താംകോട്ട യുഐടി (യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കോളജിന്റെ കെട്ടിട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ. ശാസ്താംകോട്ട യുഐടി (യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കോളജിന്റെ കെട്ടിട നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kollam/images/2022/5/21/kollam-sasthamkotta-uit-college-building.jpg?w=1120&h=583)
Mail This Article
ശാസ്താംകോട്ട ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി) കോളജിനു കെട്ടിടം നിർമിക്കാനുള്ള 75 ലക്ഷം രൂപയുടെ പദ്ധതിയിൽ കരാർ നൽകിയത് രണ്ടാം നിലയ്ക്ക് മേൽക്കൂരയില്ലാതെ. കിണറും ശുചിമുറി ടാങ്കും അനുബന്ധ സൗകര്യങ്ങളൊന്നും ഉറപ്പാക്കാതെ തുടങ്ങിയ പദ്ധതി പാതിവഴിയിൽ നിലച്ചു.
രണ്ട് നിലകളിലായി 6 ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടത്തിനായി കോവൂർ കുഞ്ഞുമോൻ എംഎൽഎയാണ് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ ജൂണിൽ നിർമാണം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരക്കിട്ട് നിർമാണോദ്ഘാടനം നടത്തിയെങ്കിലും കോവിഡിനെ തുടര്‍ന്നു നടപടികൾ ഇഴഞ്ഞു. പിന്നീട് സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഭിന്നതകൾ കാരണം,
കാലാവധി നീട്ടിനൽകാനുള്ള അപേക്ഷ അനുവദിച്ചത് മൂന്നര മാസം കഴിഞ്ഞാണ്. ഇതിനിടെ താഴത്തെ നില മാത്രം പൂർത്തീകരിച്ച് നൽകാമെന്ന ലക്ഷ്യത്തോടെ എസ്റ്റിമേറ്റ് തിരുത്തിയെങ്കിലും കോളജ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ശുദ്ധജലവും ശുചിമുറി സൗകര്യവും എങ്ങനെ ഒരുക്കുമെന്ന ചോദ്യം ബാക്കിയായി. എംഎൽഎ 40 ലക്ഷം രൂപ കൂടി അനുവദിച്ചാൽ മാത്രമേ പദ്ധതി പൂർത്തീകരിക്കാനാകൂ. ഇതിനായി പുതിയ കരാർ വയ്ക്കണം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയാറാക്കിയതിലെ പിശകാണു പദ്ധതിയെ ബാധിച്ചതെന്നു പരാതിയുണ്ട്.
എന്നാൽ എസ്റ്റിമേറ്റ് തയാറാക്കിയതിൽ പിഴവ് ഉണ്ടായിട്ടില്ലെന്നും ലഭ്യമായ ഫണ്ടിൽ ഒരു നില നിർമിച്ച് രണ്ടാം നിലയുടെ തൂണുകൾ കോൺക്രീറ്റ് ചെയ്യാന്‍ മാത്രമാണ് കഴിയുകയെന്നും പൊതുമരാമത്ത് വകുപ്പ് പറഞ്ഞു. ഇതനുസരിച്ചാണ് കരാർ നൽകിയതെന്നും കൂടുതൽ ഫണ്ട് ലഭിച്ചാൽ പുതിയ കരാർ കൊടുത്ത് പദ്ധതി പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.