ADVERTISEMENT

തിരുവാർപ്പ് ∙ ശമ്പളത്തർക്കത്തെ തുടർന്നു സിഐടിയു കൊടികുത്തിയ ബസിനു മുന്നിൽ ഉടമയെ മർദിച്ച പഞ്ചായത്തംഗം കൂടിയായ സിഐടിയു ജില്ലാ നേതാവിനെ അറസ്റ്റ് ചെയ്തു. സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനും സിപിഎം–സിഐടിയു പ്രവർത്തകരുടെ മർദനമേറ്റു. ബസ് ഓടിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി നിർദേശം വന്നശേഷം രണ്ടാം ദിനവും സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞില്ല. തൊഴിൽമന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് 1.45ന് ജില്ലാ ലേബർ ഓഫിസർ ചർച്ച നടത്തും. സിഐടിയു സമരത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം നടത്തിവരികയാണ് ഉടമ രാജ്മോഹൻ കൈമൾ. ഇന്നലെ രാവിലെ 7.45ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് രാജ്മോഹനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ കെ.ആർ.അജയ് കയ്യേറ്റം ചെയ്തത്. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു അക്രമം. ഓടിയെത്തിയ പൊലീസുകാരൻ പഞ്ചായത്തംഗത്തെ പിടിച്ചുമാറ്റി.

സിഐടിയു കൊടി നാട്ടിയതിനെ തുടർന്നു തിരുവാർപ്പ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിനു മുൻപിൽ ലോട്ടറി കച്ചവടം തുടരുന്ന ഉടമ രാജ്മോഹൻ കൈമൾ.                    ചിത്രം: മനോരമ
സിഐടിയു കൊടി നാട്ടിയതിനെ തുടർന്നു തിരുവാർപ്പ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസിനു മുൻപിൽ ലോട്ടറി കച്ചവടം തുടരുന്ന ഉടമ രാജ്മോഹൻ കൈമൾ. ചിത്രം: മനോരമ

ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്മോഹൻ തുടർന്ന് കുമരകം സ്റ്റേഷനിലെത്തി പ്രവർത്തകർക്കൊപ്പം അജയ്‌യുടെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം തുടങ്ങി. ഈ സമയം സ്റ്റേഷനിൽ എത്തിയ അജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീടു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉച്ചയ്ക്കു 2നു തിരുവാർപ്പിൽ ബസ് കിടക്കുന്ന സ്ഥലത്തെത്തിയ ഉടമയ്ക്ക് സിഐടിയു–സിപിഎം പ്രതിഷേധത്തെ തുടർന്ന്് ബസ് എടുക്കാനായില്ല. തുടർന്നു വൈകിട്ടോടെ പൊലീസെത്തി ഉടമയുടെ യാർഡിലേക്കു ബസ് മാറ്റി.വിഷയത്തിൽ തൊഴിൽമന്ത്രി ഇടപെട്ടതിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തുന്നതായി സിഐടിയു അറിയിച്ചു. അതേസമയം, സംഭവം റിപ്പോർട്ട് ചെയ്തു മടങ്ങുകയായിരുന്ന മാതൃഭൂമി കുമരകം ലേഖകൻ എസ്.ഡി.റാമിനെ സിപിഎം – സിഐടിയു പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചു. പരുക്കേറ്റ റാമിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിഐടിയുക്കാർ കൊടികുത്തിയ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടവുമായി രാജ്മോഹൻ വെട്ടിക്കുളങ്ങര.
സിഐടിയുക്കാർ കൊടികുത്തിയ ബസിനു മുന്നിൽ ലോട്ടറിക്കച്ചവടവുമായി രാജ്മോഹൻ വെട്ടിക്കുളങ്ങര.

കൊടികുത്തി സിഐടിയു; കോട്ടും സ്യൂട്ടുമിട്ട് ഉടമ

തിരുവാർപ്പ്–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ശമ്പളത്തർക്കത്തിന്റെ പേരിൽ സിഐടിയു കൊടികുത്തിയതു കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ്. തിങ്കളാഴ്ച മുതൽ ഉടമ രാജ്മോഹൻ ബസിനു മുന്നിൽ കോട്ടും സ്യൂട്ടുമിട്ടു ലോട്ടറിക്കച്ചടവും തുടങ്ങി. ഹൈക്കോടതിയെ സമീപിച്ച് ബസ് ഓടിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവ് രാജ്മോഹൻ നേടിയിരുന്നു. വരുമാനം ഇല്ലാത്തതിനാൽ സമരം ചെയ്യുന്ന ജീവനക്കാർക്ക് കൂടിയ ബാറ്റ നൽകാൻ സാധിക്കില്ലെന്നാണ് ഉടമയുടെ നിലപാട്. ലേബർ ഓഫിസിൽ നടന്ന ചർച്ചയിൽ അംഗീകരിച്ച ശമ്പളം എല്ലാ ജീവനക്കാർക്കും നൽകണമെന്നാവശ്യപ്പെട്ടാണു സമരമെന്നാണ് മോട്ടർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയന്റെ (സിഐടിയു) നിലപാട്.

ബസിലെ ജീവനക്കാരെ പുറത്താക്കിയ ബസുടമയുടെ നടപടിക്കെതിരെ തിരുവാർപ്പിൽ കൊടി കുത്തിയ ബസിനു മുന്നിൽ സിഐടിയു തൊഴിലാളികൾ കുടിൽ കെട്ടി നടത്തുന്ന രണ്ടാംഘട്ട  സമരം.  
സിഐടിയു കൊടി നാട്ടിയതിനെത്തുടർന്നു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടർന്നിരുന്ന ഉടമ 
രാജ്മോഹനെ ബസിനു സമീപം കാണാം.                                                        ചിത്രം: മനോരമ
ബസിലെ ജീവനക്കാരെ പുറത്താക്കിയ ബസുടമയുടെ നടപടിക്കെതിരെ തിരുവാർപ്പിൽ കൊടി കുത്തിയ ബസിനു മുന്നിൽ സിഐടിയു തൊഴിലാളികൾ കുടിൽ കെട്ടി നടത്തുന്ന രണ്ടാംഘട്ട സമരം. സിഐടിയു കൊടി നാട്ടിയതിനെത്തുടർന്നു ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം തുടർന്നിരുന്ന ഉടമ രാജ്മോഹനെ ബസിനു സമീപം കാണാം. ചിത്രം: മനോരമ

തുക വർധിപ്പിച്ചിരുന്നു: ബസ് ഉടമ

തിരുവാർപ്പ് ∙ ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കലക്‌ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു കൂലിവർധന നിർദേശിച്ചിരുന്നു. ഡ്രൈവർക്ക് 960 രൂപയും കണ്ടക്ടർക്കു 875 രൂപയും നൽകിയിരുന്നത് യഥാക്രമം 1000, 925 രൂപയായി വർധിപ്പിച്ചു. ഡീസൽ ചെലവു കൂടാതെ ബസിന്റെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റു ചെലവുകൾക്കു ദിവസം 1300 രൂപ വേണ്ടി വരും. ബസ് ഓടി ഈ തുകയ്ക്കൊപ്പം 700 രൂപ കൂടി കൂടുതലായി ലാഭം കിട്ടിയാൽ ഡ്രൈവർക്കു ശമ്പളത്തിനു പുറമേ 135 രൂപയും കണ്ടക്ടർക്കു 145 രൂപയും നൽകാനും ആണു തീരുമാനം. എന്നാൽ, ബസിനു പലപ്പോഴും 2000 രൂപ അധികമായി ലഭിക്കാറില്ല. തുക ലഭിച്ചാലും ഇല്ലെങ്കിലും ശമ്പളത്തിനു പുറമേയുള്ള അധിക ബാറ്റ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. 

കൂട്ടിയ തുക ലഭിക്കുന്നില്ലെന്ന് സമരം ചെയ്യുന്ന തൊഴിലാളികൾ 

ലേബർ ഓഫിസിൽ 6 തവണ ചർച്ച ചെയ്ത ശേഷമാണു കൂലി വർധനയിൽ തീരുമാനമായത്. 2023 ജനുവരി 16 മുതൽ ഇതു നടപ്പാക്കുമെന്നും തീരുമാനിച്ചു. നിലവിൽ കിട്ടുന്ന കൂലിയിൽ നിന്ന് 175 രൂപ കൂട്ടി നൽകാനാണു തീരുമാനം. എന്നാൽ, സിഐടിയുക്കാരായ 2 തൊഴിലാളികൾക്ക് വെട്ടിക്കുളങ്ങര ബസ് ഉടമ ലേബർ ഓഫിസിൽ നിശ്ചയിച്ച പ്രകാരം കൂലി കൂട്ടി നൽകുന്നില്ല. ഇതേ ഉടമയുടെ മറ്റു ബസുകളിൽ കൂടിയ തുക നൽകുന്നുണ്ട്. സമരം ചെയ്യുന്ന തൊഴിലാളിയുടെ ക്ഷേമനിധി ഇപ്പോൾ കൊടികുത്തിയ ബസിന്റെ പേരിലാണ് അടയ്ക്കുന്നത്. അതാണ് ഈ ബസിനു മുന്നിൽ സമരം നടത്തുന്നത്.

റിപ്പോർട്ട് നൽകാൻ അഡിഷനൽ ലേബർ കമ്മിഷണറെ ചുമതലപ്പെടുത്തി: മന്ത്രി ശിവൻകുട്ടി 

തിരുവനന്തപുരം ∙ വെട്ടിക്കുളങ്ങര ബ‍സുകളുടെ ഉടമയും ജീവനക്കാരും തമ്മിലുള്ള തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടു റിപ്പോർട്ട് നൽകാൻ അഡിഷനൽ ലേബർ കമ്മിഷണർ (എൻഫോഴ്സ്മെന്റ്) കെ.എം.സുനിലിനെ ചുമതലപ്പെടുത്തി. വിഷയം രമ്യമായി പരിഹരിക്കാനുള്ള ഇടപെടൽ തൊഴിൽ വകുപ്പ് നടത്തുന്നതെന്ന്‌ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ തൊഴിലാളികളുടെ ഭാഗത്തു നിന്നും സംരംഭകന്റെ ഭാഗത്തു നിന്നും എന്തുണ്ടായി എന്ന് ഇപ്പോൾ പറയാനാകില്ല. പ്രശ്നങ്ങളിൽ മുൻപത്തെക്കാൾ വേഗത്തിൽ സർക്കാർ ഇടപെടുന്നുണ്ട്. സംരംഭകർക്കു തകരാറാണെന്ന തരത്തിലുള്ള ചർച്ചകൾ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും മന്ത്രി പറഞ്ഞു.

രാജ്മോഹൻ കൈമൾ വെട്ടിക്കുളങ്ങര ബസ് ഉടമ

തിരുവാർപ്പ് വഴി സർവീസ് നടത്തുന്ന എന്റെ 4 ബസും സിഐടിയുവിനു സർവീസ് നടത്താൻ വിട്ടു നൽകാം. ബസിലെ ഒരു ജീവനക്കാരനു നൽകുന്ന ആയിരമോ അതല്ലെങ്കിൽ എത്രയാണോ നിശ്ചയിച്ചിരിക്കുന്നത് അത്രയും രൂപ നൽകിയാൽ മതി. ബസ് മുതലാളി എന്നു പറഞ്ഞതു കൊണ്ടു കാര്യമില്ല. നഷ്ടത്തിലാണു സർവീസ് നടത്തുന്നത്. 8 ദിവസം സമരം നടത്തിയതിനെത്തുടർന്നു 50,000 രൂപ നഷ്ടം സംഭവിച്ചു. തൊഴിലാളികൾ എത്തിയാൽ ഇന്നു സർവീസ് പുനരാരംഭിക്കും. തൊഴിലാളികൾക്കു ഭീഷണിയുള്ളതിനാൽ എത്തുമോ എന്നറിയില്ല.

അജയൻ കെ. മേനോൻ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്

ബസ് സമരം നിർത്തിയിട്ടില്ല. തൊഴിൽ മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് ഡ്രൈവർ എത്തിയാണു ബസ് സമര സ്ഥലത്തു നിന്നു മാറ്റിയത്. മറ്റു തൊഴിലാളികൾക്കു കൂലിവർധന നൽകുകയും സിഐടിയു തൊഴിലാളികൾക്കു നൽകാതിരിക്കുകയും ചെയ്യുന്നതു ശരിയല്ല. ബസിലെ തൊഴിലാളികൾ എത്തി സർവീസ് നടത്തിയാൽ തടയില്ല. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്ബസ് സമരം നിർത്തിയിട്ടില്ല. തൊഴിൽ മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷ. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് ഡ്രൈവർ എത്തിയാണു ബസ് സമര സ്ഥലത്തു നിന്നു മാറ്റിയത്. മറ്റു തൊഴിലാളികൾക്കു കൂലിവർധന നൽകുകയും സിഐടിയു തൊഴിലാളികൾക്കു നൽകാതിരിക്കുകയും ചെയ്യുന്നതു ശരിയല്ല. ബസിലെ തൊഴിലാളികൾ എത്തി സർവീസ് നടത്തിയാൽ തടയില്ല.

കെ.ആർ. അജയ് സിഐടിയു ജില്ലാ കമ്മിറ്റിയംഗം, സംഭവത്തിൽ അറസ്റ്റിലായയാൾ

ബസ് ഉടമ രാജ്മോഹൻ പാർട്ടിയെയും പ്രവർത്തകരെയും അധിക്ഷേപിക്കുന്ന രീതിയിൽ പ്രകോപനപരമായി സംസാരിച്ചു. സംഘർഷം ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചു. ബസിലെ തോരണം അഴിച്ചുമാറ്റുമ്പോഴും ചീത്ത വിളിക്കുന്നുണ്ടായിരുന്നു. കൊടിയും തോരണവും അഴിക്കുന്നതു തടസ്സപ്പെടുത്താനാണു ശ്രമിച്ചത്.

 ബിൻസ് ജോസഫ്, എസ് എച്ച്ഒ, കുമരകം

ബസ് ഏറ്റെടുത്തു ഉടമയായ രാജ്മോഹനു കൈമാറി. കണ്ടക്ടറെയും ഡ്രൈവറെയും എത്തിച്ചു സർവീസ് തുടങ്ങുന്ന ദിവസം മുതൽ പൊലീസ് സംരക്ഷണം നൽകും.

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com