ചരിത്രത്തിലാദ്യം; ഇന്ത്യൻ മാതളനാരങ്ങയുമായി കപ്പൽ ഓസ്ട്രേലിയയിൽ

Mail This Article
ഇന്ത്യയുടെ മാതളനാരങ്ങകൾ (Pomegranate/Anar) ചരിത്രത്തിലാദ്യമായി കപ്പൽ ‘യാത്ര ചെയ്ത്’ ഓസ്ട്രേലിയൻ മണ്ണിലെത്തി. നേരത്തേ വിമാനമാർഗമായിരുന്ന കയറ്റുമതിയാണ്, ഓസ്ട്രേലിയക്കാരിൽ നിന്ന് വൻ ഡിമാൻഡ് ലഭിച്ചതിനാൽ കപ്പലുവഴിയുമാക്കിയത്. കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ കയറ്റുമതി ചെയ്തു സാമ്പത്തികലാഭം നേടാമെന്നതാണ് ചരക്കുനീക്കം കടൽവഴിയാക്കുന്നതിന്റെ നേട്ടം.
അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട് ഡവലപ്മെന്റ് അതോറിറ്റിയും (APEDA) അഗ്രോസ്റ്റാർ, കേ ബീ എക്സ്പോർട്സും ചേർന്നാണ് കയറ്റുമതി നടത്തിയതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഓസ്ട്രേലിയയിൽ വിപണിപ്രവേശനത്തിന് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് 2024 ജൂലൈയിലായിരുന്നു വിമാനമാർഗം ആദ്യ കയറ്റുമതി. രുചിയും നിലവാരവും ഓസ്ട്രേലിയക്കാർക്ക് വൻ ഇഷ്ടമായതോടെ ഡിമാൻഡ് കൂടി. തുടർന്നാണ്, കപ്പൽമാർഗം കൂടുതൽ ചരക്കെത്തിക്കുന്നത് ആലോചിച്ചത്.
മഹാരാഷ്ട്രയിലെ ഷോലാപുർ മേഖലയിൽ നിന്നുള്ള സാംഗോല (Sangola) ഇനവുമായി ആദ്യ കപ്പൽ പുറപ്പെട്ടത് ഇക്കഴിഞ്ഞ ഡിസംബർ ആറിന്. 5.7 മെട്രിക് ടൺ മാതളനാരങ്ങകളുമായി ജനുവരി 13ന് കപ്പൽ ഓസ്ട്രേലിയയിലെ സിഡ്നിയിലെത്തി. 3 കിലോ വീതമുള്ള 1,900 ബോക്സുകളാണ് കപ്പലിലുണ്ടായിരുന്നത്. ഭഗ്‍വ (Bhagwa) ഇനത്തിന്റെ 1,872 ബോക്സുകളുമായി രണ്ടാമത്തെ കപ്പൽ ജനുവരി ആറിന് ബ്രിസ്ബേനിലുമെത്തി. സിഡ്നി, ബ്രിസ്ബേൻ, മെൽബൺ നഗരങ്ങളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതൽ ഓർഡറുകളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business