ADVERTISEMENT

കോട്ടയം ∙ ശമ്പളത്തർക്കത്തെ തുടർന്നു തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയ സംഭവത്തിൽ ജില്ലാ ലേബർ ഓഫിസർ വിളിച്ചു ചേർത്ത ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചർച്ച ഇന്നും തുടരാൻ ധാരണ. സർവീസ് നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധി വന്ന് മൂന്നാം ദിനവും ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബസ് ഉടമ രാജ്മോഹൻ കൈമളിനെ സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ.ആർ.അജയ് മർദിച്ചിരുന്നു. തുടർന്നു പൊലീസ്, ഉടമയുടെ യാർഡ‍ിലേക്കു ബസ് മാറ്റിയിട്ടിരുന്നു.

സിഐടിയു സമരത്തെ തുടർന്ന് ഓട്ടംനിലച്ച വെട്ടിക്കുളങ്ങര ബസിൽ നിന്ന് കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന പൊലീസ് 
ഉദ്യോഗസ്ഥർ.  ബസ് സംഭവസ്ഥലത്തു നിന്നു പൊലീസ് 
കസ്റ്റഡിയിൽ എടുത്ത് ഉടമ രാജ്മോഹന്റെ വീടിനു 
സമീപത്തേക്കു മാറ്റി.    		           ചിത്രം: മനോരമ
സിഐടിയു സമരത്തെ തുടർന്ന് ഓട്ടംനിലച്ച വെട്ടിക്കുളങ്ങര ബസിൽ നിന്ന് കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ. ബസ് സംഭവസ്ഥലത്തു നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഉടമ രാജ്മോഹന്റെ വീടിനു സമീപത്തേക്കു മാറ്റി. ചിത്രം: മനോരമ

തൊഴിൽമന്ത്രി വി.ശിവൻകുട്ടി ഇടപെട്ടാണ് ജില്ലാ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ ഇന്നലെ ചർച്ച വിളിച്ചത്. റൊട്ടേഷൻ അടിസ്ഥാനത്തിൽ എല്ലാ ജീവനക്കാർക്കും രാജ്മോഹന്റെ 4 ബസുകളിലും ജോലി നൽകാമെന്ന നിർദേശം തത്വത്തിൽ അംഗീകരിച്ചെങ്കിലും ജില്ലാ നേതൃത്വവുമായി കൂടിയാലോചന വേണമെന്ന സിഐടിയു നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് ഇന്നു രാവിലെ വീണ്ടും ചർച്ച നടത്തുന്നത്.   

എല്ലാ ബസുകളിലും ഒരേ കൂലി വേണമെന്നു സിഐടിയു; റൊട്ടേഷൻ ആകാമെന്നു ബസ് ഉടമകൾ

ജില്ലാ ലേബർ ഓഫിസിൽ 3 മണിക്കൂർ നീണ്ട ചർച്ച ഈ നിലപാടുകളെ ചുറ്റിപ്പറ്റി:

സിഐടിയുവിന്റെ ആവശ്യം: ബസ് ഉടമ രാജ്മോഹൻ കൈമളിന്റെ ബസുകളിൽ വ്യത്യസ്ത കൂലിയാണു നൽകുന്നത്. ഇത് അംഗീകരിക്കാനാവില്ല. വർധിപ്പിക്കാൻ ധാരണയായ 175 രൂപ എല്ലാ ബസുകളിലെ ജീവനക്കാർക്കും നൽകണം.

ബസ് ഓപ്പറേറ്റേഴ്സ് അസോസിയേൻ നിർദേശം: നഷ്ടത്തിലുള്ള ബസുകളിൽ വിട്ടുവീഴ്ച നടത്തണമെന്നു ശമ്പളം വർധിപ്പിച്ചപ്പോൾ ധാരണയുണ്ട്. രാജ്മോഹന്റെ 4 ബസുകളിൽ ഒരെണ്ണം പൂർണമായ നഷ്ടത്തിലാണ്. ഒരു ബസ് ലാഭത്തിലും മറ്റു രണ്ടെണ്ണം ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലും. ഇതിനാൽ ജീവനക്കാർക്കു റൊട്ടേഷൻ അടിസ്ഥാനത്തിൽ എല്ലാ ബസുകളിലും ജോലി നൽകാം. അപ്പോൾ എല്ലാവർക്കും ഏറെക്കുറെ ഒരേ ശമ്പളം കിട്ടുന്ന സ്ഥിതി വരും. ഇനിയും ശമ്പളം വർധിപ്പിക്കാനാകില്ല.

ജില്ലാ ലേബർ ഓഫിസർ മിനോയ് ജയിംസ് ചർച്ചയ്ക്കു നേതൃത്വം നൽകി. പ്രൈവറ്റ് ബസ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ്.സുരേഷ്, വൈസ് പ്രസിഡന്റുമാരായ ഡാന്റിസ് അലക്സ്, ജാക്സൺ പി.ജോസഫ്, വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹൻ കൈമൾ, മോട്ടർ മെക്കാനിക് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്  പി.ജെ.വർഗീസ്, സെക്രട്ടറി സി.എസ്.സത്യനേശൻ, തൊഴിലാളികളായ ടി.ആർ.സിജികുമാർ, ഷാമോൻ എന്നിവ പങ്കെടുത്തു. ചർച്ചയുടെ റിപ്പോർട്ട് അഡീഷനൽ ലേബർ കമ്മിഷണർക്കു കൈമാറിയെന്നു ജില്ലാ ലേബർ ഓഫിസർ പറഞ്ഞു. 

വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹൻ കൈമൾ ബസുകളുടെ വിവരങ്ങളടങ്ങിയ രേഖകളുമായി ചർച്ചയ്ക്കായി ജില്ലാ ലേബർ ഓഫിസിലേക്ക് എത്തുന്നു.ചിത്രം: മനോരമ

തൊഴിലാളികളുടെ എണ്ണത്തിലും തർക്കം

വെട്ടിക്കുളങ്ങര ബസുകളിൽ എത്ര തൊഴിലാളികൾ ? സിഐടിയു യൂണിയനിൽ ഉൾപ്പെടുന്ന തങ്ങൾ രണ്ടു പേരുൾപ്പെടെ 8 പേരാണു രാജ്മോഹൻ കൈമളിന്റെ 4 ബസുകളിലെ ജീവനക്കാരെന്നു സിഐടിയു പക്ഷത്തുള്ള തൊഴിലാളികൾ പറയുന്നു. 3 പേർ ബിഎംഎസ് യൂണിയനിൽപെട്ടവരും ഒരാൾ കെടിയുസി അംഗവുമാണ്. മറ്റു 3 പേർക്കു രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമില്ലെങ്കിലും ബിഎംഎസിൽ ചേർന്നിരിക്കാമെന്നും ഇവർ പറഞ്ഞു.

എന്നാൽ, തന്റെ ബസുകളിൽ 15 തൊഴിലാളികളുണ്ടെന്ന് ഉടമ രാജ്മോഹൻ പറഞ്ഞു. 7 ഡ്രൈവർമാരും 8 കണ്ടക്ടർമാരും. ഇതിൽ 10 പേർ ബിഎംഎസ് യൂണിയനിൽ പെട്ടവരാണ്. 4 പേർ സിഐടിയു യൂണിയനിലും ഒരാൾ കെടിയുസിയിലും പ്രവർത്തിക്കുന്നു. 4 സിഐടിയു പ്രവർത്തകരിൽ 2 പേർ ഇപ്പോൾ ഓടുന്ന തന്റെ ബസുകളിൽ ജോലി ചെയ്യുന്നുണ്ടെന്നും രാജ്മോഹൻ അവകാശപ്പെടുന്നു.

സിറ്റി സർവീസുകൾ ‘വെന്റിലേറ്ററിൽ’

കോട്ടയം ∙ സിറ്റി സർവീസുകളെ കോവിഡ്, ‘വെന്റിലേറ്ററിൽ’ ആക്കിയെന്നു ബസ് ഉടമകൾ. ചെറിയദൂരം യാത്ര നടത്തുന്ന ബസുകൾക്കു 30% യാത്രക്കാരെ കോവിഡിനുശേഷം നഷ്ടപ്പെട്ടെന്നാണു വിലയിരുത്തൽ. ഈ യാത്രക്കാർ സ്വന്തം വാഹനങ്ങളിലേക്കു മാറി.ജില്ലയിൽ സർവീസ് നടത്തുന്ന 900 ബസുകളിൽ 30% പൂർണമായും നഷ്ടത്തിലാണ്. ഇവയിൽ ഭൂരിഭാഗവും ചെറിയ ദൂരത്തിൽ സർവീസ് നടത്തുന്ന ബസുകളാണ്. ദിവസം 9000 രൂപയിൽ കൂടുതൽ ലഭിച്ചാൽ മാത്രമേ എന്തെങ്കിലും വരുമാനം ലഭിക്കൂവെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ്.സുരേഷ് പറഞ്ഞു.

ഡീസൽ, ശമ്പളം എന്നിവയടക്കം 7500 രൂപയും ഇൻഷുറൻസ്, മെയ്ന്റനൻസ് അടക്കം 1250 രൂപയും പ്രതിദിന ചെലവുണ്ട്. പല ബസുകളിലും ഈ തുക ലഭിക്കുന്നില്ല. ഇതിനാലാണു സിറ്റി സർവീസ് ബസുകളിൽ ശമ്പളവർധന നടപ്പാക്കിയപ്പോൾ വിട്ടുവീഴ്ചകൾ വേണമെന്നു ജീവനക്കാർ സമ്മതിച്ചത്– സുരേഷ് വ്യക്തമാക്കി.

‘വെട്ടിക്കുളങ്ങര’ മുടങ്ങി; നാട്ടുകാർ കുടുങ്ങി

തിരുവാർപ്പ് ∙ സിഐടിയു കൊടികുത്തിയതിനെ തുടർന്നു കോട്ടയം–തിരുവാർപ്പ് റൂട്ടിലെ വെട്ടിക്കുളങ്ങര ബസ് മുടങ്ങിയതിനെ തുടർന്നു വെട്ടിലായതു നാട്ടുകാർ. തിരുവാർപ്പിൽ നിന്നു കോട്ടയത്തേക്കുള്ള ആദ്യ ബസും കോട്ടയത്തു നിന്നു തിരുവാർപ്പിലേക്കുള്ള അവസാന ബസും ഇതാണ്.

രാവിലെ 6.44നു തിരുവാർപ്പിൽ നിന്നു പുറപ്പെടുന്ന ബസിന്റെ അവസാന ട്രിപ്പ് രാത്രി 8.15നു കോട്ടയത്തു നിന്നു തിരുവാർപ്പിലേക്കാണ്. നഗരത്തിൽ ജോലിയുള്ളവർ രാത്രി മടങ്ങാൻ ആശ്രയിച്ചിരുന്ന ബസുകളിൽ ഒന്നാണിത്. തന്റെ ബസിൽ ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചിരുന്നതും ഈ ബസിൽ നിന്നാണെന്ന് ഉടമ പറഞ്ഞു.

മാധ്യമപ്രവർത്തകന് മർദനം: 4 പേർ അറസ്റ്റിൽ

കോട്ടയം ∙ തിരുവാർപ്പിൽ സിപിഎം– സിഐടിയു പ്രവർത്തകരുടെ ആക്രമണത്തിൽ മാതൃഭൂമി കുമരകം ലേഖകൻ എസ്.‍‍ഡി.റാമിനു പരുക്കേറ്റ സംഭവത്തിൽ 4 പേർ അറസ്റ്റിൽ. കുമരകം ചെങ്ങളം കടത്തുകടവ് വാഴക്കാലയിൽ വീട്ടിൽ വി.പ്രഭാകരൻ (60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം കട്ടത്തറ വീട്ടിൽ കെ.കെ.അഭിലാഷ് (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ആറ്റുമാലിൽ നിബുമോൻ (36), ചെങ്ങളം കുമ്മനം പൊന്മല നാസിംമൻസിൽ വീട്ടിൽ നാസിം (28) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. 

English Summary: The discussion convened by the District Labor Officer on the incident of CITU flagging in front of a private bus broke up without a decision.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com