കാഴ്ചക്കാരായി പൊലീസ്, ഹൈക്കോടതി ഉത്തരവിന്റെ ലംഘനങ്ങൾ ഇവ..; വേറിട്ട വഴികളിലൂടെ രാജ്മോഹൻ കൈമൾ
![kottayam-bus സിഐടിയു സമരത്തെ തുടർന്ന് ഓട്ടംനിലച്ച വെട്ടിക്കുളങ്ങര ബസിൽ നിന്ന് കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന പൊലീസ്
ഉദ്യോഗസ്ഥർ. ബസ് സംഭവസ്ഥലത്തു നിന്നു പൊലീസ്
കസ്റ്റഡിയിൽ എടുത്ത് ഉടമ രാജ്മോഹന്റെ വീടിനു
സമീപത്തേക്കു മാറ്റി. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2023/6/26/kottayam-bus.jpg?w=1120&h=583)
Mail This Article
കോട്ടയം ∙ ബസ് സർവീസ് പുനരാരംഭിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നു ഹൈക്കോടതി വിധി വന്നു 3 ദിവസം കഴിഞ്ഞിട്ടും സർവീസ് പുനരാരംഭിക്കാത്തതു കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നു നിയമവിദഗ്ധർ. രാജ്മോഹന്റെ 4 ബസുകൾക്കും സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. 3 ബസുകളുടെ സർവീസ് ആരും തടസ്സപ്പെടുത്താത്തതിനാൽ പ്രത്യേക സംരക്ഷണം നൽകുന്നില്ലെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നൽകുമെന്നും പൊലീസ് പറഞ്ഞു.
വിധി നടപ്പാക്കാൻ ചുമതല
∙ജില്ലാ പൊലീസ് മേധാവി,
∙കുമരകം എസ്എച്ച്ഒ
ഹർജിക്കാരൻ
∙രാജ്മോഹൻ കൈമൾ ബസ് ഉടമ
എതിർകക്ഷികൾ
∙ജില്ലാ പൊലീസ് മേധാവി
∙കുമരകം എസ്എച്ച്ഒ
∙ മോട്ടർ മെക്കാനിക് വർക്കേഴ്സ് യൂണിയൻ (സിഐടിയു)
∙ ബസിലെ ജീവനക്കാരായ ഷാമോൻ, ടി.ആർ.സിജികുമാർ
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
∙ജസ്റ്റിസ് എൻ.നഗരേഷ് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത് 23ന്.
∙ഒരു മാസത്തേക്കാണു പൊലീസ് സംരക്ഷണം നൽകേണ്ടത്.
ഉത്തരവിന്റെ ലംഘനങ്ങൾ
∙ബസിലെ കൊടിതോരണങ്ങൾ നീക്കാൻ പൊലീസ് തയാറായില്ല.
∙ കൊടി അഴിച്ചുമാറ്റാൻ ഉടമയോടു നിർദേശിച്ചു.
∙ ഞായറാഴ്ച കൊടി അഴിച്ചുമാറ്റാൻ തുടങ്ങിയ ഉടമയെ പൊലീസിന്റെ സാന്നിധ്യത്തിൽ, സിഐടിയു ജില്ലാ കമ്മിറ്റിയംഗവും തിരുവാർപ്പ് പഞ്ചായത്തംഗവുമായ കെ.ആർ.അജയ് മർദിച്ചു.
∙മർദനം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പ്രതിയെ സ്ഥലത്തു നിന്നു പോകാനും പൊലീസ് അനുവദിച്ചു.
∙രാജ്മോഹനും ബിജെപി പ്രവർത്തകരും കുമരകം പൊലീസ് സ്റ്റേഷനു മുന്നിൽ സമരം ആരംഭിച്ചപ്പോഴാണ് അജയ് സ്വയം സ്റ്റേഷനിൽ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തുടർന്ന് പൊലീസ് തന്നെ ബസിലെ കൊടിയും തോരണങ്ങളും അഴിച്ചുമാറ്റി ബസ് ഉടമയുടെ യാഡിലേക്കു മാറ്റി.
∙ ഈ ബസിന്റെ സർവീസ് ഇന്നലെയും പുനരാരംഭിച്ചില്ല.
∙ സിഐടിയു ഭീഷണിയുള്ളതിനാലാണു മറ്റു ജീവനക്കാർ ജോലിക്ക് എത്താത്തതെന്ന് ഉടമ പറയുന്നു.
വേറിട്ട വഴികളിലൂടെ രാജ്മോഹൻ കൈമൾ
തിരുവാർപ്പ് ∙ സൈനിക സേവനം മുതൽ മാനേജ്മെന്റ് ജീവിതം വരെ വ്യത്യസ്തത നിറഞ്ഞ ഒരുപിടി മേഖലകളിലൂടെയാണു രാജ്മോഹൻ കൈമൾ എന്ന തിരുവാർപ്പുകാരന്റെ ജീവിതം കടന്നുപോയത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയപ്പോഴും വ്യത്യസ്തമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായി.
17ാം വയസ്സിൽ സൈന്യത്തിൽ ചേർന്ന അദ്ദേഹം ആർമി ഇന്റലിജൻസിലെ സേവനത്തിനു ശേഷം വിദേശത്തു വർഷങ്ങളോളം ജോലി ചെയ്തു. സൈന്യത്തിൽനിന്നു പിരിഞ്ഞ ശേഷം സെക്യൂരിറ്റി ഓഫിസറായാണു ദുബായിൽ ജോലിക്കു പോയതെന്നു രാജ്മോഹൻ പറയുന്നു.ഇതിനിടയിൽ മാനേജ്മെന്റിൽ വിവിധ കോഴ്സുകൾ പാസായി. ബെംഗളൂരു ഐഐഎമ്മിൽ നിന്ന് എക്സിക്യൂട്ടീവ് മാനേജ്മെന്റ് പ്രോഗ്രാമും പൂർത്തിയാക്കി. വിവിധ കമ്പനികളിൽ ഡയറക്ടറായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. നാട്ടിൽ തിരിച്ചെത്തുന്നതിനു മുന്നോടിയായാണു ബസുകൾ വാങ്ങിയത്.
നാട്ടിലെത്തിയ ശേഷം ബിജെപിയുടെ സജീവ പ്രവർത്തകനായി. ബിജെപി തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്, ഏറ്റുമാനൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കുമരകം മണ്ഡലം വൈസ് പ്രസിഡന്റാണ്. തിരുവാർപ്പ് പഞ്ചായത്തിലെ 12–ാം വാർഡിൽ 2015ൽ മത്സരിച്ചു ഇരുനൂറിലേറെ വോട്ടുകിട്ടി. പതിറ്റാണ്ടുകളായി സിപിഎം വിജയിച്ചിരുന്ന ഈ വാർഡ് 2020ൽ ബിജെപി പിടിച്ചെടുത്തു. ഈ വാർഡ് ഉൾപ്പെടുന്ന ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിച്ച രാജ്മോഹൻ യുഡിഎഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനം നേടി. കിളിരൂർ എൻഎസ്എസ് കരയോഗം മുൻ പ്രസിഡന്റുമാണ്.