'പക്ഷിസങ്കേതങ്ങളിൽ പക്ഷികളല്ല, പ്രണയികളാണു കൂടുതൽ'; പ്രചരിക്കുന്ന വിഡിയോയുടെ സത്യമിതാണ്

Mail This Article
പക്ഷിസങ്കേതങ്ങളിൽ പക്ഷികളല്ല, പ്രണയികളാണു കൂടുതലെന്ന് നിരീക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഈ ദിവസങ്ങളിലാണ്. ഇതു കുമരകത്തെപ്പറ്റിയാണെന്ന് ഒട്ടേറെ പ്രതികരണങ്ങളും വന്നു.
കുമരകത്തു പക്ഷികൾ കുറവാണോ..? ദേശാടനക്കിളികൾ എത്തുന്നില്ലേ...
കുമരകം ∙എല്ലാത്തവണയും വരുന്ന ദേശാടനക്കിളികൾ അധികവും ഇത്തവണ കുമരകത്ത് എത്തിയിട്ടില്ലെന്നു പക്ഷിനിരീക്ഷകർ പറയുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയായിരുന്നു ഇവയുടെ വരവ്. കുമരകത്തെ പക്ഷിസങ്കേതത്തിൽ നിന്നു പെലിക്കൻ, വർണക്കൊക്ക് എന്നിവ അടുത്തുള്ള പാടങ്ങളിൽ തീറ്റ തേടി എത്തിയിരുന്നു. ഇത്തവണ പാടത്തും കാണാനില്ല.
കുമരകത്ത് 90 ഏക്കറിലെ പക്ഷിസങ്കേത്തിൽ കായലരികത്തെ 10 ഏക്കറിലാണു ദേശാടനക്കിളികൾ കൂടുകൂട്ടുന്നത്. നാടൻപക്ഷികളെ കൂടുതലായി കാണുന്നതു ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ്. ഇവയെയും ഇത്തവണ അധികം കണ്ടിരുന്നില്ല. ഇപ്പോൾ ദിവസം ശരാശരി 200 പേർ പക്ഷിനിരീക്ഷണത്തിനായി കുമരകത്ത് എത്തുന്നുണ്ട്. കവണാറ്റിൻകരയിൽ വേമ്പനാട്ട് കായൽ തീരത്തു കെടിഡിസിയുടെ കീഴിൽ 14 ഏക്കർ സ്ഥലത്താണു പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്.
13.53 കോടിയുടെ വികസനപദ്ധതി
∙ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽപെടുത്തി കുമരകം പക്ഷിസങ്കേതം വികസിപ്പിക്കാൻ നടപടി തുടങ്ങി. പ്രവർത്തനങ്ങൾക്ക് 13.53 കോടി രൂപ ചെലവിടും. 2.84 കിലോമീറ്റർ നീളത്തിലും 2.4 മീറ്റർ വീതിയിലും ഭിന്നശേഷിസൗഹൃദ നടപ്പാത, പാലങ്ങൾ, പക്ഷിനിരീക്ഷണ ടവറുകൾ, പക്ഷികളുടെ വിവരങ്ങൾ അറിയാൻ ഡിജിറ്റൽ കിയോസ്ക്, സങ്കേതത്തിനുള്ളിലെ കനാലുകളുടെ നവീകരണം എന്നിവയാണു പദ്ധതികൾ.
പക്ഷിസങ്കേതം ചാർജ്(ഒരാൾക്ക്)
∙ വിദേശികൾ– 250 രൂപ
∙ തദ്ദേശീയർ– 100 രൂപ
∙ വിദ്യാർഥികൾ– 50 രൂപ (സ്കൂളിൽ നിന്നുള്ള സർട്ടിഫിക്ക വേണം)
ബോട്ടിങ് ചാർജ്
∙ സ്പീഡ് ബോട്ട് (3 പേർ) മണിക്കൂർ– 1500 രൂപ
∙ മോട്ടർ ബോട്ട് (9 പേർ) മണിക്കൂർ– 750 രൂപ.