കരുതലിന്റെ ‘സമന്വയ’ പദ്ധതിക്ക് തുടക്കം

Mail This Article
കോഴിക്കോട് ∙കരുതലിന്റെ, ചേർത്ത് നിർത്തലുകളുടെ, കാരുണ്യപൂർണമായ ഇടപെടലിനാൽ സമ്പൂർണ ഭിന്നശേഷി വയോജന സൗഹൃദ നഗരമായി കോഴിക്കോട് മാറുന്നു.നഗരത്തിലെ കിടപ്പു രോഗികൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനത്തിലൂടെ കൃത്യമായ സേവനം യഥാസമയത്ത് ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയായ സമന്വയയ്ക്കു തുടക്കമായി.സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പൂർണമായും ശയ്യാവലംബർ, വിവിധ ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവരുടെ സമഗ്ര സർവേ നടത്തിയിരുന്നു.
സർവേയുടെ ആദ്യ ഘട്ടത്തിൽ ലഭ്യമായ 1500 പേരുടെ ആവശ്യകത പരിഗണിച്ച് അവരുടെ ശാരീരിക അവസ്ഥകളുടെ ആയാസം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി വഴി വിവിധ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി അലിംകൊ ബെംഗളൂരൂവിന്റെ പിന്തുണയോടെ സ്ക്രീനിങ് നടത്തിയാണ് 275 പേർക്ക് ഉപകരണങ്ങൾ നൽകുന്നത്.വീൽചെയർ, വോക്കർ, സ്മാർട്ട് ഫോൺ, ക്രച്ചസ്, വോക്കിങ് സ്റ്റിക്, കൃത്രിമ കൈ കാലുകൾ, പ്രത്യേകം തയാറാക്കിയ ഷൂസ്, ഹിയറിങ് എയ്ഡ് എന്നിങ്ങനെ 23 ലക്ഷം രൂപയുടെ 15 ഉപകരണങ്ങളാണ് ലഭ്യമാക്കിയത്.മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.ദിവാകരൻ, പി.കെ.നാസർ, കൗൺസിലർമാരായ എം.എസ്.തുഷാര, കെ.മൊയ്തീൻ കോയ, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, ഹെൽത്ത് ഓഫിസർ ഡോ. ടി.കെ.മുനവർ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.