സാധനങ്ങൾ ആളുകൾക്ക് എടുക്കാം, വില പേശലില്ല, വിൽപനക്കാരില്ല; കഴിയുന്ന തുക അലമാരയിൽത്തന്നെയുള്ള പെട്ടിയിലിടാം

Mail This Article
മലപ്പുറം∙ വിദ്യാർഥികളേ.. ചെറുകിട സംരംഭം തുടങ്ങുന്നതിനു പറ്റിയ കിടിലൻ ആശയങ്ങളുണ്ടോ കയ്യിൽ. എങ്കിൽ കുടുംബശ്രീയുടെ കാഷ് അവാർഡ് നിങ്ങളെ കാത്തിരിക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ ചെയ്യാൻ പറ്റിയ പുത്തൻ സംരംഭങ്ങളെക്കുറിച്ച് ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കൂ; അടിച്ചാൽ 25000 രൂപയാണ് ഒന്നാം സമ്മാനം. 15000 രൂപ രണ്ടാം സമ്മാനം, 10000 രൂപ മൂന്നാം സമ്മാനം. പ്രോത്സാഹന സമ്മാനമായി 10 പേർക്ക് 1000 രൂപ വീതവും ലഭിക്കും.
കോളജ് തലം മുതൽ പിഎച്ച്ഡി വരെയുള്ള ആർക്കും പ്രോജക്ട് റിപ്പോർട്ടുകൾ നൽകാം. പാത്ത് (പ്രോജക്ട് ഫോർ അപ്രോപ്രിയേറ്റ് ടെക്നോളജി ഫ്രം ഹാർട്സ്) എന്നാണ് ഈ പദ്ധതിക്കു പേരിട്ടിരിക്കുന്നതെന്ന് ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് പറഞ്ഞു. വഴി കാണിക്കാൻ തയാറുള്ളവർക്ക് സ്നേഹസമ്മാനം നൽകുന്ന കുടുംബശ്രീ പദ്ധതിയാണിത്. ഒക്ടോബർ 20ന് മുൻപ് കുടുംബശ്രീ മിഷൻ ഓഫിസിൽ റിപ്പോർട്ടുകൾ ലഭിക്കണം. കോവിഡിനെത്തുടർന്നുള്ള നിശ്ചലത മാറി നാട് ഉണർന്നു തുടങ്ങുന്ന ഈ ഘട്ടത്തിൽ അതിനു കരുത്തേകാൻ ഒട്ടേറെ പുതിയ പദ്ധതികളാണ് കുടുംബശ്രീ ജില്ലാ മിഷൻ അവതരിപ്പിക്കുന്നത്.
ട്രസ്റ്റ് ഷോപ്പുകൾ
∙ മലപ്പുറം സിവിൽ സ്റ്റേഷനിൽ കല്ക്ടറുടെ ചേംബറിനോടു ചേർന്നൊരു ചില്ലലമാര കാണാം. ബഡ്സ് ട്രസ്റ്റ് ഷോപ്പ് എന്നാണു പേര്. ബഡ്സ് സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിക്കുന്ന ഉൽപന്നങ്ങളാണ് ഇതിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സാധാനങ്ങൾ ആളുകൾക്ക് എടുക്കാം. വില പേശലില്ല, വിൽപനക്കാരില്ല. എടുക്കുന്ന ഉൽപന്നത്തിനു പകരം കഴിയുന്ന തുക അലമാരയിൽത്തന്നെയുള്ള പെട്ടിയിലിടാം.
കുറച്ചു ദിവസങ്ങൾക്കു മുൻപു തുടങ്ങിയ പദ്ധതി ക്ലിക്കായി. ഭിന്നശേഷിക്കാരായ വിദ്യാർഥികളെക്കുറിച്ച് അറിയാവുന്നതുകൊണ്ടുതന്നെ എടുക്കുന്ന ഉൽപന്നത്തിന്റെ ഇരട്ടി വിലയാണ് പലപ്പോഴും നൽകുന്നത്. പദ്ധതി വിജയിച്ചതോടെ ജില്ലയിലെ 15 ബ്ലോക്കുകളിലും ഇത്തരത്തിലുള്ള ട്രസ്റ്റ് ഷോപ്പുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ. ഒരു ട്രസ്റ്റ് ഷോപ്പ് അലമാര സ്ഥാപിക്കുന്നതിന് 40,000 രൂപ ചെലവു വരും. ഇതിനുള്ള സ്പോൺസർമാരെ കണ്ടെത്താനാണ് നിലവിൽ കുടുംബശ്രീയുടെ ശ്രമം. താൽപര്യമുള്ളവർക്ക് വിളിക്കാം. 0483 2733470, 9037594593
ജീവൻരക്ഷ
∙ ജില്ലയിൽ 30,000 പേർക്ക് ജീവൻരക്ഷാ പരിശീലനം നൽകുന്ന പരിപാടി കുടുംബശ്രീ ഉടൻ തുടങ്ങും. പ്രഥമ ചികിത്സയടക്കം അടിയന്തര ഘട്ടത്തിൽ എന്തൊക്കെ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാം എന്നു പഠിപ്പിക്കുന്ന പരിശീലന പരിപാടിയാണിത്. ഒരു പഞ്ചായത്തിൽനിന്ന് മൂന്നു പേർക്കു വീതം ആദ്യഘട്ടത്തിൽ പരിശീലനം നൽകും. ഇവരിലൂടെ മുപ്പതിനായിരത്തോളം പേർക്ക് പരിശീലനം നൽകാനാണു തീരുമാനം.
സിഗ്നേച്ചർ സ്റ്റോർ
∙ കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീയുടെ പ്രത്യേ ക സിഗ്നേച്ചർ സ്റ്റോർ വരുന്നു. പണി ഏതാണ്ടു പൂർത്തിയായി. ഉദ്ഘാടനം ഉടനുണ്ടാകും. ഗ്രാമീണ വിഭവങ്ങൾക്ക് ഒരിടം എന്ന നിലയിലാണ് കുടുംബശ്രീ സ്റ്റോറിന് വിമാനത്താവളത്തിൽ സ്ഥലം ലഭിച്ചത്. കരകൗശല വസ്തുക്കൾ, ഭക്ഷണ വിഭവങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഈ സ്റ്റോറിലുണ്ടാകും. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ആദ്യമായി സിഗ്നേച്ചർ സ്റ്റോർ വരുന്നത് കോഴിക്കോട്ടാണ്.
ലഹരിയെ ചെറുക്കാം
∙ ഒക്ടോബർ 2 മുതൽ 8 വരെ ജില്ലയിലെ എല്ലാ വാർഡുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടക്കും. ലഹരി വിപത്ത്, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിലായിരിക്കും ബോധവൽക്കരണ ക്ലാസ്.
കമ്യൂണിറ്റി കോളജ്
∙ ജില്ലയിലെ കോളജുകളുടെ സൗകര്യങ്ങൾ പൊതുജനങ്ങൾക്കൂടി ഉപയോഗിക്കാവുന്നതാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് കമ്യൂണിറ്റി കോളജ്. മൈതാനം, ഹാളുകൾ, ലാബുകൾ, വിദഗ്ധരായ അധ്യാപകരുടെ സേവനങ്ങൾ എന്നിവ സാധാരണ ജനത്തിനു കൂടി ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ ചില കോളജുകളിൽ ഇതിനു വേണ്ട പ്രാരംഭ പ്രവർത്തനം നടത്തിക്കഴിഞ്ഞു.