രാജ്യാന്തര പുസ്തകമേളയ്ക്ക് ഫെബ്രു 1ന് തിരിതെളിയും; രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

Mail This Article
ന്യൂഡൽഹി∙ നഗരത്തിൽ ഇനി പുസ്തകങ്ങളുടെ ആഘോഷദിനങ്ങൾ. രാജ്യാന്തര പുസ്തകമേള ഫെബ്രു. 1 മുതൽ 9 വരെ ഭാരത് മണ്ഡപത്തിൽ. നാഷനൽ ബുക്ക് ട്രസ്റ്റ് ഒരുക്കുന്ന പുസ്തകമേള ഇക്കുറി ‘റിപ്പബ്ലിക്@75’ എന്ന ആശയത്തിലാണു നടക്കുന്നത്. 50 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പ്രസാധകരാണു പുസ്തകങ്ങളുമായി എത്തുന്നത്. ആയിരത്തിലേറെ എഴുത്തുകാർ പ്രഭാഷണം നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു മേള ഉദ്ഘാടനം ചെയ്യും. ഇക്കുറി റഷ്യയാണു ഫോക്കസ് രാജ്യം.
ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുള്ള പുസ്തകങ്ങൾ മേളയിലുണ്ടാകുമെന്നു നാഷനൽ ബുക്ക് ട്രസ്റ്റ് ഡയറക്ടർ യുവ്‌രാജ് മാലിക്ക് പറഞ്ഞു. ഭരണഘടനയുടെ പ്രചാരത്തിനുള്ള വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. നടൻ പങ്കജ് ത്രിപാഠി, കവി കുമാർ ബിശ്വാസ്, സംവിധായകൻ പ്രകാശ് ഝാ തുടങ്ങിയവർ അതിഥികളായി എത്തും.
ഇക്കാര്യങ്ങൾ ഓർമിക്കാം
∙ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണു മേള. രാവിലെ 11 മുതൽ രാത്രി 8 വരെ പ്രവേശനം.
∙ പ്രവേശനം ടിക്കറ്റ് വഴി. ഓൺലൈൻ ടിക്കറ്റിനു nbtindia.gov.in എന്ന വെബ്സൈറ്റിലെ പുസ്തകമേളയുടെ ലിങ്കിൽ നിന്നു സ്വന്തമാക്കാം.
∙ പ്രഗതിമൈതാൻ മെട്രോ സ്റ്റേഷനിൽ നേരിട്ട് ടിക്കറ്റ് വാങ്ങാം.
മേളയിൽ മനോരമയും
രാജ്യാന്തര പുസ്തകമേളയിൽ മലയാള മനോരമയുടെ പ്രസിദ്ധീകരണങ്ങളും വാങ്ങാം. മനോരമ ബുക്സിന്റെ ഐതിഹ്യമാല, ആധ്യാത്മ രാമായണം, ആയിരം ഈസോപ്പു കഥകൾ, 101 സ്റ്റാർട്ടപ്പുകൾ, ആ ഇന്ത്യ മരിച്ചിട്ടില്ല, ദേശസ്മരണകൾ, ലാൽജോസിന്റെ ഭൂപടങ്ങൾ, വൺ ഇന്ത്യൻ ഗേൾ, യേശുവിന്റെ അദ്ഭുത പ്രവർത്തനങ്ങൾ തുടങ്ങി 150ൽ ഏറെ പുസ്തകങ്ങൾ വാങ്ങാൻ സാധിക്കും. കൂടാതെ മലയാള മനോരമ ദിനപത്രം ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാകാനും അവസരമുണ്ട്. ഭാരത് മണ്ഡലത്തിലെ ഹാൾ നമ്പർ രണ്ട്, മൂന്നിലാണു മനോരമയുടെ സ്റ്റാൾ പ്രവർത്തിക്കുന്നത്.
പുസ്തക പ്രകാശനം
ന്യൂഡൽഹി∙ നർത്തകി ഡോ. വിദ്യാലക്ഷ്മി എടവലത്ത് രചിച്ച ‘സഖിതത്വം ഇൻ സൗത്ത് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്’ എന്ന പുസ്തകം ഫെബ്രുവരി 2ന് വൈകിട്ട് 5ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ അനീഷ് പി.രാജൻ പ്രകാശനം ചെയ്യും. ലോക പുസ്തകമേളയുടെ ഭാഗമായി, ഭാരത് മണ്ഡപം ഹാൾ അഞ്ചിൽ നടക്കുന്ന ചടങ്ങിൽ സോജി ബെഞ്ചമിൻ അധ്യക്ഷനാകും. തുടർന്നു നായിക സഖി സംവാദ നാട്യവും സഖിതത്വം നൃത്തവും അരങ്ങേറും.