കൊടിയേറി ; ഇനി രഥോത്സവ നാളുകൾ
![കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രഥോത്സവത്തിനു കൊടിയേറുന്നു. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ രഥോത്സവത്തിനു കൊടിയേറുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2021/11/9/palakkad-kalpathy-charroit-festival.jpg?w=1120&h=583)
Mail This Article
കൽപാത്തി ∙ ഭക്തിയുടെ തേരിലേറിയ കൽപാത്തിയിൽ രഥോത്സവത്തിനു കൊടിയേറി. പ്രാർഥനാ മന്ത്രങ്ങൾ പുണ്യം ചൊരിഞ്ഞ മുഹൂർത്തത്തിൽ ദേവകളെയും ഗ്രാമത്തെയും ഭക്തരെയും സാക്ഷിയാക്കിയായിരുന്നു കൊടിയേറ്റം. കാത്തിരുന്ന കൊടിയേറ്റത്തെ കൽപാത്തി മനസ്സു നിറയെ കണ്ടു തൊഴുതു. ഇനി കൽപാത്തിക്കും പാലക്കാടിനും ഉത്സവ കാലമാണ്.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണു രഥോത്സവത്തിനു കൊടിയേറിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. 12ന് അഞ്ചാം തിരുനാൾ ഉത്സവം ചടങ്ങുകളോടെ നടക്കും. 14,15,16 തീയതികളിലാണു രഥോത്സവം.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ വിഘ്നേശ്വര പൂജ, അങ്കുരപൂജ, ശിവപാർവതിമാർക്ക് ഏകാദശ ദ്രവ്യാഭിഷേകം ചടങ്ങുകൾക്കു ശേഷം 9.15നും 10.15നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. മുഖ്യപൂജാരിമാരായ ശിവാചാര്യർ പ്രഭുദേവ സേനാപതി, രത്നസഭാപതി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. വൈകിട്ട് ഷോഡശ ഉപചാരപൂജ, അഷ്ടബലി, എഴുന്നള്ളത്ത് ചടങ്ങുകളും നടന്നു.
പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ വേദപാരായണം, രുദ്രാഭിഷേകം ചടങ്ങുകൾക്കു ശേഷം ഭക്തരുടെ സാരഥ്യത്തിൽ ഗണപതി പല്ലക്കിലേറി കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെത്തി ശിവനെ വണങ്ങി തിരിച്ചെത്തിയ ശേഷം 9.30നും 10.30നും ഇടയ്ക്കായിരുന്നു കൊടിയേറ്റം. മുഖ്യപൂജാരി കെ.വി.വെങ്കിടേശ്വരൻ, പാറ കുമാർ എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിൽ രാവിലെ കളഭാഭിഷേകം, വേദപാരായണ ആരംഭം ചടങ്ങുകൾക്കു ശേഷം 10നും 10.30നും ഇടയ്ക്കായിരുന്നു ധ്വജാരോഹണം. മുഖ്യപുരോഹിതൻ രാമമൂർത്തി ഭട്ടാചാര്യർ, ജി.എൻ.രാമഗോവിന്ദ ഭട്ടാചാര്യർ, ജി.എൻ.രാമഗോവിന്ദ ഭട്ടാചാര്യർ (ജൂനിയർ), ജി.ആർ.നാരായണസ്വാമി ഭട്ടാചാര്യർ, ഗ്രാമപുരോഹിതൻ ബാലു വാധ്യാർ, പൂജാരിമാരായ സുബ്രഹ്മണ്യ വാധ്യാർ, ഗിരീഷ് വാധ്യാർ, ശങ്കർ വാധ്യാർ, ശിവകുമാർ വാധ്യാർ എന്നിവർ കാർമികത്വം വഹിച്ചു. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ രാവിലെ പൂജകൾക്കു ശേഷം 9.30നും 10.30നും ഇടയ്ക്ക് രാമസ്വാമി ഭട്ടാചാര്യർ, രമേഷ് ദ്രാവിഡ് എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം.