ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന രണ്ടാമത്തെ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇതുവരെ 2 പ്രതികളാണ് അറസ്റ്റിലായത്. ആദ്യം അറസ്റ്റിലായ പ്രതിയെ വിശദ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് അടുത്ത പ്രതിയെ വിശദാന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയത്.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 3 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇതിനിടെ പ്രതികൾ വിദേശത്തേക്കു കടന്നുകളഞ്ഞെന്ന ആരോപണം പൊലീസ് തള്ളി. ഇതിനെതിരെ മുൻകരുതലുകൾ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതിനിടെ, പ്രതികളെ സഹായിച്ച ചിലർ പൊലീസ് വലയത്തിലാണ്. പ്രധാന പ്രതികൾക്കൊപ്പം ഇവർക്കു സഹായം നൽകിയവർ, ഗൂഢാലോചനയിൽ പങ്കെടുത്തവർ എന്നിവരെക്കുറിച്ചുള്ള അന്വേഷണവും വിപുലപ്പെടുത്തി. മുഖ്യപ്രതികൾ സംസ്ഥാനത്തും അയൽ സംസ്ഥാനത്തുമായി മുങ്ങി നടക്കുന്നതായാണു വിവരം.

സഞ്ജിത്ത് വധം: എൻഐഎ അന്വേഷിക്കണമെന്ന് ബിഡിജെഎസ്

പാലക്കാട് ∙ സഞ്ജിത്ത് വധം ഉൾപ്പെടെയുള്ള കേസുകൾ എൻഐഎ അന്വേഷിക്കണമെന്നു ബിഡിജെഎസ് ആവശ്യപ്പെട്ടു. കേസിലെ ഗൂഢാലോചനയും അന്വേഷിക്കണം. ഇത്തരം കേസുകളിൽ പൊലീസ് അന്വേഷണത്തിനു പരിമിതികളുണ്ട്. പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം പാടില്ലെന്നും സഞ്ജിത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ്, ജില്ല പ്രസിഡന്റ് കെ. രഘു എന്നിവർ പറഞ്ഞു. എൻഐഎ അന്വേഷണം സംബന്ധിച്ച് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കത്തു നൽകുമെന്നും അനുരാഗ് പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ എ. ഗംഗാധരൻ, വി. സുരേഷ്, ഭാരവാഹികളായ രാജീവ് മാടമ്പി, കെ. ഉണ്ണിക്കൃഷ്ണൻ, എം. നാരായണസ്വാമി കൊല്ലങ്കോട്, ജി. അനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com