ഫുട്ബോള്‍ ക്യാംപ് കഴിഞ്ഞു മടങ്ങും വഴി റോഡില്‍ നിന്ന് സ്വര്‍ണാഭരണം കളഞ്ഞു കിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചു നല്കി
![വെസ്റ്റ് കൈപ്പുറം നെടുങ്ങോട്ടൂര്‍ റോഡില്‍ നിന്നു വീണുകിട്ടിയ സ്വര്‍ണാഭരണം സഹോദരങ്ങളും നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളുമായ മുഹമ്മദ് ഷാകിറും മുഹമ്മദ് മന്‍സൂറും ചേര്‍ന്ന് ഉടമയ്ക്കു തിരികെ നല്കുന്നു. വെസ്റ്റ് കൈപ്പുറം നെടുങ്ങോട്ടൂര്‍ റോഡില്‍ നിന്നു വീണുകിട്ടിയ സ്വര്‍ണാഭരണം സഹോദരങ്ങളും നടുവട്ടം ഗവ. ജനത ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളുമായ മുഹമ്മദ് ഷാകിറും മുഹമ്മദ് മന്‍സൂറും ചേര്‍ന്ന് ഉടമയ്ക്കു തിരികെ നല്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2022/8/22/palakkad-thiruvegappura-returned-gold-to-owner.jpg?w=1120&h=583)
Mail This Article
തിരുവേഗപ്പുറ ∙ സ്കൂളിലെ ഫുട്ബോള്‍ ക്യാംപ് കഴിഞ്ഞു മടങ്ങും വഴിയാണ് അവർക്ക് റോഡില്‍ നിന്ന് സ്വര്‍ണാഭരണം കളഞ്ഞു കിട്ടിയത്. കൈപ്പുറം നെടുങ്ങോട്ടൂര്‍ റോഡിലെ വളവില്‍ റോഡിന് നടുവിൽ കിടക്കുന്ന ആഭരണം സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികള്‍ അതെടുത്തു ബാഗില്‍ വച്ചു. പിന്നെ വീട്ടുകാരോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ വാര്‍ഡ് അംഗത്തെയും വെസ്റ്റ് കൈപ്പുറം മഹല്ല് കമ്മിറ്റി സെക്രട്ടറി വി.ഹുസൈന്‍കുട്ടിയെയും വിവരം അറിയിച്ചു. അതിനിടെ സ്വര്‍ണം നഷ്ടപ്പെട്ടയാൾ നല്‍കിയ വാട്സാപ് പരസ്യം ഇവരുടെ ശ്രദ്ധയില്‍പെട്ടു. ഇതില്‍ കണ്ട ഫോണ്‍ നമ്പറുകളില്‍ നെടുങ്ങോട്ടൂര്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളും വാര്‍ഡ് അംഗവും ബന്ധപ്പെടുകയും ഉടമയെ കണ്ടെത്തി സ്വര്‍ണാഭരണം തിരിച്ചു നല്‍കുകയുമായിരുന്നു.
വെസ്റ്റ് കൈപ്പുറം നെടുങ്ങോട്ടൂര്‍ റോഡ് തന്താന്‍തൊടി വീട്ടിലെ സഹോദരങ്ങളായ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷാകിര്‍ (13), മുസ്തഫ മുത്തുവിന്റെ മകന്‍ മുഹമ്മദ് മന്‍സൂര്‍ (13) എന്നിവരാണ് മാതൃകാ വിദ്യാര്‍ഥികള്‍. നടുവട്ടം ഗവ. ജനത ഹൈസ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. കുപ്പൂത്ത് കരുവാന്‍കുഴി അലിയുടെ ഭാര്യ ഫൗസിയയുടെ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. വലിയകുന്നിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് ആഭരണം കളഞ്ഞു പോയത്. അന്ന് തന്നെ വൈകിട്ട് ആറോടെയാണ് കുട്ടികള്‍ക്ക് സ്വര്‍ണം വീണു കിട്ടുന്നത്.
നെടുങ്ങോട്ടൂര്‍ റോഡിലെ മുസ്‍ലിംലീഗ് ഓഫിസ്‍ ആയ ‘ഹരിത’യില്‍ വച്ചു വിളയൂര്‍ പഞ്ചായത്തംഗം കെ.സാജിതയുടെയും തിരുവേഗപ്പുറ പഞ്ചായത്തംഗം കെ.കെ.എ.അസീസിന്റെയും നെടുങ്ങോട്ടൂര്‍ മഹല്ല് കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ കുട്ടികള്‍ ഉടമയ്ക്ക് ആഭരണം കൈമാറി.ഒന്നേകാല്‍ പവന്‍ വരുന്ന സ്വര്‍ണാഭരണം വഴിയില്‍ നിന്ന് കളഞ്ഞു കിട്ടി ഉടമയെ കണ്ടെത്തും വരെ വീട്ടില്‍ സൂക്ഷിച്ചു തിരിച്ചു നല്‍കിയ സഹോദരങ്ങളായ വിദ്യാര്‍ഥികളെ പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് അനുമോദിച്ചു.