‘കർഷകരോടു കടം പറയരുത്’ : ഉപവാസവുമായി ഷാഫി പറമ്പിൽ
![palakkad-benny-behanan
‘കർഷകരോടു കടം പറയരുത് ’ എന്ന മുദ്രാവാക്യവുമായി ജില്ലാ കലക്ടറേറ്റിനു മുന്നിൽ ഷാഫി പറമ്പിൽ എംഎൽഎ നടത്തിയ ഉപവാസം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2023/10/17/palakkad-benny-behanan.jpg?w=1120&h=583)
Mail This Article
പാലക്കാട് ∙ നെല്ലെടുപ്പിലും വില വിതരണത്തിലും വീഴ്ച വരുത്തി കർഷകരെ കടക്കാരാക്കുന്ന സർക്കാർ നയത്തിനെതിരെ കർഷകരോടു കടം പറയരുതെന്ന മുദ്രാവാക്യവുമായി ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ ഉപവാസം നടത്തി. ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പറയിലേക്കു നെല്ലു നിറച്ചായിരുന്നു ഉദ്ഘാടനം. വർഷംതോറും നെല്ലിന്റെ താങ്ങുവിലയിൽ സ്വന്തം വിഹിതം വെട്ടിക്കുറച്ചു പിണറായി വിജയൻ സർക്കാർ കർഷകരെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സഹകരണ മേഖലയിൽ 30,000 കോടി രൂപ കെട്ടിക്കിടക്കുമ്പോഴും അതിൽ നിന്നു നെല്ലിന്റെ വില നൽകാൻ സർക്കാർ നടപടിയെടുക്കുന്നില്ല. പകരം തുക സിപിഎം നേതാക്കൾക്കും അവരുടെ വേണ്ടപ്പെട്ടവർക്കും വീതിക്കുകയാണ്. റബർ, നാളികേരം ഉൾപ്പെടെ എല്ലാ കർഷകരെയും സർക്കാർ കടക്കെണിയിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
![palakad-remya-sreekandanan ഷാഫി പറമ്പിൽ എംഎൽഎയുടെ സമരപ്പന്തലിലെത്തിയ എംപിമാരായ രമ്യ ഹരിദാസും
വി.കെ.ശ്രീകണ്‌ഠനും.](https://img-mm.manoramaonline.com/content/dam/mm/mo/district-news/palakkad/images/2023/10/17/palakad-remya-sreekandanan.jpg)
ഇടതു സർക്കാരിനു വേണ്ടി കൈപൊക്കാൻ 10 എംഎൽഎമാരെ നൽകിയ ജില്ലയായിട്ടും പാലക്കാട്ടെ നെൽക്കർഷകരോടു മുഖം തിരിക്കുന്ന സമീപനമാണു സർക്കാരിന്റേതെന്നു ഷാഫി പറമ്പിൽ എംഎൽഎ ആരോപിച്ചു. കൊയ്ത്തു സീസൺ പൊടുന്നനെ ഉണ്ടാകുന്നതല്ല. എന്നിട്ടും നെല്ലെടുക്കാൻ മുന്നൊരുക്കം നടത്തിയില്ല. മന്ത്രിമാർക്കും നെല്ലെടുപ്പിനെക്കുറിച്ചു ധാരണയില്ല. നെല്ലെടുപ്പിനെ സീസണൽ ഇഷ്യൂ ആക്കി മാറ്റി ഗൂഢലക്ഷ്യങ്ങൾക്കായി സർക്കാർ കർഷകരെ വഞ്ചിക്കുകയാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽ തുക നീക്കിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്നം തരുന്ന കർഷകനെപ്പോലും കയ്യൊഴിയുന്ന നിലപാടാണു സംസ്ഥാന സർക്കാരിന്റേതെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. കർഷക പ്രേമം അവകാശപ്പെട്ട് അധികാരത്തിലെത്തിയ ഇടതു സർക്കാർ കർഷകരെ കയ്യൊഴിയുന്ന നയമാണു നടപ്പാക്കിയതെന്നു രമ്യ ഹരിദാസ് എംപി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, നേതാക്കളായ പി.ബാലഗോപാൽ, പി.വി.രാജേഷ്, സിന്ധു രാധാകൃഷ്ണൻ, മുസ്‌ലിം ലീഗ് നേതാവ് എം.എം.ഹമീദ്, ദേശീയ കർഷക സമാജം ജില്ലാ പ്രസിഡന്റ് മുതലാംതോട് മണി, ആർഎസ്പി ജില്ലാ പ്രസിഡന്റ് വി.കെ.നിശ്ചലാനന്ദൻ, സിഎംപി ജില്ലാ പ്രസിഡന്റ് പി.കലാധരൻ, കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ് എന്നിവർ പ്രസംഗിച്ചു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ എം.ശ്രീശങ്കർ, മുഹമ്മദ് അജ്മൽ എന്നിവരും സമരപ്പന്തലിലെത്തി. സമാപനത്തിൽ നടൻ ഷാജു ശ്രീധർ കരിക്കിൻവെള്ളം നൽകി ഉപവാസം അവസാനിപ്പിച്ചു.