വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാകും: മന്ത്രി
![thiruvananthapuram-port വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട രാജ്യാന്തര കോൺക്ലേവിന്റെ വേദിയിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ്
ഹനീഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, ശശി തരൂർ എംപി, അദാനി പോർട്സ് സിഇഒ പ്രണവ് ചൗധരി തുടങ്ങിയവർ. ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2025/1/29/thiruvananthapuram-port.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ 10 വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാരമേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ. വിഴിഞ്ഞം കോൺക്ലേവ്- 2025 ആഗോള നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത് മറ്റൊരിടത്തും അത്യാധുനിക സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന ഓട്ടമേറ്റഡ് തുറമുഖമില്ല. കേരളത്തിന് ആഗോള വ്യാപാരമേഖലയിൽ വലിയ ‘കണക്ടിവിറ്റി’ വിഴിഞ്ഞം തുറമുഖം വഴി ലഭിക്കും. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയെന്ന കേരളത്തിന്റെ ലക്ഷ്യത്തിന് ഇതു കരുത്തു നൽകും.
സർക്കാരിന്റെ നേതൃത്വത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാൽ നിക്ഷേപകർക്ക് എളുപ്പം വ്യവസായങ്ങൾ ആരംഭിക്കാനാകും. കൊച്ചി- കോയമ്പത്തൂർ ഇടനാഴി കേരളത്തിന്റെ വടക്കേ അറ്റത്തേക്കു വികസനമെത്തിക്കുന്നതോടെ കേരളം ആഗോള വ്യവസായ ഹബ്ബായി മാറുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മെയ്ഡ് ഇൻ ഇന്ത്യ, മേക്ക് ഇൻ കേരള എന്ന ശൈലിയിലാണു കേരളം വളരുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിന്റെ ഉയർന്ന വ്യവസായശേഷി, നിക്ഷേപകരെ വലിയതോതിൽ ആകർഷിക്കുന്നുവെന്നും സംസ്ഥാനസർക്കാർ അതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കക്ഷി രാഷ്ട്രീയം എന്തുതന്നെയായാലും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരു ടീം ആണെന്നു ശശി തരൂർ എംപി പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.ഹരികൃഷ്ണൻ, വ്യവസായ ഡയറക്ടർ മിർ മുഹമ്മദലി, വിസിൽ എംഡി ദിവ്യ എസ്.അയ്യർ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, അദാനി പോർട്സ് സിഇഒ പ്രണവ് ചൗധരി, എസ്ബിഐ സിജിഎം എ.ഭുവനേശ്വരി, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രി പങ്കെടുത്തില്ല
വിഴിഞ്ഞം കോൺക്ലേവിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല. അവസാനനിമിഷം വരെ പ്രതീക്ഷിച്ചെങ്കിലും മന്ത്രിസഭാ യോഗം നീണ്ടതിനാലും കോഴിക്കോട്ട് മറ്റൊരു പരിപാടിക്ക് എത്തേണ്ടിയിരുന്നതിനാലും കോൺക്ലേവിന് എത്തിയില്ല. തുറമുഖ മന്ത്രി വി.എൻ.വാസവൻ സ്ഥലത്തില്ലാതിരുന്നതിനാൽ പങ്കെടുത്തില്ല. ഇന്നു സമാപനത്തിനു മന്ത്രി വാസവൻ പങ്കെടുക്കുമെന്നു സംഘാടകർ പറഞ്ഞു.
‘മുഖ്യ വ്യവസായം ഏതെന്ന് കേരളം കണ്ടെത്തണം’
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവിയും വളർച്ചയും തീരുമാനിക്കുന്നതിൽ മാതൃവ്യവസായത്തിന് (മദർ ഇൻഡസ്ട്രി) വലിയ പങ്കുണ്ടെന്നും ഈ വ്യവസായം ഏതെന്നു കേരളം കണ്ടെത്തണമെന്നും വിഴിഞ്ഞം കോൺക്ലേവിൽ അഭിപ്രായമുയർന്നു. സിംഗപ്പൂർ, റോട്ടർഡാം തുറമുഖ നഗരങ്ങളുടെ വളർച്ചയ്ക്കു കാരണമായതു പെട്രോകെമിക്കൽ വ്യവസായമാണ്. ഷാങ്ഹായ് തുറമുഖ നഗരത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ഇലക്‌ട്രോണിക്‌സാണ്.
ഇതേ മാതൃകയിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന വ്യവസായമെന്താണെന്നു തീരുമാനിക്കണമെന്ന് നയാരാ എനർജി ചെയർമാൻ പ്രസാദ് കെ.പണിക്കർ പറഞ്ഞു. കൃത്യമായ സമയക്രമം അനുസരിച്ചുള്ള പദ്ധതിയൊരുക്കിയാൽ വിഴിഞ്ഞത്തിനു ലോകത്തോര നിലവാരത്തിലെത്താനാകുമെന്ന് എവിടി മക്കോർമിക് എംഡി സുഷമ ശ്രീകണ്ഠത്ത് പറഞ്ഞു. വിഴിഞ്ഞത്തേക്ക് ഉൽപന്നങ്ങളെത്തിക്കാൻ കൃത്യമായ റോഡ്, റെയിൽ സംവിധാനങ്ങളുണ്ടാകണം. ഇതിനായി സർക്കാരും വ്യവസായികളും പൊതുജനങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണം.
വിഴിഞ്ഞത്തു സുസ്ഥിര ആഗോള വിതരണ ശൃംഖല സൃഷ്ടിക്കാനാണു ശ്രമമെന്നു ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി മേധാവികളായ മിഷേലെ അവേസ, ഗെയ്താനോ എസ്‌പൊസിതോ എന്നിവർ പറഞ്ഞു. സമുദ്രഗതാഗതവും ചരക്കുനീക്കവും ഉറപ്പാക്കുന്നതിലുപരി സമുദ്ര-വ്യോമ ട്രാൻസ്ഷിപ്മെന്റ് ഹബ് കൂടിയായി വിഴിഞ്ഞം തുറമുഖം മാറുമെന്നും ആഗോളതലത്തിൽ ഇതിനു വലിയ സാധ്യതകളുണ്ടെന്നും അദാനി പോർട്സ് സെസ് സിഇഒ പ്രണവ് ചൗധരി പറഞ്ഞു.
രണ്ടാംഘട്ട വികസനത്തിൽ ദ്രവീകൃതമല്ലാത്ത ചരക്കുകൾ നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണു വിഴിഞ്ഞമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനു കണ്ടെയ്‌നർ റെയിൽ കണക്ടിവിറ്റി ആവശ്യമാണെന്നും 2029ൽ തുറമുഖ റെയിൽ ടണൽ യാഥാർഥ്യമാകുമെന്നും വിസിൽ സിഇഒ ശ്രീകുമാർ കെ.നായർ പറഞ്ഞു. ആദിത്യ ബിർള ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബി.ബിനോയ്, സിന്തൈറ്റ് എംഡി ഡോ. വിജു ജേക്കബ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. സമാപന സമ്മേളനം ഇന്നു 12.15നു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.