വൃദ്ധദമ്പതികൾ തെരുവിലേക്ക്: കൂട്ടിന് ദുരിതം മാത്രം !
![thrissur-old-age-couples-on-road മലക്കപ്പാറ എസ്റ്റേറ്റിലെ ലയത്തിൽ നിന്നു കുടിയിറക്ക് ഭീഷണി നേരിടുന്ന അബൂബക്കറും ഭാര്യ സുഹറയും](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2023/6/26/thrissur-old-age-couples-on-road.jpg?w=1120&h=583)
Mail This Article
മലക്കപ്പാറ∙ അര നൂറ്റാണ്ട് അന്തിയുറങ്ങിയ ലയത്തിലെ തല ചായ്ക്കാനുളള ഇടം നഷ്ടപ്പെടുന്ന ഭീതിയിൽ രോഗികളായ വൃദ്ധ ദമ്പതികൾ .മലക്കപ്പാറ തേയില തോട്ടം തൊഴിലാളികളായി വിരമിച്ച എഴുപതിനോട് അടുത്ത രോഗിയായ സുഹറയും ഹൃദയ സംബന്ധമായ അസുഖങ്ങളാൽ കഴിയുന്ന ഭർത്താവ് അബൂബക്കറുമാണ് കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുന്നത്.
തോട്ടം തൊഴിലാളിയായ സുഹറയുടെ ഏക സഹോദരി റംലയുടെ പേരിൽ കമ്പനി അനുവദിച്ച ലയത്തിലായിരുന്നു ഇവരുടെ താമസം. മക്കളില്ലാത്ത ഇരുവരെയും വിടാതെ പിന്തുടർന്ന അസുഖം ഇതിനകം ഈ കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.സമീപ കാലത്ത് എസ്റ്റേറ്റ് ജീവനക്കാരിയായ സഹോദരിയും കുടുംബവും ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങാൻ എടുത്ത തീരുമാനമാണ് പോകാൻ മറ്റൊരിടമില്ലാത്ത വയോധികരെ പ്രതിസന്ധിയിലാക്കിയത്.
ജോലി വെണ്ടെന്നു വയ്ക്കുന്ന തൊഴിലാളികളും സർവീസ് പൂർത്തിയായവരും അവരുടെ പേരിലുള്ള ലയങ്ങൾ പൂട്ടി താക്കോൽ തിരിച്ചേൽപ്പിക്കണം എന്നാണ് കമ്പനിയുടെ വ്യവസ്ഥ. എന്നാൽ മാത്രമാണ് കമ്പനിയിൽ നിന്നും ജീവനക്കാർക്ക് ലഭിക്കേണ്ട അനുകൂല്യങ്ങൾ ലഭിക്കുന്നത്. ഒരിഞ്ചു ഭൂമി പോലും സ്വന്തമായി ഇല്ലാത്ത ഈ ദമ്പതികൾ ഇനിയുള്ള കാലം കഴിച്ചുകൂട്ടാൻ കമ്പനി കനിയുമെന്ന പ്രതീക്ഷയിലാണ് .