ദേശീയപാത: അടിപ്പാത നിർമാണത്തിൽ ഉഡായിപ്പോ? വാഹനം കയറി സ്ലാബ് തകർന്നു

Mail This Article
മുരിങ്ങൂർ ∙ ദേശീയപാതയിൽ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി മുരിങ്ങൂരിൽ സർവീസ് റോഡിൽ ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച സ്ലാബ് തകർന്ന് സ്കൂട്ടർ യാത്രികനു ഗുരുതര പരുക്ക്. സ്കൂട്ടർ കാനയിലേക്കു വീണ് അന്നമനട പാലിശേരി സ്വദേശി പുന്നൂർപറമ്പിൽ സത്യനാണ് അപകടത്തിൽപ്പെട്ടത്. കൈ ഒടിഞ്ഞു. ദേശീയപാത അതോറിറ്റിക്കും കരാറുകാർക്കും എതിരെ നടപടി ആവശ്യപ്പെട്ടു സത്യൻ കൊരട്ടി പൊലീസിൽ പരാതി നൽകി.

അടിപ്പാത നിർമാണം നടക്കുന്ന കൊരട്ടിയിലും ചിറങ്ങരയിലും ഇതുപോലെ വാഹനം കയറി സ്ലാബ് തകർന്നിരുന്നു. ഇന്നലെ അപകടം വിവാദമായതോടെ കരാർ കമ്പനി ജീവനക്കാരെത്തി തകർന്ന സ്ലാബിനു പകരം സ്ലാബ് കോൺക്രീറ്റ് ചെയ്തു. നിലവാരമില്ലാതെയാണു ഡ്രെയ്നേജിന്റെ നിർമാണമെന്ന് നേരത്തേതന്നെ ആരോപണമുണ്ട്. ഇതേത്തുടർന്ന് കൊരട്ടിയിൽ ഡ്രെയ്നേജ് മണ്ണിട്ടു മൂടിയിരുന്നു. പല ഭാഗത്തും ഡ്രെയ്നേജ് പല തവണ പൊളിച്ചു. നിർമാണം വിലയിരുത്താൻ ദേശീയപാതയുടെ എൻജിനീയറിങ് വിഭാഗം തയാറാകുന്നില്ലെന്നു പരാതിയുണ്ട്.