തോട്ടിലും പുലി; ഓർക്കോട്ടുമൂലയിൽ അവശനിലയിൽ കണ്ട പുലിയെ വനംവകുപ്പ് പിടികൂടി
![wayanad-tiger 1. ഓർക്കോട്ടുമൂല ജനവാസകേന്ദ്രത്തിൽ നടക്കാൻ കഴിയാതെ തോട്ടിൽ ഇരിക്കുന്ന പുലി. 2. തോട്ടിൽ നിന്നു കരയ്ക്കു കയറിയ പുലി ആളുകളെ കണ്ടതോടെ ദേഷ്യം പിടിച്ചു ആളുകൾക്കു നേരെ ചാടാനൊരുങ്ങുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2023/12/31/wayanad-tiger.jpg?w=1120&h=583)
Mail This Article
പനമരം ∙ നീർവാരം അമ്മാനി ഓർക്കോട്ടുമൂല ജനവാസകേന്ദ്രത്തിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് പിടികൂടി മൃഗപരിപാലന കേന്ദ്രത്തിലേക്കു മാറ്റി. പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിൽ ഓർക്കോട്ടുമൂല പുളിക്കൽ മാർക്കോസിന്റെ വീടിനു സമീപത്തെ വയലിനോടു ചേർന്നുള്ള തോട്ടിലാണ് 5 വയസ്സ് പ്രായമുള്ള ആൺപുലിയെ അവശനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 6.30 ന് മാർക്കോസിന്റെ മരുമകനും വനംവകുപ്പ് താൽക്കാലിക വാച്ചറുമായ ബിജു വളർത്തുനായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അവശനിലയിലുള്ള പുലി തോട്ടിൽ നിന്നു വെള്ളം കുടിക്കുന്നതായി കണ്ടെത്തിയത്. അവശനിലയിൽ പുലിയെ കണ്ടെത്തിയതറിഞ്ഞ് ജനങ്ങൾ കൂട്ടമായി എത്തിയതോടെ പുലി തോട്ടിൽ നിന്ന് ചാടി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും തോട്ടിലേക്കു തന്നെ വീണു.
![wayanad-tiger-attack wayanad-tiger-attack](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2023/12/31/wayanad-tiger-attack.jpg)
ഇതിനിടെ തോട്ടിലുണ്ടായിരുന്ന കൈക്കോട്ടുകളുടെ പിടിയും മരക്കഷണങ്ങളും കടിച്ചു മുറിച്ചു. തോട്ടിൽ നിലയുറപ്പിച്ച പുലി ഇതിനിടെ 2 തവണ കരയ്ക്കു കയറി നടക്കാൻ ശ്രമിച്ചെങ്കിലും 10 മീറ്ററിൽ കൂടുതൽ പോകാൻ കഴിഞ്ഞില്ല. ഇതോടെ പുലി വീണ്ടും തോട്ടിലേക്കിറങ്ങി വെള്ളത്തിൽ കിടന്നു. വിവരമറിഞ്ഞ് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ അബ്ദുൽസമദ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ആർ ഷാജി, ഫോറസ്റ്റ് ഓഫിസർ കെ.യു. മണികണ്ഠൻ ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ബത്തേരിയിൽ നിന്നുള്ള ആർആർടി ടീമും എത്തി തോട്ടിൽ വലവിരിച്ചാണു പുലിയെ പിടികൂടിയത്. പിടികൂടിയ പുലിയെ വാഹനത്തിൽ പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് ചികിത്സ ആരംഭിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷം പുലിയെ കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്കു മാറ്റി പരിചരണത്തിനു ശേഷം തുടർനടപടികൾ തീരുമാനിക്കും. പുലിയുടെ ദേഹത്ത് മുറിപ്പാടുകളോ മറ്റൊന്നും കണ്ടെത്താനായിട്ടില്ല. രോഗമാകാം കാരണമെന്നാണു പ്രാഥമിക നിഗമനം.
പകലും പുലി; ഓർക്കോട്ടുമൂല ആശങ്കയിൽ
പനമരം ∙ അമ്മാനി ഓർക്കോട്ടുമൂല ജനവാസ കേന്ദ്രത്തിൽ 80 കിലോയോളം തൂക്കമുള്ള പുലിയെ അവശനിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ ആശങ്കയിൽ. വന്യമൃഗശല്യം ഏറെയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പനമരം പഞ്ചായത്തിലെ അമ്മാനി, ഓർക്കാട്ടുമൂല പ്രദേശങ്ങൾ. എന്നാൽ പകൽ പുലിയെ കാണുന്നത് ആദ്യമായാണ് 3 മാസം മുൻപ് ഇതിനു സമീപം കടുവയിറങ്ങി വയലിൽ മേയാൻ വിട്ട പോത്തിനെ കൊന്നിരുന്നു. ദിവസങ്ങൾ കഴിയുന്തോറും കടുവയും പുലിയും കാട്ടാനയും എല്ലാമായി പുറത്തിറങ്ങാൻ നടക്കാൻ പറ്റാത്ത അവസ്ഥയാണ് ജനത്തിന്. എത്രയും പെട്ടെന്നു പ്രദേശത്തെ വന്യമൃഗശല്യം കുറയ്ക്കാനുള്ള നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണം എന്നാണു നാട്ടുകാരുടെ ആവശ്യം.