പാടിച്ചിറ കുന്നിലെ കടുവയെ കണ്ടെത്താൻ വ്യാപക തിരച്ചിൽ; പേടി മാറാതെ നാട്
![wayanad-tiger-1 കടുവയെ കണ്ട പാടിച്ചിറക്കുന്നിൽ വനപാലകരുടെ സഹായത്തോടെ നാട്ടുകാർ തിരച്ചിൽ നടത്തുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2024/1/2/wayanad-tiger-1.jpg?w=1120&h=583)
Mail This Article
പുൽപള്ളി ∙ പാടിച്ചിറ കുന്നിലും പരിസരങ്ങളിലും കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നു വനപാലകരും നാട്ടുകാരും ചേർന്നു പ്രദേശത്ത് തിരച്ചിൽ നടത്തി. പാടിച്ചിറ കുന്നിലും പരിസരങ്ങളിലുമുള്ള തോട്ടങ്ങളിലായിരുന്നു കാടിളക്കി പരിശോധന. ഈ പ്രദേശത്ത് കുഞ്ഞുങ്ങളോടൊപ്പം കടുവയെ കണ്ടെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലപരിശോധന നടത്തി കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇവിടെയും പരിസര പ്രദേശങ്ങളിലും ഒട്ടേറെയാളുകളുടെ തോട്ടങ്ങൾ കാടുമൂടി കിടക്കുന്നു.
പുറംനാട്ടുകാർ വാങ്ങിയതും റിയൽ എസ്റ്റേറ്റുകാരുടെയും കൈവശത്തിലുള്ളതുമായ തോട്ടങ്ങളിൽ കാട്ടാന നിന്നാൽ പോലും കാണാനാവാത്ത വിധം കാടുവളർന്നു. കാട്ടുപന്നിയടക്കമുള്ളവ ഇവിടം താവളമാക്കി. കടുവ സാന്നിധ്യത്തെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാത്രിസമയങ്ങളിൽ വീടുകളുടെ പുറത്ത് ലൈറ്റിടണമെന്നും കുട്ടികളെ തനിയെ പുറത്തുവിടരുതെന്നും നിർദ്ദേശമുണ്ട്. വനം, പൊലീസ് വിഭാഗങ്ങൾ രാത്രി പ്രദേശത്ത് പട്രോളിങ് നടത്തുമെന്നും പഞ്ചായത്ത് അറിയിച്ചു.
![wayanad-tiger-2 കടുവ സാന്നിധ്യം സ്ഥിരീകരിച്ച പാടിച്ചിറയിലെത്തിയ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ജനപ്രതിനിധികളിൽ നിന്നു വിവരങ്ങളറിയുന്നു](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2024/1/2/wayanad-tiger-2.jpg)
ഫോറസ്റ്റർ കെ.യു.മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, അംഗങ്ങളായ ലില്ലി തങ്കച്ചൻ, ഷിനു കച്ചിറയിൽ, ഷിജോയി മാപ്ലശേരി, പ്രദേശവാസികളായ തോമസ് പാഴൂക്കാലാ, ജീസ് കടുപ്പിൽ, കിഴക്കെ ഭാഗത്ത് ചാൾസ്, ബേബി വടക്കേക്കര, സജു മാങ്കിലേട്ട്, ജോസ് പാഴൂക്കാലാ, ഷൈജു ആക്കാട്ട്, റോണി അറയ്ക്കൽ, സിജോ പുറക്കാട്ട് ടി.ഒ.ടോണി എന്നിവർ നേതൃത്വം നൽകി.
പാടിച്ചിറകുന്നിൽ ക്യാമറ സ്ഥാപിക്കും
പാടിച്ചിറ ∙ കടുവ സാന്നിധ്യമുള്ള പാടിച്ചിറ കുന്നിലും പരിസരങ്ങളിലും ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താൻ തീരുമാനം. ഇന്നലെ വൈകിട്ട് പാടിച്ചിറയിൽ ചേർന്ന ജനപ്രതിനിധികളുടെയും വനപാലകരുടെയും നാട്ടുകാരുടെയും യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കടുവയെ പലവട്ടം കണ്ടെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്ന സ്ഥലങ്ങളിൽ ആദ്യം ക്യാമറ സ്ഥാപിക്കും. അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും യോഗം നിർദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ചെതലയം റേഞ്ച് ഓഫിസർ കെ.പി.അബ്ദുൽ സമദ് നടപടികൾ വിശദീകരിച്ചു. വനത്തിൽ നിന്നു ഏറെ ദൂരമുള്ള ജനവാസ മേഖലയിൽ 3 ദിവസമായി കടുവയെ കണ്ടെന്നത് ജാഗ്രതയോടെ കാണണമെന്നു സ്ഥലം സന്ദർശിച്ച ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. പ്രശ്നത്തിന്റെ ഗൗരവം ഉന്നത വനപാലകരെ അറിയിച്ചെന്നും ഉടനടി നടപടി വേണമെന്നാവശ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങൾ വിലയിരുത്താനും തീരുമാനമെടുക്കാനും പ്രദേശത്ത് ഔദ്യോഗിക കമ്മിറ്റിയുണ്ടാക്കാനും എംഎൽഎ നിർദേശം നൽകി.