മാൻ കുറുകെ ചാടി; ബൈക്ക് യാത്രികർക്ക് പരുക്ക്

Mail This Article
ബത്തേരി∙ റോഡിനു കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ച് യാത്രക്കാർക്ക് പരുക്ക്. കോട്ടക്കുന്ന് കുറവൻകുടിയിൽ വിപിൻ കെ.വൽസൻ (40), കല്ലുവയൽ വെള്ളച്ചാലിൽ ഖാലിദ് (53) എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ ബത്തേരി– പുൽപള്ളി റൂട്ടിൽ ഒന്നാം മൈലിലായിരുന്നു സംഭവം. കുപ്പാടി ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് യാത്രികർ. ഒന്നാം മൈൽ എത്തുന്നതിന് തൊട്ടുമുൻപ് കൃഷിയിടത്തിൽ നിന്ന് റോഡിലേക്ക് ചാടിയ മാൻ ബൈക്കിലിടിച്ച ശേഷം കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. ബൈക്ക് മറിഞ്ഞ് ഇരുവരും നിലത്തു വീണു. ഇതിനിടെ വിപിന്റെ കൈമുട്ടിനടുത്ത് മാൻകൊമ്പ് കുത്തിക്കയറി എല്ലിന് പൊട്ടലുണ്ടായി. കാലിനും പരുക്കുണ്ട്. ഖാലിദിനും പരുക്കേറ്റു. ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.