വണ്ടിക്കടവിനെ വിടാതെ കർണാടക ഒറ്റയാൻ

Mail This Article
പുൽപള്ളി ∙ മരങ്ങൾ തള്ളിയും മണൽകൂട്ടിയും തൂക്കുവേലി നിർജീവമാക്കി കാടിറങ്ങുന്ന ഒറ്റയാന്റെ ശല്യം കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നു. കഴിഞ്ഞയാഴ്ച വണ്ടിക്കടവ് വഴി വന്യജീവി സങ്കേതത്തിൽ കയറിയ ആന ചെത്തിമറ്റം, കാപ്പിസെറ്റ് ഭാഗങ്ങളിലെ അക്രമം കഴിഞ്ഞ് കർണാടക വനത്തിലേക്കു തിരിച്ചെത്തി. ഇന്നലെ മാടപ്പള്ളിക്കുന്നിൽ തൂക്കുവേലിയുടെ ചുവട്ടിൽ ശീമക്കൊന്നയും മറ്റും കൊണ്ടിട്ട് ലൈൻ എർത്താക്കിയശേഷം നാട്ടിലിറങ്ങി ഒന്നരകിലോമീറ്ററോളം അകലെ പാറക്കടവിനടുത്തെത്തി കൃഷിനാശമുണ്ടാക്കി. പുഴയ്ക്കൽ ശ്രീധരൻനായർ, കളത്തൂപ്പറമ്പിൽ ഗിരീഷ്കുമാർ, പാണ്ട്യാംപറമ്പിൽ സോണിയ, കോലോത്ത് രവീന്ദ്രൻ എന്നിവരുടെ തോട്ടത്തിലാണ് കൂടുതൽ കൃഷിനാശമുണ്ടായത്.
അർധരാത്രിയോടെ ആനയെ വനപാലകർ വനത്തിലേക്കു തുരത്താൻ ശ്രമിച്ചെങ്കിലും, കനത്ത മൂടൽമഞ്ഞുമൂലം ആനയെ കണ്ടെത്താനായില്ല. രാവിലെ 6 മണിയോടെയാണ് റബർമരങ്ങൾ ലൈനിലേക്ക് തള്ളിയിട്ടുതകർത്ത് ആന ബന്ദിപ്പൂർ കടുവാസങ്കേതത്തിലേക്കു കടന്നത്. വൈദ്യുതക്കാലുകൾ വളഞ്ഞൊടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ആന തകർത്ത ലൈൻ ഉടനടി നന്നാക്കി ഫലപ്രദമാക്കണമെന്ന് തൂക്കുവേലി സംരക്ഷണസമിതി ആവശ്യപ്പെട്ടു. നേരത്തേ തകർന്ന കാലുകളും മാറ്റാനുണ്ട്. കൊളവള്ളി മുതൽ ചീയമ്പം വരെ നിർമിച്ച തൂക്കുവേലി ഫലപ്രദമാണെന്നു തെളിഞ്ഞതിനാൽ ഇതിന്റെ സംരക്ഷണവും അറ്റകുറ്റപ്പണികളും കൃത്യമായി നടത്താൻ വനംവകുപ്പ് ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.