ADVERTISEMENT

കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സ്ഥാപകനും ഇന്ത്യയിലെ നിയമ വിദ്യാഭ്യാസ മേഖലയിലെ അതികായനും ആയിരുന്ന ഡോ. എ.ടി. മർക്കോസിന്റെ ജന്മശതാബ്ദി ഇന്ന്. രാജ്യാന്തര പ്രശസ്തനായ നിയമജ്ഞനായി പേരെടുത്തു നിൽക്കെ ഗവേഷണത്തിനും പ്രസംഗ പര്യടനത്തിനുമായി ബ്രിട്ടിഷ് കൗൺസിലിന്റെ ക്ഷണപ്രകാരം ലണ്ടനിലെത്തിയ ഡോ. മർക്കോസ് 58–ാം വയസ്സിൽ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. 

ജനീവയിലെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനിൽ ഡപ്യൂട്ടി ജഡ്ജിയായും ഡോ. മർക്കോസ് പ്രവർത്തിച്ചു. ‘ബ്രിട്ടിഷ് പ്രിവി കൗൺസിലിന്റെ അവസാന നാളുകൾ’ എന്ന വിഷയത്തിൽ ഗവേഷണം നടത്താനാണ് അദ്ദേഹം ബ്രിട്ടനിൽ പോയത്.

1920 ജൂൺ 20നു മുവാറ്റുപുഴയ്ക്കടുത്ത് മാമലശേരി ആനിത്തോട്ടം വീട്ടിൽ മാണി തോമസിന്റെയും ചിന്നമ്മയുടെയും മകനായി ജനിച്ച മർക്കോസ് കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സ്കൂൾ, ആലുവ യുസി കോളജ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. വടകര സെന്റ് ജോൺസ് സ്കൂളിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ സതീർഥ്യനായിരുന്നു. ‘ജൂഡീഷൽ കൺട്രോൾ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ആക്‌ഷൻ ഇൻ ഇന്ത്യ ’ എന്ന മർക്കോസിന്റെ ഗ്രന്ഥം ലോകപ്രശസ്ത നിയമ പുസ്തകമാണ്. പബ്ലിക് ലോ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. ടർജനീവിന്റെ കവിതകൾ പരിഭാഷ ചെയ്തു.

എറണാകുളം, തിരുവനന്തപുരം ലോ കോളജുകളിൽ പ്രഫസർ, എറണാകുളം ലോ കോളജിൽ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ സ്ഥാപക ഡയറക്ടറായിരുന്നു. 

ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര നിയമ കേന്ദ്രം വികസ്വര രാജ്യങ്ങളിലെ നിയമ വിദ്യാഭ്യാസത്തിനായി രൂപീകരിച്ച കമ്മിറ്റിയിലെ അംഗം, യുജിസി ലോ പാനൽ അംഗം, കേരളത്തിൽ നിയമ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള കമ്മിറ്റി അംഗം, കോമൺവെൽത്ത് യൂണിവേഴ്സിറ്റീസ് കമ്മിഷൻ സീനിയർ ഫെലോ, ബെൽഫാസ്റ്റ് ക്വീൻസ് വാഴ്സിറ്റി വിസിറ്റിങ് പ്രഫസർ, ഹാർവഡ് ലോ സ്കൂൾ പോസ്റ്റ് ഡോക്ടറൽ ഫെലോ തുടങ്ങിയ നിലകളിലും ഡോ. മർക്കോസ് പ്രവർത്തിച്ചിട്ടുണ്ട്. 

എൻ.ആർ. മാധവമേനോൻ തുടങ്ങി നിയമ, നീതിന്യായ രംഗത്തെ ഉന്നത സ്ഥാനീയരായ ഒട്ടേറെ പേർ ഉൾപ്പെടുന്ന ശിഷ്യസമ്പത്തിന് ഉടമയായിരുന്നു ഡോ. മർക്കോസ്. 1977 ഒക്ടോബർ 15ന് ആയിരുന്നു അന്ത്യം. കൊച്ചി സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് 2011 മുതൽ എ.ടി. മർക്കോസ് സ്മാരക മൂട്ട്കോ‍ർട്ട് മത്സരം നടത്തുന്നുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com