വിദ്യാർഥികളോട് രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡ; പഠനത്തിനെത്തിയവർക്ക് പ്രശ്നമില്ല
Mail This Article
ഉപരിപഠനത്തിനായി എത്തിയ ഇന്ത്യൻ വിദ്യാർഥികളോടു സ്റ്റഡി പെർമിറ്റ്, വീസ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ വീണ്ടും സമർപ്പിക്കാൻ കാനഡ ആവശ്യപ്പെട്ടതായി വിവരം. ഈ രേഖകൾ എല്ലാം അവർ മുൻപു നൽകിയിട്ടുള്ളതാണ്. 2 വർഷത്തിലേറെ വീസ കാലാവധിയുള്ള വിദ്യാർഥികളും ഈ കൂട്ടത്തിലുണ്ടെന്നാണു വിവരം. വിദേശ വിദ്യാർഥികളുടെ നടപടികൾ കൈകാര്യം ചെയ്യുന്ന ഇമിഗ്രേഷൻ റഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ് കാനഡയാണ് (ഐആർസിസി) രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ചിലരോടു നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ വിദ്യാർഥികളുടെ കുത്തൊഴുക്കു തടയാനായി ഐആർസിസി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണു രേഖകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടതെന്നാണു വിവരം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ നിന്നു 4.2 ലക്ഷം വിദ്യാർഥികൾ കാനഡയിൽ പഠിക്കുന്നുണ്ട്. വിദ്യാർഥികൾ രേഖകൾ വീണ്ടും സമർപ്പിക്കാൻ ഒരുങ്ങുകയാണ്. രേഖകൾ ചോദിച്ച് ഇന്ത്യൻ വിദ്യാർഥികൾക്കു മാത്രമല്ല മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവർക്കും ഇ - മെയിൽ ലഭിക്കുന്നുണ്ട്.
കാനഡയിലെ അനുകൂല സാഹചര്യം പരിഗണിച്ചാണ് വിദ്യാർഥികൾ പഠനത്തിനെത്തിയത്. പഠനത്തിനല്ലാതെ അനധികൃത കുടിയേറ്റത്തിനെത്തിയവരെയാണ് ലക്ഷ്യമിടുന്നതെന്ന് ഐആർസിസി പറയുന്നു. ശരിയായ പഠനത്തിനെത്തിയവർക്ക് പ്രശ്നമൊന്നുമില്ലെന്നും ഉറപ്പു നൽകുന്നു. ഇ - മെയിലിലെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ പ്രശ്നമൊന്നുമുണ്ടാകില്ലെന്നും പറയുന്നു. ആവശ്യപ്പെട്ട രേഖകൾ നൽകിയില്ലെങ്കിൽ നടപടിയുണ്ടാകുമോ എന്നു വിദ്യാർഥികൾ ഭയപ്പെടുന്നു. വീസ റദ്ദാക്കുമോ, ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമോ എന്നും ഭീതിയുണ്ട്.