ADVERTISEMENT

ചില ബോർഡ് പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സിലബസിലേതുൾപ്പെടെ പരീക്ഷകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം. കൂടുതൽ മെച്ചപ്പെട്ട വിജയം നേടാൻ അവസാന നിമിഷത്തെ തയാറെടുപ്പു കൊണ്ടു പോലും കഴിയുമെന്ന് സബ് കലക്ടർ ഒ.വി.ആൽഫ്രഡ് കുട്ടികളുടെ സംശയങ്ങൾക്കു മറുപടിയായി പറഞ്ഞു. പത്ത്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളെഴുതുന്ന വിദ്യാർഥികളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കാൻ മലയാള മനോരമ സംഘടിപ്പിച്ച ‘കൂൾ ഓഫ് ടൈം’ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇനിയുള്ള ദിവസങ്ങൾ പഠിച്ച കാര്യങ്ങൾ ഒന്നുകൂടി ഓർമിക്കാനുള്ളതാണ്. 

പേടിയെ പേടിക്കേണ്ട
പേടി സ്വാഭാവികമാണ്. എത്ര വലിയ പരീക്ഷയായാലും ഏതു പ്രായമായാലും ഈ പേടിയുണ്ടാകും. അതിനെക്കുറിച്ച് ആലോചിക്കേണ്ട. ഇനി അവസാനത്തെ കുറച്ചു ദിവസമേയുള്ളൂ. ഇത്രയും കാലം പഠിച്ചതും ടീച്ചർമാർ പഠിപ്പിച്ചതും റിവൈസ് ചെയ്യുക. മിഡ് ടേം പരീക്ഷയും മോഡൽ പരീക്ഷയുമൊക്കെ എഴുതിയതു കൊണ്ടു തന്നെ പരീക്ഷയ്ക്ക് ആവശ്യത്തിനുള്ള വിവരങ്ങൾ നമുക്ക് കിട്ടിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ അതു റിവൈസ് ചെയ്താൽ മതി. അവസാന ദിവസം അധികം ഉറക്കമിളച്ച് പഠിക്കരുത്. നന്നായി ഉറങ്ങുക, നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിനു വെള്ളം കുടിക്കുക.

പരീക്ഷ അടുക്കുമ്പോൾ വലിയ ടെൻഷൻ
ടെൻഷൻ സ്വാഭാവികമാണ്. പത്താം ക്ലാസിലെ പരീക്ഷ കുട്ടികളുടെ ആദ്യ പൊതുപരീക്ഷയാണ്. അതുകൊണ്ട് എല്ലാവരും പേടിപ്പിക്കാൻ സാധ്യതയുണ്ട്. രക്ഷാകർത്താക്കളും അധ്യാപകരും പരമാവധി ആത്മവിശ്വാസം പകർന്നു നൽകണം. പല കാര്യങ്ങളും പഠിച്ചില്ല എന്നൊരു തോന്നൽ അവസാന ദിവസങ്ങളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പരീക്ഷയ്ക്ക് ആവശ്യത്തിനു മാർക്കു നേടാനുള്ള കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്ന ചിന്ത വളർത്തിയെടുക്കണം.അവസാന ദിവസങ്ങളിലേക്കെത്തിയതിനാൽ പ്രധാനപ്പെട്ട ഭാഗങ്ങൾ മനസ്സിലാക്കി അതിൽ ശ്രദ്ധയൂന്നി പഠിക്കണം.മോഡൽ പരീക്ഷയെഴുതിയപ്പോൾ വ്യക്തതക്കുറവുണ്ടെന്നു തോന്നിയ ഭാഗങ്ങൾ ഒന്നുകൂടി പഠിക്കുക. സയൻസ് വിഷയങ്ങളിൽ ഫോർമുലകളും മറ്റും പരീക്ഷയ്ക്കു തൊട്ടുമുൻപ് ഒറ്റനോട്ടത്തിൽ മനസ്സിലാകുംവിധം കുറിച്ചു വയ്ക്കുക. ഭാഷാ വിഷയങ്ങളിൽ ഉപയോഗിക്കാവുന്ന കവിതകളിലെ വരികളോ വാചകങ്ങളോ ഇങ്ങനെ കുറിച്ചു വയ്ക്കാം. ഷോർട് നോട്ടുകൾ തയാറാക്കാൻ ഇനിയും സമയമുണ്ട്. ആകെ ഒന്നോ രണ്ടോ പേജ് മാത്രമേ ആകാവൂ. പരീക്ഷാ ഹാളിൽ കയറുന്നതിനു തൊട്ടുമുൻപ് ഓടിച്ചു നോക്കാൻ പാകത്തിനായിരിക്കണം. 

ടൈംടേബിളും റിവിഷനും
ഇനിയുള്ള ദിവസങ്ങൾക്കു വേണ്ടി ചെറിയൊരു ടൈംടേബിൾ തയാറാക്കുക. ഓരോ ദിവസവും ഏതെല്ലാം വിഷയം ആവർത്തിച്ചു പഠിക്കണമെന്ന് അതിലുണ്ടാകണം. പരീക്ഷ തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള മൂന്നോ നാലോ ദിവസം ഏതൊക്കെ വിഷയങ്ങളാണ് റിവൈസ് ചെയ്യുന്നത് എന്നു തീരുമാനിക്കുക. ഓരോ വിഷയത്തിനും എത്ര സമയം പഠിക്കണമെന്നും തീരുമാനിക്കണം. പരീക്ഷയുടെ അവസാന 2 ദിവസം ശരിയായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. കുറഞ്ഞത് 8 മണിക്കൂർ ഉറക്കം ഉറപ്പു വരുത്തണം. ഇത്രയും ചെയ്യുമ്പോൾ തന്നെ ആത്മവിശ്വാസം ലഭിക്കും.

ചോദ്യപേപ്പർ ഉപയോഗിച്ചു പഠിക്കാം
മുൻ പരീക്ഷകളുടെ ചോദ്യ പേപ്പർ പഠിക്കുന്നത് കൂടുതൽ സാധ്യതയുള്ള ചോദ്യങ്ങളുമായി പരിചയപ്പെടാൻ സഹായിക്കും. പല ചോദ്യങ്ങളും ആവർത്തിച്ചു വരാം. മാതൃകാ ചോദ്യ പേപ്പർ ഉപയോഗിച്ച് പരീക്ഷ എഴുതി നോക്കുന്നത് സമയം കൃത്യമായി ഉപയോഗിക്കാനും നിശ്ചിത മാർക്കിന്റെ ചോദ്യത്തിന് എത്ര സമയം വിനിയോഗിക്കണം എന്നു മനസ്സിലാക്കാനും സഹായിക്കും.

രാത്രിയാണോ രാവിലെയാണോ കൂടുതൽ പഠിക്കേണ്ടത്?ഓരോരുത്തർക്കും ഓരോ രീതിയിലാണ്. ചിലർക്കു രാത്രി കൂടുതൽ സമയം പഠിച്ചാൽ മനസ്സിൽ നിൽക്കും. മറ്റു ചിലർക്ക് പുലർച്ചെ കൂടുതൽ പഠിക്കാനാകും. അത് ഓരോരുത്തരുടെയും ശൈലിയനുസരിച്ച് ക്രമീകരിച്ചാൽ മതി.

ഗ്രൂപ്പ് സ്റ്റഡി ഗുണം ചെയ്യുമോ?
ഒരേ മനസ്സോടെ പഠിക്കാൻ കഴിയുന്ന ഒരു ഗ്രൂപ്പ് ആണെങ്കിൽ ഫലപ്രദമാണ്. പരസ്പരം പഠിപ്പിക്കാൻ ശ്രമിച്ചും ഒരേ ചോദ്യത്തിന് വ്യത്യസ്തമായി ഉത്തരം കണ്ടെത്താൻ ശ്രമിച്ചുമൊക്കെ കൂടുതൽ നന്നായി പഠിക്കാൻ കഴിയും. ഒറ്റയ്ക്ക് ചോദ്യപേപ്പർ ഉപയോഗിച്ച് പഠിക്കുന്നതിനെക്കാൾ നന്നായി ഗ്രൂപ്പ് ആയി പഠിക്കുമ്പോൾ കഴിഞ്ഞേക്കും.

മാതാപിതാക്കളും അധ്യാപകരും എന്തു ശ്രദ്ധിക്കണം?
കുട്ടികളുടെ പരീക്ഷ സ്വന്തം പരീക്ഷയായി എടുക്കരുത്. അവർക്ക് സമ്മർദം നൽകരുത്. പഠിക്കാൻ സഹായിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്യണം. ഓരോ കുട്ടിക്കും കാര്യങ്ങൾ ഓർമിക്കാൻ വെവ്വേറെ രീതികളുണ്ടാകും. ചിലർക്കു ചിത്രങ്ങൾ കണ്ടാൽ മറക്കില്ല, മറ്റു ചിലർ കഥ കേട്ടാൽ മറക്കില്ല. അതു പോലെയുള്ള രീതികൾ കണ്ടെത്തി പഠനത്തിൽ ഉപയോഗിക്കാൻ ശ്രമിക്കണം.

എന്തു കഴിക്കണം?
ചൂടുകാലമാണ്. നന്നായി വെള്ളം കുടിക്കണം. രോഗങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണം. വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങളും മറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിനു തളർച്ചയുണ്ടായാൽ മനസ്സിനെയും ബാധിക്കുമെന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കണം.

English Summary:

Exam stress is common, but manageable. Last-minute revision, focusing on key concepts, and prioritizing sleep are crucial for success. Thiruvananthapuram District Development Commissioner & Sub Collector (RDO) V.O. Alfred Explains.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com