എൽനിനോ ‘ഇഫക്ട്’: വേനൽ നേരത്തെ, എല്ലാ ജില്ലകളിലും മുൻവർഷത്തേക്കാൾ ചൂട്
Mail This Article
സംസ്ഥാനത്ത് എല്ലായിടത്തും പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുകയാണ്. ഈ വർഷം എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാർച്ച് മുതലാണ് വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തേതുപോലെ ഫെബ്രുവരിയിൽ തന്നെ പകൽ ചൂട് വർധിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ ( 37.7°c) വിമാനത്താവളത്തിലാണ്.
ഫെബ്രുവരി 5 ന് കോഴിക്കോട് സിറ്റിയിൽ ഉയർന്ന താപനിലയിൽ സാധാരണ യിലും 3°c കൂടുതലും കോട്ടയം, ആലപ്പുഴ, കണ്ണൂർ സ്റ്റേഷനുകളിൽ 2°c കൂടുതലും ഉയർന്ന താപനില രേഖപെടുത്തിയിരുന്നു.
മറ്റ് പ്രദേശങ്ങളിലെ ചൂട്
കൊട്ടാരക്കര - 36.8 °c
പുനലൂർ - 36.2
പട്ടാമ്പി - 36.3
കുമരകം - 35.5
കോട്ടയം -35.2
കണ്ണൂർ -35.2
കോഴിക്കോട് -35
വെള്ളാനിക്കര- 35
ആലപ്പുഴ - 34.3
എന്താണ് എൽ നിനോ?
ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഭൂമിയിൽ അനുഭവപ്പെടുന്ന സവിശേഷ കാലാവസ്ഥയാണ് എൽ നിനോ. ഭൂമിയിൽ നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും കാലവും മാറ്റുന്നതാണ് ഈ പ്രതിഭാസം. എൽനിനോ നീണ്ടു നിൽക്കുന്നത് ഏതാനും മാസങ്ങളിലേക്കാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ നിലവിലുള്ള കാലാവസ്ഥാ താപനില വ്യവസ്ഥകളെ തന്നെ മാറ്റിമറിക്കുമെന്നാണ് ഗവേഷകർ ഭയപ്പെടുന്നത്. സമാനമായ എൽ നിനോ പ്രതിഭാസം 2017-18 കാലഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ലോക കാലാവസ്ഥയിലും താപനിലയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് നമ്മൾ നേർസാക്ഷികളാണ്.
സമീപകാലത്തെ തന്നെ ഏറ്റവും കടുത്ത എൽ നിനോ പ്രതിഭാസമുണ്ടായത് 2014-2016 കാലഘട്ടത്തിലായിരുന്നു. ലോക കാലാവസ്ഥാ നിർമിതിയെ തന്നെ തച്ചുതകർത്ത കാലഘട്ടമായിരിന്നു അത്. ആഗോള താപനില തന്നെ 2016 ന് ശേഷവും അതിന് മുൻപും എന്ന രീതിയാലാണ് ശാസ്ത്രലോകം ഇപ്പോൾ വിലയിരുത്തുന്നത്. ആ വർഷത്തേതും ആയി താരതമ്യപ്പെടുത്തുമ്പോൾ 2017-18 കാലഘട്ടത്തിലെ എൽ നിനോ ദുർബലമായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.