അതിതീവ്ര ന്യൂനമർദം കരതൊടുന്നത് ചെന്നൈയിൽ; തമിഴ്നാട്ടിൽ കനത്ത മഴ, തുലാവർഷം തുടങ്ങി
Mail This Article
രാജ്യത്ത് തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം പൂർണമായും വിടവാങ്ങിയതായും അറിയിച്ചിട്ടുണ്ട്.അതേസമയം, അറബിക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി( Depression ) ശക്തി പ്രാപിച്ചു. ഇത് ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്രാപിച്ച് ഒക്ടോബർ 17ന് ചെന്നൈ ക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പുതുച്ചേരി, വടക്കൻ തമിഴ് നാട്, തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെല്ലാം കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്നുകിടക്കുന്ന പാലക്കാടിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴയുണ്ട്. കേരളത്തിൽ കഴിഞ്ഞ ദിവസത്തെ പോലെ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ട്
വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചയ്ക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാവർഷ കലണ്ടർ. പടിഞ്ഞാറൻ കാറ്റിലൂടെയാണ് കാലവർഷം ലഭിക്കുന്നത്. ഇത് ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്നുണ്ട്.
വൻതോതിൽ കാർമേഘം
ശക്തമായ ചൂടിൽ ഉയർന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചു വൻതോതിൽ കാർമേഘങ്ങൾ രൂപം കൊള്ളുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. പ്രദേശത്തെ കനത്ത ഈർപ്പം നീരാവിയാകുന്നതാണു കാരണം. മേഘങ്ങൾ കൂടുതലും ആ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പെയ്യുന്ന സ്ഥിതിയുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർവരെ മഴ പ്രതീക്ഷിക്കുന്നതിനാൽ മലയോരപ്രദേശങ്ങളിൽ അതീവ ജാഗ്രത വേണമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.