അർധരാത്രിയിൽ ജ്വലിച്ചുനിൽക്കുന്ന സൂര്യൻ; അലാസ്കയിലെ അപൂർവ പ്രതിഭാസം, വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ!
![Summer Solstice In Alaska Summer Solstice In Alaska](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2020/6/27/summer-solstice-in-alaska.jpg?w=1120&h=583)
Mail This Article
വൈവിധ്യങ്ങൾ കൊണ്ടും അപൂർവ പ്രതിഭാസങ്ങൾ കൊണ്ടും ഭൂമി പലപ്പോഴും വിസ്മയിപ്പിക്കാറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് വേനൽക്കാലത്ത് 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കുന്ന, ആർട്ടിക് വൃത്തത്തിന് വടക്കുഭാഗത്തായും അന്റാർട്ടിക് വൃത്തത്തിന് തെക്കുഭാഗത്തായും സ്ഥിതിചെയ്യുന്ന ചില രാജ്യങ്ങൾ. അത്തരത്തിൽ പാതിരാ സൂര്യനുദിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അലാസ്ക. അർധരാത്രി സമയങ്ങളിൽ അലാസ്കയിൽ ഉദിച്ചുനിൽക്കുന്ന സൂര്യന്റെ മനോഹരമായ കാഴ്ച കാണാം.
![Summer Solstice In Alaska Summer Solstice In Alaska](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2020/6/27/summer-solstice-in-alaska2.jpg)
ഭൂമിയുടെ ഭ്രമണമനുസരിച്ച് ഉത്തരാർധഗോളം ഏപ്രിൽ മാസത്തിനും സെപ്റ്റംബർ മാസത്തിനും ഇടയ്ക്ക് സൂര്യന്റെ നേരെ ചരിവുള്ള അവസ്ഥയിലായിരിക്കും. ഉത്തരാർധത്തിന് സമീപം സ്ഥിതിചെയ്യുന്നതിനാലാണ് അലാസ്കയിൽ പാതിരാ സൂര്യൻ പ്രതിഭാസം ദൃശ്യമാകുന്നത്. വേനൽക്കാലങ്ങളിൽ അലാസ്കയിൽ പകൽ സമയത്തിന് ദൈർഘ്യമേറെയായിരിക്കും. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇതിൽ തന്നെ ജൂൺ മാസത്തിലാണ് സൂര്യൻ രാത്രി സമയങ്ങളിൽ ഏറ്റവുമധികം പ്രകാശം പരത്തുന്നത്.
![Summer Solstice In Alaska Summer Solstice In Alaska](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2020/6/27/summer-solstice-in-alaska5.jpg)
ഈ വർഷം ജൂൺ 20 നാണ് അലാസ്കയിൽ ഏറ്റവുമധികം സമയം സൂര്യപ്രകാശം ലഭിച്ചത്. 22 മണിക്കൂർ നേരമായിരുന്നു അലാസ്കയിൽ അന്നത്തെ പകലിന്റെ ദൈർഘ്യം. ഈവർഷം ഭൂമിയിൽ ചിലയിടങ്ങളിൽ സൂര്യഗ്രഹണം നടന്ന സമയത്ത് മറ്റു ചില ഭാഗങ്ങളിൽ പാതിരാ സൂര്യൻ ദൃശ്യമായിരുന്നു. ഏറ്റവുമധികം സമയം സൂര്യപ്രകാശം ലഭിക്കുന്ന ദിവസങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ ഒരുക്കുന്നതും അലാസ്കയിൽ പതിവാണ്. മിഡ്നൈറ്റ് സൺ റൺ, മിഡ്നൈറ്റ് സൺ ബെയ്സ് ബോൾ ഗെയിം എന്നിവയാണ് അവയിൽ ചിലത്.
![Summer Solstice In Alaska Summer Solstice In Alaska](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2020/6/27/summer-solstice-in-alaska4.jpg)
സെപ്റ്റംബർ മാസം അവസാനിക്കുന്നതോടെ ഉത്തരാർധഗോളം സൂര്യന്റെ എതിർവശത്തേക്കാകുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാല മാസങ്ങളിൽ കനത്ത ഇരുട്ടുള്ള രാത്രികളാണ് അലാസ്കയിൽ. അലാസ്കയ്ക്ക് പുറമേ ഐസ്‌ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, വടക്കൻ റഷ്യ, ഉത്തര ധ്രുവം, ദക്ഷിണ ധ്രുവം എന്നിവിടങ്ങളിലും പാതിരാസൂര്യൻ ദൃശ്യമാകാറുണ്ട്.
![Summer Solstice In Alaska Summer Solstice In Alaska](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2020/6/27/summer-solstice-in-alaska3.jpg)
English Summary: Summer Solstice In Alaska